Sunday, September 12, 2010

സ്വര്‍ണവര്‍ണമുള്ള പാട്ടുകള്‍

തനി സ്വര്‍ണമായിരുന്നു ലതയുടെ ശബ്‌ദം. തമിഴില്‍ ഒരുകാലത്ത്‌ സ്വര്‍ണലതയുടെ പാട്ടില്ലാതെ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നില്ല. മെലഡികളും അടിപൊളിപ്പാട്ടുകളും ഒരുപോലെ ആ ശബ്‌ദത്തിന്‌ യോജിച്ചു. എംഎസ്‌ വിശ്വനാഥന്‍ മുതല്‍ സുരേഷ്‌ പീറ്റേഴ്‌സ്‌ വരെ ലതയുടെ സ്വരം ഉപയോഗിച്ചിട്ടുണ്ട്‌. 1990കളില്‍ ലത തമിഴ്‌ സിനിമാസംഗീതലോകത്ത്‌ നിറഞ്ഞുനിന്നു.
മലയാളിയാണെങ്കിലും സ്വര്‍ണലത ചുവടുറപ്പിച്ചത്‌ തമിഴിലാണ്‌. എ ആര്‍ റഹ്‌മാന്റെ തുടക്കകാലത്തെ ഹിറ്റുകള്‍ പലതും പിറന്നത്‌ സ്വര്‍ണലതയുടെ ശബ്‌ദത്തിലായിരുന്നു. ഒരുകാലത്ത്‌ തെന്നിന്ത്യന്‍ സംഗീതാസ്വാദകര്‍ പാടി നടന്ന കാതലനിലെ `മുക്കാല മുക്കാബല', ജെന്റില്‍മാനിലെ `ഉസിലാംപെട്ടി പെണ്‍കുട്ടി', ഇന്ത്യനിലെ `മായാ മച്ചീന്ദ്ര' തുടങ്ങിയ റഹ്‌മാന്‍ ഗാനങ്ങള്‍ ലതയുടെ ശബ്‌ദത്തിലാണ്‌ പുറത്തുവന്നത്‌. മിന്‍മിനിക്ക്‌ ശേഷം റഹ്‌മാന്‍ സംഗീതം നല്‍കിയ പാട്ടുകളിലൂടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ലതയാണ്‌.
പാലക്കാട്‌ ചിറ്റൂരില്‍ ജനിച്ച ലതയും കുടുംബവും കര്‍ണാടകയിലെ ഷിമോഗയിലേക്ക്‌ കുടിയേറി. ലത പഠിച്ചതും വളര്‍ന്നതുമെല്ലാം കര്‍ണാടകയിലാണ്‌. മൂന്നാം വയസില്‍ സഹോദരി സരോജയുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിക്കാന്‍ തുടങ്ങി. ലതയെ പിന്നണി ഗായികയാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബം ചെന്നൈയിലേക്ക്‌ വണ്ടി കയറി. പ്രശസ്‌ത സംഗീത സംവിധായകനും നാട്ടുകാരനുമായ എംഎസ്‌ വിശ്വനാഥനാണ്‌ സിനിമാസംഗീത ലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. `നീതിക്കു ദണ്ഡൈനൈ' എന്ന ചിത്രത്തില്‍ `ചിന്നഞ്ചിറു കിളിയേ കണ്ണമ്മ' എന്ന പാട്ട്‌ യേശുദാസിനൊപ്പം പാടിക്കൊണ്ട്‌ അരങ്ങേറി.
ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ക്ക്‌ ശബ്‌ദം നല്‍കിയതോടെ ലത തമിഴിലെ തിരക്കേറിയ ഗായികയായി. ചിന്നത്തമ്പി, ദളപതിയിലെ `രാക്കമ്മ കൈയ്യേത്തട്ട്‌' എന്‍ രാസാവിന്‍ മനസിനിലെ `കുയില്‍പാട്ട സന്തതെന്ന', ചിന്നവറിലെ `കാലൈയില്‍ കേട്ടത്‌' തുടങ്ങിയവ ഇളയരാജ-സ്വര്‍ണലത കൂട്ടുകെട്ടിലെ ഹിറ്റുകളായിരുന്നു.
മാതൃഭാഷയായ മലയാളത്തില്‍ ലതയുടെ സംഭാവന തുച്ഛമാണ്‌. തമിഴിലെ തിരക്കാണ്‌ മലയാളത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തിയതിന്‌ പ്രധാന കാരണം. കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തിലാണ്‌ മലയാളത്തില്‍ ആദ്യമായി പാടിയത്‌. ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തില്‍. തെങ്കാശിപ്പട്ടണത്തിലെ `കടമിഴിയില്‍ കമലദളം', വര്‍ണപ്പകിട്ടിലെ `മാണിക്യക്കല്ലായി മേഞ്ഞുമെനഞ്ഞു', പഞ്ചാബി ഹൗസിലെ `ബല്ലാ ബല്ലാ ബല്ലാ ഹേ', രാവണപ്രഭുവിലെ `പൊട്ടുകുത്തെടീ പുടവചുറ്റടീ', നമ്മളിലെ `കാത്തുകാത്തൊരു മഴയത്ത്‌' തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചത്‌ ലതയാണ്‌. സാദരം, മിന്നാമിനുങ്ങിനും മിന്നുകെട്ട്‌, തച്ചോളി വര്‍ഗീസ്‌ ചേകവര്‍, കാട്ടിലെ തടി തേവരുടെ ആന, പുന്നാരം, ഏഴരക്കൂട്ടം, ഹൈവേ തുടങ്ങിയ ചിത്രങ്ങളിലും ലതയുടെ സ്വരം മലയാളത്തില്‍ കേട്ടു. മോഹം എന്ന ആല്‍ബത്തിലെ `കുടജാദ്രിയില്‍ കുടചൂടുമീ' എന്ന പ്രണയഗാനമാണ്‌ സ്വര്‍ണലതയുടെ മലയാളിക്കുള്ള അവസാന സമ്മാനം.
എസ്‌ ജാനകിക്ക്‌ ശേഷം ഇത്രയധികം സ്വരശുദ്ധിയുള്ള മറ്റൊരു ഗായികയെ ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തിന്‌ ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണ്‌. ദക്ഷിണേന്ത്യക്ക്‌ എന്നുമോര്‍ക്കാനും ഏറ്റുപാടാനും ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ചാണ്‌ അകാലത്തില്‍ ആ നാദം നിലച്ചത്‌.

No comments: