Friday, October 1, 2010

എന്റെ അജ്ഞാത അപ്പച്ചന്‌ നിത്യശാന്തി ലഭിക്കുമാറാകട്ടെ


എനിക്കാരായിരുന്നു കോട്ടയം മാനംമൂട്ടില്‍ ചാക്കോ എന്ന അപ്പച്ചന്‍? ആരുമായിരുന്നില്ല, പക്ഷെ എന്തൊക്കെയോ ആയിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍, ഞാനുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത ഒരാള്‍, പക്ഷേ ഞാന്‍ ആ ശബ്‌ദം കേട്ടിട്ടുണ്ട്‌, എന്റെ സുഹൃത്തിന്റെ മൊബൈല്‍ ഫോണിലൂടെ. 80 വയസുകാരന്‍ മരണക്കിടക്കയിലിരുന്ന്‌ ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ശബ്‌ദം, അവളായിരുന്നു അവസാനകാലത്ത്‌ അപ്പച്ചനെ ശുശ്രൂഷിച്ചത്‌.
ഞാന്‍ അവളെ വിളിക്കുമ്പോള്‍ അടുത്ത കട്ടിലില്‍ നിന്ന്‌ അപ്പച്ചന്‍ പലതും പറയുന്നത്‌ കേള്‍ക്കാം. അങ്ങനെയാണ്‌ നാല്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ അപ്പച്ചന്‍ എന്റെ അജ്ഞാത സുഹൃദ്‌ബന്ധത്തില്‍ ഇടംപിടിച്ചത്‌. അവള്‍ എന്നോട്‌ എന്തെങ്കിലും സംശയമോ മറ്റോ എന്നോട്‌ ചോദിക്കുമ്പോള്‍ അപ്പച്ചന്റെ കിടക്കക്കരികിലാണെങ്കില്‍ ഉടന്‍ വരും നേര്‍ത്ത സ്വരമായി അപ്പച്ചന്റെ കമന്റ്‌ എന്റെ ചെവിയില്‍. മുന്‍ തഹസില്‍ദാറായിരുന്നത്രേ അപ്പച്ചന്‍.
പതുക്കെ പതുക്കെ അവളെ വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിക്കുക അപ്പച്ചന്റെ അവസ്ഥയെങ്ങനെ എന്നാണ്‌. ഒരുമാസം മുമ്പ്‌ അപ്പച്ചന്‍ തീര്‍ത്തും അവശനായി. വെള്ളം മാത്രമേ കുടിക്കുന്നുള്ളൂവെന്നും കഫത്തിന്റെ ഉപദ്രവം ഉണ്ടെന്നും അവള്‍ വേദനയോടെ പറഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കി, കാര്യങ്ങള്‍ ഏതാണ്ട്‌ അവസാനിക്കാറായെന്ന്‌. എങ്കിലും മൂളിയും ഞരങ്ങിയും അപ്പച്ചന്‍ പിന്നെയും ജീവിച്ചും ഒരുമാസം.
എനിക്ക്‌ അപ്പച്ചനെ ഒരിക്കലെങ്കിലും കാണണം എന്ന ആശ പെരുത്തു. ആരാണെന്നാണ്‌ പറയുക? മനസിലുയര്‍ന്ന ചോദ്യം എന്നെ അതില്‍ നിന്ന്‌ പിന്തിരിപ്പിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ച്‌ മണിക്ക്‌ അവള്‍ വിളിച്ചു, `അപ്പച്ചന്‍ മരിച്ചു'. എന്തോ ഹൃദയത്തിലൊരു കൊളുത്തിപ്പിടുത്തം, ഒരു വിങ്ങല്‍? രാവിലെ എട്ട്‌ മണിവരെയെങ്കിലും കിടന്നുറങ്ങുന്ന എനിക്ക്‌ പിന്നെ ഉറക്കം വന്നില്ല. എന്നെ അറിയാത്ത, ഞാന്‍ ഇനി ഒരിക്കലും കാണാത്ത ആ അപ്പച്ചന്റെ ആത്മാവിന്‌ നിത്യശാന്തി ലഭിക്കുമാറാകട്ടെ.

വാല്‍ക്കഷ്‌ണം: ഇതുവരെ കാണാത്ത, അറിയാന്‍ ഇടയില്ലാത്ത ഒരാളുമായി സൗഹൃദബന്ധം സ്ഥാപിക്കുക, അവന്‍/അവളുമായി എല്ലാ കാര്യങ്ങളും പങ്കുവെക്കുക. എന്റെ ദിവാസ്വപ്‌നങ്ങളില്‍ എന്നുമതുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു, അത്‌ വേണ്ട, അവസാനം മനസില്‍ ഒരു വിങ്ങല്‍ മാത്രമായിരിക്കും ആ അജ്ഞാത സുഹൃത്ത്‌ അവശേഷിപ്പിക്കുക.

