Friday, March 27, 2009

എങ്ങനെ കഴിച്ചുകൂട്ടും ഒരു മാസം?

സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി അണികളുടെയും അങ്കലാപ്പിലാണ്‌. എങ്ങനെ കഴിച്ചു കൂട്ടും ആ ഒരു മാസം. ഏപ്രില്‍ 16ന്‌ വോട്ടെടുപ്പ്‌ കഴിഞ്ഞ്‌ ഫലമറിയാന്‍ ഒരു മാസമെടുക്കും. മെയ്‌ 16നാണ്‌ വോട്ടെണ്ണുക. അതുവരെ കണക്കുകൂട്ടലുകളും കിഴിക്കലുകളും നടത്താം. പക്ഷെ ഒരു മാസം കൂട്ടാനും കിഴിക്കാനും മാത്രം കണക്കുകളുണ്ടാകുമോ? ഇതിനിടെ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഹൃദയസ്‌തംഭനം തന്നെ സംഭവിച്ചേക്കുമെന്നാണ്‌ വിദഗ്‌ധ പ്രവചനം. വോട്ടെടുപ്പ്‌ കഴിഞ്ഞാലുടന്‍ ഒരു ഹൃദ്രോഗ വിദഗ്‌ധനെ സന്ദര്‍ശിച്ച്‌ ഉപദേശം നേടുന്നത്‌ നന്നായിരിക്കും. ഏതായാലും ചാനലുകള്‍ക്ക്‌ കൊയ്‌ത്തുതന്നെയായിരിക്കും. പടക്കളം, പോര്‍ക്കളം, കൊടിപ്പട, ജനസഭ തുടങ്ങിയ പേരുകളില്‍ ഇപ്പോള്‍ പാര്‍ട്ടിക്കാരെ ക്യാമറക്ക്‌ മുന്നില്‍ തമ്മില്‍ തല്ലിക്കുന്ന ചാനലുകള്‍ വോട്ടെടുപ്പ്‌ കഴിഞ്ഞാല്‍ സ്റ്റുഡിയോ മുറികളില്‍ സ്ഥാനാര്‍ത്ഥികളെയായിരിക്കും തമ്മില്‍ തല്ലിക്കുന്നത്‌. പടക്കളം, പോര്‍ക്കളം.. ഇത്യാദി പരിപാടികള്‍ പല സ്ഥലത്തും അക്രമത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സ്‌നേഹമുള്ളതിനാല്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ചില ഉപദേശങ്ങള്‍.
1- ആണുങ്ങളാണെങ്കില്‍ നല്ല കട്ടിയുള്ള തുണിയുടെ ഷര്‍ട്ട്‌ ധരിക്കുക. എളുപ്പം കീറിപ്പോകില്ലെന്ന്‌ ഉറപ്പാക്കാന്‍ ഇത്‌ സഹായിക്കും. പാന്റ്‌സിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അല്ലെങ്കില്‍ ജഗതി ശ്രീകുമാറിനെപ്പോലെ ചില സിനിമകളില്‍ കാണുന്നപോലെ കീറിയ ഷര്‍ട്ടും പാന്റ്‌സുമായി സ്റ്റുഡിയോയിലേക്ക്‌ മടങ്ങേണ്ടി വന്നേക്കാം. പെണ്‍കുട്ടിയാണെങ്കില്‍ ചുരിദാറോ ജീന്‍സും ടീഷര്‍ട്ടോ ഇടാം. പക്ഷെ ഷാള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. കളി കയ്യാങ്കളിയാകുമ്പോള്‍ കഴുത്തില്‍ മുറുക്കാന്‍ സാധ്യതയുണ്ട്‌. 2- പരിപാടി കൊഴുപ്പിക്കാന്‍ കാണികളോടും സ്ഥാനാര്‍ത്ഥികളോടും പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുക. അണികള്‍ മുണ്ടു പൊക്കി കാണിക്കുക, മുണ്ടുരിയുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നടത്തിയാല്‍ അത്‌ സൂം ചെയ്‌ത്‌ കാണിക്കാന്‍ ക്യാമറാമാനെ ഏര്‍പ്പാട്‌ ചെയ്യുക. അതേക്കുറിച്ച്‌ ന്യൂസ്‌ അവറില്‍ ചര്‍ച്ചയും സംഘടിപ്പിക്കണം. 3- ഒരു ചോദ്യമോ ഒരു ഉത്തരമോ പൂര്‍ത്തിയാക്കാന്‍ അനുവദിക്കരുത്‌. പകുതിയില്‍ നിര്‍ത്തിക്കുക. അപ്പോള്‍ മാത്രമേ ആങ്കറുടെ വില ജനങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും മനസ്സിലാകൂ. 4- തൂവാല, കൂളിംഗ്‌ ഗ്ലാസ്‌ തുടങ്ങിയവ പാന്റ്‌സിന്റെ പോക്കറ്റില്‍ കരുതുന്നത്‌ നന്നായിരിക്കും. അടിയുണ്ടാവുകയാണെങ്കില്‍ ഓടുന്ന ഓട്ടത്തിനിടയ്‌ക്ക്‌ തൂവാല തലയില്‍ കെട്ടുകയും ഗ്ലാസ്‌ എടുത്ത്‌ മുഖത്ത്‌ വെക്കുകയും ചെയ്യുക. ആളറിയാതിരിക്കാന്‍ സഹായിക്കും. ഓടിക്കയറുന്നത്‌ ഒരു കൂള്‍ ബാറിലോ ഹോട്ടലിലോ ആയിരിക്കണം. കാരണം ഓടിയതിനാല്‍ ദാഹമുണ്ടാകും. വെള്ളം കുടിക്കാന്‍ ഇവിടെ കയറുന്നതാണ്‌ ഉത്തമം. എല്ലാം അടങ്ങിക്കഴിഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ എടുത്ത്‌ ക്യാമറാമാനെ വിളിക്കുക. ജീവനുണ്ടെങ്കില്‍ അയാള്‍ ഫോണെടുക്കും. ഫോണെടുത്തിട്ടില്ലെങ്കില്‍ എന്തോ അപകടം പറ്റിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കുക. അങ്ങനെയങ്കില്‍ സ്റ്റുഡിയോയിലേക്ക്‌ വിളിച്ചു പറഞ്ഞ്‌ ക്യാമറാമാന്‍ മരിച്ചതായി ഫ്‌ളാഷ്‌ ഇടാന്‍ പറയുക. മരിച്ചില്ലെങ്കില്‍ അയാള്‍ ഫ്‌ളാഷ്‌ കണ്ട്‌ വിളിക്കും. അപ്പോള്‍ ഫ്‌ളാഷ്‌ നിര്‍ത്താന്‍ നിര്‍ദേശിക്കുക. എല്ലാം അടങ്ങിക്കഴിഞ്ഞാല്‍ നേരെ അടുത്തുള്ള ബാറിലേക്ക്‌ നീങ്ങുക. ആദ്യം ഒരു കുപ്പി ബിയര്‍ പറയുക. രണ്ട്‌ ഗ്ലാസ്‌ ബിയര്‍ കഴിഞ്ഞാല്‍ ഒരു ഒന്നര ഒ സി ആര്‍ പറയുക. അത്‌ ബാക്കിയുള്ള ബിയറില്‍ ഒഴിച്ച്‌ കഴിക്കുക. ക്ഷീണവും ദാഹവും വിശപ്പും നിശ്ശേഷം മാറും. നേരെ സ്റ്റുഡിയോയിലേക്ക്‌ പോവുക.