Monday, January 24, 2011

കിരാന ഘരാനയില്‍നിന്ന്‌ ഭാരതരത്‌നയിലേക്ക്‌

കര്‍ണാടകത്തിലെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഭീംസെന്‍ ജോഷിയുടെ ജീവിതവഴി കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. കുട്ടിക്കാലത്തു തന്നെ അമ്മയെ നഷ്ടമായ ജോഷിയെ രണ്ടാനമ്മയാണ്‌ വളര്‍ത്തിയത്‌. ഉസ്‌താദ്‌ അബ്‌ദുള്‍കരീം ഖാന്റെ പാട്ടുകേട്ട്‌ അതുപോലെ പാടണമെന്ന്‌ ആഗ്രഹിച്ച്‌ 11-ാം വയസ്സില്‍ നാടുവിടുമ്പോള്‍ ദൃഢനിശ്‌ചയം മാത്രമായിരുന്നു കൈമുതല്‍. തീവണ്ടിയില്‍ നല്ലവരായ യാത്രക്കാരുടെ സഹായംകൊണ്ടാണ്‌ അദ്ദേഹത്തിനു ധര്‍വാറില്‍ എത്താനായത്‌. എന്നാല്‍, ധര്‍വാറില്‍ ഗുരുവിനെ കണ്ടെത്താനായില്ല. കൊല്‍ക്കത്തയിലും ഗ്വാളിയോറിലും പുണെയിലും ലഖ്‌നൗവിലും രാംപുരിലും ഗുരുവിനെ തേടിയലഞ്ഞു. മൂന്നുവര്‍ഷത്തെ അലച്ചില്‍. ഇതിനിടെ, പിതാവ്‌ ജോഷിയെ കണ്ടുപിടിക്കുകയും നാട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. കര്‍ക്കശക്കാരനായ അധ്യാപകനായിരുന്ന പിതാവിന്റെ ഉപദേശങ്ങളും ഭീഷണിയും മര്‍ദനങ്ങളും അദ്ദേഹത്തിന്റെ സംഗീതാഭിലാഷത്തിന്‌ തെല്ലും പോറലേല്‍പ്പിക്കാന്‍ സാധിച്ചില്ല. വീണ്ടും ഗുരുവിനെ തേടിയിറങ്ങിയ ജോഷി എത്തിപ്പെട്ടത്‌ ധര്‍വാറില്‍ രംബാവു കുന്‍ഡ്‌ഗോല്‍ക്കര്‍ എന്ന സവായ്‌ ഗന്ധര്‍വയുടെ സന്നിധിയില്‍. ഗന്ധര്‍വ ജോഷിയെ ശിഷ്യനായി സ്വീകരിച്ചു. രാഗങ്ങളും താളങ്ങളും സ്വരങ്ങളുമായി കൂട്ടുകൂടി ഏഴുവര്‍ഷം ഗന്ധര്‍വയുടെ മടയില്‍. കിരാന ഘരാനയുടെ പാരമ്പര്യംപേറുന്ന തികഞ്ഞൊരു ഗായകനായാണ്‌ ജോഷി പുറത്തുവരുന്നത്‌. ഗംഗുഭായ്‌ ഹംഗല്‍ ജോഷിയുടെ സഹപാഠിയായിരുന്നു. 1943ല്‍ ബോംബെയില്‍ ആദ്യ കച്ചേരി. ഇന്ത്യക്കകത്തും വിദേശത്തും നിരവധി കച്ചേരികള്‍. പ്രശസ്‌തരായ അകമ്പടി വാദ്യക്കാര്‍.
ഭാവതീവ്രമായ ആലാപനവും സ്വരശുദ്ധിയുമാണ്‌ ജോഷിയുടെ പ്രത്യേകത. ശുദ്ധ കല്യാണിയാണ്‌ പണ്ഡിറ്റിന്റെ പ്രിയരാഗം. പരമ്പരാഗതമായ കിരാന ഘരാനയുടെ ശൈലിയില്‍നിന്നു മാറി വ്യത്യസ്‌തമായ രീതിയിലാണ്‌ ജോഷി ഈ രാഗത്തെ ആസ്വാദകരിലെത്തിച്ചത്‌. അതു നന്നായി സ്വീകരിക്കപ്പെടുകയും ചെയ്‌തു.
ഒറ്റശ്വാസത്തില്‍ താനം പാടുന്ന അപൂര്‍വം ഗായകരില്‍ ഒരാള്‍ കൂടിയായിരുന്നു ജോഷി. മന്ത്രസ്ഥായിയിലും മധ്യസ്ഥായിയിലും താരസ്ഥായിയിലും സ്വരസ്ഥാനങ്ങള്‍ക്ക്‌ പിഴവുപറ്റാതെ ആലപിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
ജീവിതത്തിന്റെ അവസാനഘട്ടങ്ങളില്‍ പോലും സംഗീതത്തിനു വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2008ല്‍ ലഭിച്ച പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിനു കൂടിയുള്ള അംഗീകാരമായിരുന്നു.