Sunday, September 12, 2010

സ്വര്‍ണവര്‍ണമുള്ള പാട്ടുകള്‍

തനി സ്വര്‍ണമായിരുന്നു ലതയുടെ ശബ്‌ദം. തമിഴില്‍ ഒരുകാലത്ത്‌ സ്വര്‍ണലതയുടെ പാട്ടില്ലാതെ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നില്ല. മെലഡികളും അടിപൊളിപ്പാട്ടുകളും ഒരുപോലെ ആ ശബ്‌ദത്തിന്‌ യോജിച്ചു. എംഎസ്‌ വിശ്വനാഥന്‍ മുതല്‍ സുരേഷ്‌ പീറ്റേഴ്‌സ്‌ വരെ ലതയുടെ സ്വരം ഉപയോഗിച്ചിട്ടുണ്ട്‌. 1990കളില്‍ ലത തമിഴ്‌ സിനിമാസംഗീതലോകത്ത്‌ നിറഞ്ഞുനിന്നു.
മലയാളിയാണെങ്കിലും സ്വര്‍ണലത ചുവടുറപ്പിച്ചത്‌ തമിഴിലാണ്‌. എ ആര്‍ റഹ്‌മാന്റെ തുടക്കകാലത്തെ ഹിറ്റുകള്‍ പലതും പിറന്നത്‌ സ്വര്‍ണലതയുടെ ശബ്‌ദത്തിലായിരുന്നു. ഒരുകാലത്ത്‌ തെന്നിന്ത്യന്‍ സംഗീതാസ്വാദകര്‍ പാടി നടന്ന കാതലനിലെ `മുക്കാല മുക്കാബല', ജെന്റില്‍മാനിലെ `ഉസിലാംപെട്ടി പെണ്‍കുട്ടി', ഇന്ത്യനിലെ `മായാ മച്ചീന്ദ്ര' തുടങ്ങിയ റഹ്‌മാന്‍ ഗാനങ്ങള്‍ ലതയുടെ ശബ്‌ദത്തിലാണ്‌ പുറത്തുവന്നത്‌. മിന്‍മിനിക്ക്‌ ശേഷം റഹ്‌മാന്‍ സംഗീതം നല്‍കിയ പാട്ടുകളിലൂടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ലതയാണ്‌.
പാലക്കാട്‌ ചിറ്റൂരില്‍ ജനിച്ച ലതയും കുടുംബവും കര്‍ണാടകയിലെ ഷിമോഗയിലേക്ക്‌ കുടിയേറി. ലത പഠിച്ചതും വളര്‍ന്നതുമെല്ലാം കര്‍ണാടകയിലാണ്‌. മൂന്നാം വയസില്‍ സഹോദരി സരോജയുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിക്കാന്‍ തുടങ്ങി. ലതയെ പിന്നണി ഗായികയാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബം ചെന്നൈയിലേക്ക്‌ വണ്ടി കയറി. പ്രശസ്‌ത സംഗീത സംവിധായകനും നാട്ടുകാരനുമായ എംഎസ്‌ വിശ്വനാഥനാണ്‌ സിനിമാസംഗീത ലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. `നീതിക്കു ദണ്ഡൈനൈ' എന്ന ചിത്രത്തില്‍ `ചിന്നഞ്ചിറു കിളിയേ കണ്ണമ്മ' എന്ന പാട്ട്‌ യേശുദാസിനൊപ്പം പാടിക്കൊണ്ട്‌ അരങ്ങേറി.
ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ക്ക്‌ ശബ്‌ദം നല്‍കിയതോടെ ലത തമിഴിലെ തിരക്കേറിയ ഗായികയായി. ചിന്നത്തമ്പി, ദളപതിയിലെ `രാക്കമ്മ കൈയ്യേത്തട്ട്‌' എന്‍ രാസാവിന്‍ മനസിനിലെ `കുയില്‍പാട്ട സന്തതെന്ന', ചിന്നവറിലെ `കാലൈയില്‍ കേട്ടത്‌' തുടങ്ങിയവ ഇളയരാജ-സ്വര്‍ണലത കൂട്ടുകെട്ടിലെ ഹിറ്റുകളായിരുന്നു.
മാതൃഭാഷയായ മലയാളത്തില്‍ ലതയുടെ സംഭാവന തുച്ഛമാണ്‌. തമിഴിലെ തിരക്കാണ്‌ മലയാളത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തിയതിന്‌ പ്രധാന കാരണം. കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തിലാണ്‌ മലയാളത്തില്‍ ആദ്യമായി പാടിയത്‌. ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തില്‍. തെങ്കാശിപ്പട്ടണത്തിലെ `കടമിഴിയില്‍ കമലദളം', വര്‍ണപ്പകിട്ടിലെ `മാണിക്യക്കല്ലായി മേഞ്ഞുമെനഞ്ഞു', പഞ്ചാബി ഹൗസിലെ `ബല്ലാ ബല്ലാ ബല്ലാ ഹേ', രാവണപ്രഭുവിലെ `പൊട്ടുകുത്തെടീ പുടവചുറ്റടീ', നമ്മളിലെ `കാത്തുകാത്തൊരു മഴയത്ത്‌' തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചത്‌ ലതയാണ്‌. സാദരം, മിന്നാമിനുങ്ങിനും മിന്നുകെട്ട്‌, തച്ചോളി വര്‍ഗീസ്‌ ചേകവര്‍, കാട്ടിലെ തടി തേവരുടെ ആന, പുന്നാരം, ഏഴരക്കൂട്ടം, ഹൈവേ തുടങ്ങിയ ചിത്രങ്ങളിലും ലതയുടെ സ്വരം മലയാളത്തില്‍ കേട്ടു. മോഹം എന്ന ആല്‍ബത്തിലെ `കുടജാദ്രിയില്‍ കുടചൂടുമീ' എന്ന പ്രണയഗാനമാണ്‌ സ്വര്‍ണലതയുടെ മലയാളിക്കുള്ള അവസാന സമ്മാനം.
എസ്‌ ജാനകിക്ക്‌ ശേഷം ഇത്രയധികം സ്വരശുദ്ധിയുള്ള മറ്റൊരു ഗായികയെ ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തിന്‌ ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണ്‌. ദക്ഷിണേന്ത്യക്ക്‌ എന്നുമോര്‍ക്കാനും ഏറ്റുപാടാനും ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ചാണ്‌ അകാലത്തില്‍ ആ നാദം നിലച്ചത്‌.

Thursday, August 19, 2010

ഈ ഭ്രാന്തന്‍മാരെ ചങ്ങലയ്‌ക്കിടണം


കാസര്‍ക്കോട്ടെ വിദ്യാനഗര്‍ സ്വദേശിയായ 22കാരി റയാന ആര്‍ ഖാസി മലയാളി മനസ്സാക്ഷിക്കു മുമ്പില്‍ ഉയര്‍ത്തുന്നത്‌ വലിയൊരു ചോദ്യമാണ്‌. ഒരാള്‍ക്ക്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ പോലും ഇവിടെ സ്വാതന്ത്ര്യം ഇല്ലേ? പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ റയാനയ്‌ക്കെതിരെ ചില മതസംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നു. മതമൗലികവാദികളുടെ കടുത്ത എതിര്‍പ്പിനെ നിയമത്തിന്റെ ബലത്തില്‍ മറികടന്ന്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ അവകാശം നേടിയെടുത്ത റയാന ഇപ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്‌.
പാഠപുസ്‌തക വിവാദവുമായി ബന്ധപ്പെട്ട്‌ അധ്യാപകന്റെ കൈവെട്ടി, ഇപ്പോള്‍ പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നു. ഇത്‌ കേരളം തന്നെയാണോ? നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം മതനിരപേക്ഷയുടെയും സ്വാതന്ത്രത്തിന്റെയും പറുദീസയെന്ന്‌ മേനിനടിക്കുന്ന മലയാളക്കരയില്‍ തന്നെയാണോ ഇതൊക്കെ നടക്കുന്നത്‌.
കുറച്ചുകാലം മുമ്പ്‌ ഫ്രാന്‍സ്‌ പര്‍ദ നിരോധിച്ചപ്പോള്‍ കേരളത്തിലെ ചില മതഭ്രാന്തന്‍മാര്‍ക്ക്‌ ഹാലിളകിയിരുന്നു. അന്ന്‌ അവര്‍ പറഞ്ഞിരുന്ന ന്യായം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനുള്ള അവകാശത്തെയാണ്‌ ഫ്രഞ്ച്‌ സര്‍ക്കാര്‍ ഹനിക്കുന്നതെന്നാണ്‌. ഇപ്പോള്‍ അതേ സ്വാതന്ത്ര്യം റയാനയ്‌ക്ക്‌ നിഷേധിക്കുന്നതും ഇതേ സംഘടനകള്‍ തന്നെയാണ്‌. എന്തൊരു വിരോധാഭാസമാണിത്‌. ആഗസ്‌ത്‌ 26ന്‌ വധിക്കുമെന്നാണ്‌ റയാനയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌. കത്തിലൂടെയും ഫോണിലൂടെയും ഭീഷണിയുണ്ട്‌. ഹൈക്കോടതിയില്‍ നല്‍കിയ പരാതി പ്രകാരം റയാനയ്‌ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കിയിരിക്കുകയാണ്‌. എന്ത്‌ വന്നാലും വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക്‌ കീഴടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ്‌ റയാന. സഹോദരീ, നിന്നോടൊപ്പം മതേതര വാദികളായ മുഴുവന്‍ മലയാളികളുമുണ്ട്‌. ധൈര്യമായി മുന്നോട്ടുപോവുക. കേരളത്തില്‍ താലിബാനിസം നടപ്പാക്കാന്‍ പരിശ്രമിക്കുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ വേണ്ടി എല്ലാ മലയാളികളും ഒരുമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ഭ്രാന്തന്‍മാരെ പൂട്ടാനുളള ചങ്ങലയുണ്ടാക്കാന്‍ കേരളത്തിലെ മുഴുവന്‍ സമൂഹവും ഒന്നിക്കണം, ജാതിമത ഭേദമന്യേ.

ഒരു ചിന്ന അനുഭവം: ഒരു മുസ്‌ലിം സംഘടന നടത്തുന്ന സ്ഥാപനത്തില്‍ കുറച്ചുകാലം ജോലി ചെയ്യാന്‍ ഈയുള്ളവന്‌ അവസരം ലഭിച്ചിരുന്നു. സ്ഥാപനത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട്‌ കുടുംബമേള സംഘടിപ്പിച്ചു. കുടുംബങ്ങള്‍ തമ്മില്‍ അടുത്തറിയാനും പരസ്‌പരം മനസിലാക്കാനുമാണ്‌ മേള നടത്തിയത്‌. എന്നാല്‍ മേളയ്‌ക്കെത്തിയ സ്‌ത്രീകളെ ഒരു മുറിയില്‍ പ്രത്യേകം ഇരുത്തി. ആണുങ്ങള്‍ക്ക്‌ അവിടെ പ്രവേശനമുണ്ടായിരുന്നില്ല. ഭക്ഷണവും വെവ്വേറെ. പിന്നെങ്ങനെ, പരിചയപ്പെടും. തികച്ചും പരിഹാസ്യമായാണ്‌ ആ സംഭവം എനിക്ക്‌ അനുഭവപ്പെട്ടത്‌. അതിന്‌ ശേഷം ഒരു കുടുംബമേളയ്‌ക്ക്‌ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. സ്‌ത്രീകള്‍ ഇങ്ങനെ പൊതിഞ്ഞുസൂക്ഷിക്കപ്പെടേണ്ട സാധനമാണോ?

ഫോട്ടോ കടപ്പാട്‌: കാസര്‍ക്കോട്‌ ഡോട്ട്‌കോം

Tuesday, August 17, 2010

ഒരു വീണപൂവിന്റെ കഥ


ശംഖുമുഖം കടലിലേക്ക്‌ സൂര്യന്‍ താഴ്‌ന്നിറങ്ങുന്ന സായാഹ്‌നത്തില്‍ വീണപൂവ്‌ അവളുടെ കഥ പറഞ്ഞു. ആ കഥ കേട്ടു ഞാന്‍ കരഞ്ഞു. അവളും. സമൂഹത്തിന്‌ മുന്നില്‍ അപഹാസ്യയായ പാഞ്ചാലിയാണവള്‍. ദ്രൗപതിക്ക്‌ കൗരവസഭയില്‍ മാത്രമാണ്‌ മാനം നഷ്‌ടമായതെങ്കില്‍ അവള്‍ക്ക്‌ വീഡിയോ സൗകര്യമുളള മൊബൈല്‍ കൈവശമുള്ളവരുടെയെല്ലാം മുമ്പില്‍ മാനം അടിയറവെക്കേണ്ടി വന്നു. സ്വന്തം കാമുകനെ വിശ്വസിച്ചുപോയതാണ്‌ അവള്‍ ചെയ്‌ത തെറ്റ്‌. കാമുകനെ വിശ്വസിച്ച്‌ കല്യാണത്തിന്‌ മുമ്പ്‌ അവള്‍ അവന്‌ വഴങ്ങി. അവന്‍ അവളുടെ വിലക്കുകള്‍ വകവെയ്‌ക്കാതെ നഗ്നത ക്യാമറയില്‍ പകര്‍ത്തി. സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്തു. കൈകള്‍ കൈമാറി കൈമാറി മലയാളികളുള്ളിടത്തെല്ലാം അതെത്തി. `എത്രതവണ ആത്മഹത്യക്ക്‌ ശ്രമിച്ചതാണ്‌ ഞാന്‍. കഴിയുന്നില്ല. ജീവിതം ഇങ്ങനെ എരിഞ്ഞുതീരാനായിരിക്കും വിധി'' അവളുടെ സ്വരം കാതില്‍ അലച്ചപ്പോള്‍ പുച്ഛം തോന്നുകയാണ്‌ പുരുഷ വര്‍ഗത്തോട്‌. ഇന്ന്‌ വീട്ടുകാര്‍ക്ക്‌ അവളെ വേണ്ട. കാമുകന്‍ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ എവിടെയോ ഉണ്ട്‌ എന്നാണ്‌ അവള്‍ പറയുന്നത്‌. ``നിനക്ക്‌ പോലീസില്‍ പരാതി കൊടുത്തുകൂടെ'' എന്റെ ചോദ്യത്തിന്‌ നിസംഗമായായിരുന്നു മറുപടി. `എന്തിന്‌? എനിക്ക്‌ എന്റെ ജീവതം നഷ്‌ടമായി, സ്വപ്‌നങ്ങളും. ഇനി അവന്‍ ശിക്ഷിക്കപ്പെട്ടാല്‍ എന്റെ ജീവിതം തിരിച്ചുകിട്ടുമോ? ലോകത്തെ ലക്ഷക്കണക്കിന്‌ മൊബൈല്‍ ഫോണുകളില്‍ നിന്ന്‌ എന്റെ ചിത്രങ്ങള്‍ മാഞ്ഞുപോകുമോ?'' എനിക്ക്‌ ഉത്തരമില്ലായിരുന്നു. കഴുകന്‍മാരുടെ കണ്ണുകള്‍ കൊണ്ടുള്ള കൊത്തിപ്പറിക്കലില്‍ നിന്ന്‌ രക്ഷനേടാന്‍ നാട്ടില്‍ നിന്ന്‌ വളരെ ദൂരെയൊരിടത്താണ്‌ അവള്‍ ജോലി നോക്കുന്നത്‌. പുറത്തുപോകുമ്പോള്‍ ബസിലും ട്രെയിനിലും വച്ച്‌ ചിലര്‍ സംശത്തോടെ നോക്കും. എന്നിട്ട്‌ അടുത്തുള്ളവന്റെ ചെവിയില്‍ പറയും, `ആ വീഡിയോയില്‍ കണ്ട കുട്ടിയാണിത്‌. പിന്നെ ചിലര്‍ അവജ്‌ഞയോടെ നോക്കും. മറ്റ്‌ ചിലര്‍ വിടലച്ചിരിയോടെ സമീപിക്കും. `എനിക്ക്‌ മടുത്തൂ ഏട്ടാ'. ഈ കരിമുത്തിന്‌ നിന്നെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ മോളേ.....ആര്‍ക്ക്‌ കഴിയും അതിന്‌? ആര്‍ക്കും കഴിയില്ല. കാമുകന്‍മാരെയും ആണ്‍സുഹൃത്തുക്കളെയും അമിതമായി വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീതാണ്‌ ഈ പെണ്‍കുട്ടി, ചവിട്ടിമെതിക്കപ്പെട്ട ജീവിതം സ്വപ്‌നങ്ങളും പ്രതീക്ഷകളുമില്ലാതെ ജീവിച്ചു തീര്‍ക്കുന്ന എന്റെ വീണപൂവ്‌.

Tuesday, July 13, 2010

അവള്‍ വരും ആ അഗ്നിപുത്രി


വഴിതെറ്റിയെത്തിയ ഒരു ഫോണ്‍ കോളിലായിരുന്നു തുടക്കം. വീട്‌ എന്റെ നാടിനടുത്ത്‌, ജോലി എറണാകുളത്ത്‌. പരസ്‌പരം പരിചയപ്പെട്ടു. അതോടെ അവസാനിച്ചുവെന്ന്‌ കരുതിയതാണ്‌. ഒരുദിവസം വൈകുന്നേരം ഒരു മിസ്‌കോള്‍. തിരിച്ചുവിളിച്ചപ്പോള്‍ ഒരു കാര്യം പറയാനുണ്ടെന്ന്‌ പറഞ്ഞു.അങ്ങനെയാണ്‌ ആ അഗ്നിപുത്രിയെ അടുത്തറിയുന്നത്‌.
ഒരായുസില്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ 24 വയസിനിടെ അനുഭവിച്ചവള്‍. ഒരുപക്ഷേ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ ജീവിതം റെയില്‍പാളത്തിലോ ഒരു സാരിത്തുമ്പിലോ ഒതുക്കിയേനെ. ``ഞാന്‍ ജീവിക്കും. എനിക്ക്‌ ചിലത്‌ കാണിച്ചുകൊടുക്കാനുണ്ട്‌. ചതിച്ചവരോടും നിഷ്‌കരുണം പടിയടച്ച്‌ പിണ്ഡം വെച്ചവരോടും കണ്ണീരില്‍ മുങ്ങിയ എന്റെ ജീവിതം കൊണ്ട്‌ ഞാന്‍ പകരം ചോദിക്കും.'' പറയുന്നത്‌ ഫോണിലൂടെയാണെങ്കിലും ആ മുഖത്തെ നിശ്‌ചയദാര്‍ഢ്യവും കണ്ണുകളിലെ തിളക്കവും എന്റെ മനോമുകരത്തില്‍ അവ്യക്തതയോടെ തെളിയുന്നുണ്ടായിരുന്നു.
അങ്ങനെ ഒരിക്കലും കാണാത്ത അവളെ ഞാന്‍ ആരാധിച്ചു, ആ ശബ്‌ദം കേള്‍ക്കാന്‍ വേണ്ടി ദിവസവും കാത്തിരുന്നു. ഓരോ ദിവസവും മണിക്കൂറുകള്‍ നീണ്ട സംഭാഷണങ്ങള്‍. ഇടയ്‌ക്കിടെ പൊട്ടിക്കരച്ചിലുകള്‍. ചതിച്ചവരെക്കുറിച്ച്‌ അരിശത്തോടെയുള്ള തെറി. ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ചതാണ്‌ അവള്‍ ചെയ്‌ത തെറ്റ്‌. വീട്ടുകാരെ മുഴുവന്‍ വെറുപ്പിച്ചുകൊണ്ടുള്ള ഒരു ഒളിച്ചോട്ടം. കല്യാണത്തിന്‌ മുമ്പ്‌ പൊന്നേ മുത്തേ എന്ന്‌ ഓമനിച്ചവന്റെ നിറം ഓരോ ദിനവും മാറിക്കൊണ്ടിരുന്നു. രാത്രി കുടിച്ചുവന്ന്‌ ഉപദ്രവം തുടങ്ങി. ജോലിക്ക്‌ പോകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തുടങ്ങും കുത്തുവാക്കുകളും മര്‍ദനവും. ചുമരോട്‌ ചേര്‍ത്തുനിര്‍ത്തി തലകൊണ്ടു നെറ്റിയിലിടിക്കുന്നതായിരുന്നു ഫേവറിറ്റ്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ 2006ലെ ലോകകപ്പ്‌ ഫൈനല്‍ കണ്ടിട്ടുണ്ടാകും. അതിലെ സിദാന്‍ മറ്ററാസിയെ ഇടിക്കുന്നത്‌ നിന്നില്‍ പരീക്ഷിക്കുകയാകും. അവളെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍.
ഒരു സുപ്രഭാതത്തില്‍ അവളെ ഉപേക്ഷിച്ചു പോയതാണവന്‍. ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. ഒരു വിവരവുമില്ല. കൈയിലുള്ള പണവും ആഭരണവും എടുത്തുകൊണ്ടാണ്‌ അവന്‍ പോയത്‌. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുപോകാം എന്ന തീരുമാനത്തിലെത്തി. എന്നാല്‍ അവിടത്തെ സ്വീകരണം അവളുടെ സകല പ്രതീക്ഷകളും തകര്‍ത്തു. പെറ്റമ്മയും സഹോദരന്‍മാരും വീടിന്റെ വാതില്‍ അവള്‍ക്കു മുന്നില്‍ കൊട്ടിയടച്ചു. വീണ്ടും എറണാകുളത്തെത്തി.
ഒരു വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്‌തു. ഇതിനിടെ അവളുടെ മൊബൈല്‍ നമ്പര്‍ അവന്‍ പലയാളുകള്‍ക്കും കൈമാറിയിരുന്നു. പലരും വിളിച്ചു. എല്ലാവര്‍ക്കും വേണ്ടത്‌ അവളുടെ ശരീരമായിരുന്നു. അഭിമാനം അടിയറവെക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. പല പണികളും ചെയ്‌തു. പല സ്ഥലങ്ങളിലും സ്‌ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ പലതും അനുഭവിക്കേണ്ടി വന്നു. ആരുമില്ലാത്ത സ്‌ത്രീകള്‍ക്ക്‌ ഈ നാട്ടില്‍ ജീവിക്കേണ്ടേ? പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവള്‍ ചോദിച്ചപ്പോള്‍ കിലോമീറ്ററുകള്‍ക്ക്‌ ഇപ്പുറത്ത്‌ മൊബൈല്‍ റീസീവര്‍ ചെവിയോട്‌ ചേര്‍ത്തുപിടിച്ച്‌ ഞാനും വിതുമ്പിപ്പോയി. കൂടുതലറിഞ്ഞതോടെ അവളെ കാണണം എന്ന ഉത്‌കടമായ ആശ പെരുകി. പക്ഷേ ഓരോ തവണ തമ്മില്‍ കാണുന്ന കാര്യം പറയുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ്‌ അവള്‍ ഒഴിയും.
ആണ്‍ എന്ന വര്‍ഗത്തെ തന്നെ സംശയത്തോടെ നോക്കാന്‍ അവളെ പ്രേരിപ്പിച്ചത്‌ സംസ്‌കാരസമ്പമെന്ന്‌ മേനിനടക്കുന്ന മലയാളി പുരുഷോത്തമന്‍മാര്‍ തന്നെയാണല്ലോ. ഒടുവില്‍ അവള്‍ വരികയാണ്‌. ശനിയാഴ്‌ച. ഞാന്‍ കാത്തിരിക്കുകയാണ്‌, ആ അഗ്നിപുത്രിയെ ഒന്ന്‌ നേരില്‍കാണാന്‍, ആരാധനയോടെ ആ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കാന്‍, ജീവിതത്തെ ധീരതയോടെ നേരിട്ടതിന്‌ അഭിനന്ദിക്കാന്‍, ഒരു കപ്പ്‌ ചായയെങ്കിലും വാങ്ങിക്കൊടുക്കാന്‍..........നമുക്കും ഇതൊക്കെയല്ലേ പറ്റൂ. ചീഞ്ഞുനാറിയ ഒരു വ്യവസ്ഥയുടെ ഭാഗമായിപ്പോയില്ലേ. കുടുംബം, സമൂഹം-ഈ രാവണന്‍ കോട്ടയില്‍ നിന്ന്‌ പുറത്തുകടക്കാന്‍ കഴിയുമോ എന്നെപ്പോലുള്ള മിഥ്യാഭിമാനം പുലര്‍ത്തുന്ന ബ്ലഡിബിച്ച്‌ മലയാളപുരുഷ കേസരിക്ക്‌

Wednesday, July 7, 2010

പാഴ്‌മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി

അയഞ്ഞുകിടക്കുന്ന കുര്‍ത്തയും ദോത്തിയും, തോളില്‍ കസവുകരയുള്ള വേഷ്‌ടി, വായില്‍ നിറയെ മുറുക്കാന്‍, ആജാനബാഹു-കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗുസ്‌തിക്കാരനോ ചെറുകിട കച്ചവടക്കാരനോ എന്ന്‌ ഒരു നിമിഷം സംശയിച്ചേക്കാം. എന്നാല്‍ ഇത്‌ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌. പാഴ്‌മുളം തണ്ടില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി. കട്ടക്ക്‌ മുതല്‍ കോപന്‍ഹേഗന്‍ വരെ, ബനാറസ്‌ മുതല്‍ ബാഴ്‌സലോണ വരെ 20 ഇഞ്ച്‌ നീളവും സപ്‌തസ്വരദ്വാരങ്ങളുമുള്ള മുളംതണ്ടില്‍ പാട്ടിന്റെ പാലാഴി ഒരുക്കുന്ന ചൗരസ്യ. ഗുസ്‌തിക്കാരന്റെ മകനായി അലഹബാദില്‍ ജനിച്ച ചൗരസ്യ ഓടക്കുഴലുമായി ചങ്ങാത്തത്തിലായത്‌ അയല്‍ക്കാരനായ പണ്ഡിറ്റ്‌ ബോലാനാഥിന്റെ കച്ചേരി കേട്ടതോടെയാണ്‌്‌. മകനെ ഗുസ്‌തിക്കാരനായി കാണാന്‍ ആഗ്രഹിച്ച പിതാവ്‌ അറിയാതെ ചൗരസ്യ ബോലാറാമിന്റെ കീഴില്‍ ബാംസുരി അഭ്യസിച്ചു. ബോലാറാം അവിവാഹിതനായിരുന്നു. ഒറ്റയ്‌ക്കാണ്‌ താമസം. ചപ്പാത്തി പരത്തിക്കൊടുക്കുകയും പച്ചക്കറികള്‍ അരിഞ്ഞുകൊടുക്കലുമായിരുന്നു ദക്ഷിണ. ഒരു ദിവസം മുറി അടച്ചിട്ടിരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കുന്നത്‌ അച്ഛന്‍ കേട്ടു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. നീ എന്താണ്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോള്‍ ചൂളംവിളിക്കുകയായിരുന്നവെന്നായിരുന്ന മറുപടി. കണക്കിന്‌ കിട്ടി ചൗരസ്യക്ക്‌. അക്കാലത്ത്‌ ചൂളംവിളിക്കുന്നത്‌്‌ മോശം ശീലമായാണ്‌ കണക്കാക്കിയിരുന്നത്‌. ഒരിക്കല്‍ സംഗീത പഠനത്തെക്കുറിച്ച്‌ പിതാവറിഞ്ഞു. പിന്നീട്‌ മര്‍ദനത്തിന്റെ കാലമായിരുന്നു. എന്നാല്‍ സംഗീതത്തോടുളള ചൗരസ്യയുടെ പ്രണയം തകര്‍ക്കാന്‍ കടുത്ത മര്‍ദനങ്ങള്‍ക്കും സാധിച്ചില്ല. അവസാനം പിതാവ്‌ ചൗരസ്യയെ പാട്ടിന്‌ വിട്ടു. വിശ്രുത സരോദ്‌ വാദകനായ ബാബ അലാവുദ്ദീന്‍ ഖാന്‍ കച്ചേരിക്കായി അലഹബാദില്‍ വന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ചൗരസ്യ അദ്ദേഹത്തിന്‌ മുന്നില്‍ പുല്ലാങ്കുഴല്‍ വായിച്ചു. മൈഹാര്‍ ഘരാനയില്‍ തന്നോടൊപ്പം ചേരാനായിരുന്നു ഉസ്‌താദിന്റെ കല്‍പ്പന. എന്നാല്‍ അക്കാലത്ത്‌ അലഹബാദ്‌ വിട്ടുപോകുന്നത്‌ ചൗരസ്യക്ക്‌ ചിന്തിക്കാനാകുമായിരുന്നില്ല. ``ഇപ്പോള്‍ വരുന്നില്ലെങ്കില്‍ ഞാന്‍ മരിച്ച ശേഷം എന്റെ മകളെ കാണുക. അവള്‍ നിനക്ക്‌ ശിക്ഷണം നല്‍കും.''ഏറെക്കാലത്തിന്‌ ശേഷം ഉസ്‌താദ്‌ പറഞ്ഞതുപോലെ ചൗരസ്യ അന്നപൂര്‍ണാദേവിയുടെ സന്നിധിയിലെത്തി. സ്വീകരണം തീര്‍ത്തും മോശമായിരുന്നു. പലതവണ അവര്‍ വാതില്‍ കൊട്ടിയടച്ചു. പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്നും ചൗരസ്യയുടെ ദൃഢനിശ്‌ചയത്തെ ഇളക്കാനായില്ല. മൂന്നുവര്‍ഷത്തിന്‌ ശേഷമാണ്‌ ദേവിയുടെ വാതില്‍ ചൗരസ്യക്ക്‌ മുന്നില്‍ തുറന്നത്‌. പട്ടാളച്ചിട്ടയിലായിരുന്ന പഠനം. തെറ്റിയാല്‍ കഠിനശിക്ഷയും വഴക്കും. അന്നപൂര്‍ണാദേവി പുല്ലാങ്കുഴല്‍ വായിച്ചിരുന്നില്ല. രാഗങ്ങള്‍ പാടും. അത്‌ ചൗരസ്യ പുല്ലാങ്കുഴലില്‍ വായിക്കണം. സംഗീതത്തിന്റെ ആഴക്കടലിലേക്ക്‌ മുത്തും പവിഴവും തേടിയുള്ളൊരു തീര്‍ഥയാത്രയായാണ്‌ അന്നപൂര്‍ണാദേവിയുടെ കീഴിലുള്ള പഠനത്തെ ചൗരസ്യ വിശേഷിപ്പിക്കുന്നത്‌. ഇന്നും സമയം കിട്ടുമ്പോള്‍ അന്നപൂര്‍ണാദേവിയുടെ സവിധത്തിലെത്തും ചൗരസ്യ. തന്റെ എല്ലാ വിജയങ്ങളും പ്രശസ്‌തിയും ഗുരുവിനാണ്‌ ചൗരസ്യ സമര്‍പ്പിക്കുന്നത്‌. പൊതുധാരയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും തീര്‍ത്തും അകന്നു നില്‍ക്കുന്ന, വിരലിലെണ്ണാവുന്ന ശിഷ്യര്‍ മാത്രമുള്ള സംഗീത പ്രതിഭയാണ്‌ അന്നപൂര്‍ണാദേവി. പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ചൗരസ്യയെ കാത്തിരുന്നത്‌ യശസ്സിന്റെ അതിരില്ലാത്ത ലോകമായിരുന്നു. 1972ല്‍ പണ്ഡിറ്റ്‌ രവിശങ്കര്‍, ഉസ്‌താദ്‌ അല്ലാരാഖ, പാശ്‌്‌ചാത്യ സംഗീതജ്ഞരായ ജോര്‍ജ്‌ ഹാരിസണ്‍, ജീന്‍ പിയറി രാംപാല്‍ എന്നിവരുമായി ചേര്‍ന്ന്‌ 54 നഗരങ്ങളില്‍ ഫ്യൂഷന്‍ സംഗീതവും ജുഗല്‍ബന്ദിയും അവതരിപ്പിച്ചു. ഇതോടെ ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ പുല്ലാങ്കുഴല്‍ വാദകന്‍ എന്ന വിശേഷണം അദ്ദേഹത്തിന്‌ ലഭിച്ചു. നിരവധി പരീക്ഷണങ്ങളും അദ്ദേഹം നടത്തി. പരമ്പരാഗതമായി പാടുകയോ വീണയില്‍ മാത്രം വായിക്കുകയോ മാത്രം ചെയ്യാറുള്ള ദ്രുപദ്‌ പുല്ലാങ്കുഴലില്‍ വായിച്ചു. `ഡിവൈന്‍ ദ്രുപദ്‌' എന്ന ആല്‍ബം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌തു. ഗിത്താര്‍ വിദഗ്‌ധന്‍ ബ്രിജ്‌ഭൂഷന്‍ കബ്ര, സന്തുര്‍ വാദകന്‍ പണ്ഡിറ്റ്‌ ശിവ്‌കുമാര്‍ ശര്‍മ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ കാള്‍ ഓഫ്‌ വാലി എന്ന ആല്‍ബം ഇറക്കി. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീത ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റുപോയ ആല്‍ബമാണ്‌ കാള്‍ ഓഫ്‌ വാലി. ശാസ്‌ത്രീയസംഗീതത്തില്‍ മാത്രമായി ഒതുങ്ങിയില്ല ചൗരസ്യയുടെ പ്രവര്‍ത്തനമണ്ഡലം. ശിവ്‌കുമാര്‍ ശര്‍മക്കൊപ്പം ശിവ്‌-ഹരി എന്ന പേരില്‍ സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തി. `സില്‍സില', `ചാന്ദ്‌നി' തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ സിനിമകളിലെ മനോഹരമായ പാട്ടുകള്‍ ഈ കൂട്ടുകെട്ടിന്റേതാണ്‌. അരവിന്ദന്റെ പോക്കുവെയില്‍ എന്ന സിനിമയില്‍ ചൗരസ്യയുടെ പുല്ലാങ്കുഴല്‍ നാദമുണ്ട്‌. എന്നാല്‍ മുഴുവന്‍ സമയവും സിനിമാക്കാരനാകാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല. പുല്ലാങ്കുഴലിന്റെ വശ്യമായ നാദം കേള്‍ക്കാന്‍ ആസ്വാദകര്‍ ലോകത്തിന്റെ പല കോണിലും കാത്തിരിക്കുന്നുണ്ടായിരുന്നു. പത്മവിഭൂഷണും പത്മഭൂഷണും അടക്കം എണ്ണമറ്റ ബഹുമതികള്‍, ലോകത്തെമ്പാടും ലക്ഷക്കണക്കിന്‌ ആരാധകര്‍-പക്ഷെ ഇന്നുമൊരു സംഗീത വിദ്യാര്‍ഥിയായിട്ടാണ്‌ ചൗരസ്യ സ്വയം വിലയിരുത്തുന്നത്‌. ``ഗുരുവിനെയും എന്റെ ആത്മാവിനെയും ഇനിയും പൂര്‍ണമായും തൃപ്‌തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന്‌ എത്ര ജന്‍മങ്ങള്‍ വേണ്ടി വരുമെന്ന്‌ എനിക്കറിയില്ല. ഞാന്‍ പ്രയത്‌നം തുടരും, മരണം വരെ,'' ചൗരസ്യ പറഞ്ഞു. സംഗീതം ചൗരസ്യക്ക്‌ ആരാധനയും പ്രാര്‍ഥനയുമാണ്‌. ഓഡിറ്റോറിയങ്ങള്‍ ആരാധനാലയങ്ങളും. കണ്ണുമടച്ച്‌ പുല്ലാങ്കുഴലിന്റെ ഒരറ്റത്ത്‌ ചുണ്ടമര്‍ത്തി വിരലുകള്‍ മാന്ത്രികമായി ചലിപ്പിച്ച്‌ ദേശും ദര്‍ബാരി കാനഡയും ആഹിര്‍ ഭൈരവിയും മേഘമല്‍ഹാറും അന്തരീക്ഷത്തില്‍ കുഞ്ഞലകളായി ഒഴുകുന്നു. മലകളും പുഴകളും വന്‍കരകളും താണ്ടി ആ വശ്യസംഗീതത്തില്‍ ലയിച്ച്‌ എല്ലാം മറന്ന്‌ ആസ്വാദകരും.


72 വയസ്‌ തികഞ്ഞ മഹാനായ സംഗീതജ്ഞന്‌ എന്റെ പ്രണാമം

Tuesday, June 29, 2010

തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ

രണ്ട്‌ വര്‍ഷം മുമ്പ്‌ വര്‍ഷം മുമ്പ്‌ നാല്‌ മാസം വര്‍ക്ക്‌ ചെയ്‌തപ്പോള്‍ കിട്ടാത്ത ഒരിതാണ്‌ അടുത്തകാലത്ത്‌ ട്രാന്‍സ്‌ഫറായി വന്നപ്പോള്‍ തിരുവന്തപുരം എനിക്ക്‌ തന്നത്‌. അവരുടെ സാമ്പാറിനെയും ഭാഷയെയും പെരുമാറ്റത്തെയും രസവടയെയും കുറിച്ചുള്ള കുറ്റംപറച്ചിലുകള്‍ ഞാന്‍ നിര്‍ത്തി. ഓരോ തിരുവനന്തപുരത്തുകാരനെയും കാണുമ്പോള്‍ വെളുക്കെ ചിരിച്ചു. പരിചയമില്ലാത്തവരോടുപോലും എന്താ ഏട്ടാ എന്ന എന്റെ മാതൃഭാഷയെ കൈവിട്ട്‌ എന്തര്‌ അണ്ണാ എന്ന്‌ പ്രയാസപ്പെട്ട്‌ ലോഗ്യം ചെയ്‌തു. എല്ലാറ്റിനും കാരണം അവളായിരുന്നു. വെളുത്ത്‌ മെലിഞ്ഞ സുന്ദരി. ഫൈ സ്‌റ്റാര്‍ സെറ്റപ്പിലുള്ള ചായപ്പീടിക സോറി റസ്‌റ്റോറന്റിലെ അക്കൗണ്ടന്റ്‌. പഠനം കഴിഞ്ഞാല്‍ മനോരമയും വായിച്ച്‌ സീരിയലും കണ്ട്‌ കുതിരപ്പുറത്തേറി വരുന്ന മണിമാരനെയും കണ്ട്‌ സ്വപ്‌നം കണ്ടിരിക്കുന്ന ടൈപ്പല്ല തിരുവനന്തപുരത്തെ പെണ്‍കുട്ടികള്‍. (അതൊക്കെ നമ്മുടെ വടക്കന്‍ പെണ്‍കൊടികള്‍). എന്തെങ്കിലും ഒരു പണി അവര്‍ ഒപ്പിച്ചിരിക്കും. ഐ മീന്‍ കണക്കെഴുത്തോ സെയില്‍സ്‌ ഗേളോ ആയി ചില്ലറ തടയുന്ന എന്തെങ്കിലും ഒരു പണി. അങ്ങനെ ബിരുദവും അക്കൗണ്ടന്‍സിയും കഴിഞ്ഞാണ്‌ എന്നെ തിരുവനന്തപുരത്തെ അല്‍പ്പകാലത്തേങ്കിലും സ്‌നേഹിക്കാന്‍ പഠിപ്പിച്ച അവളും കണക്കെഴുത്തിനെത്തിയത്‌. കല്യാണം കഴിയുന്നതുവരെ ഒരു നേരമ്പോക്ക്‌, ചുരിദാറും മാലയും വളയും വാങ്ങാനുള്ള ഒരു വരുമാനം. അത്രയേ അവള്‍ ജോലി കൊണ്ടു ഉദ്ദേശിച്ചുള്ളൂ. കണ്ടപാടെ എനിക്കങ്ങ്‌ പിടിച്ചു അവളെ. വീട്ടില്‍ തിരക്കിട്ട്‌ ആലോചനകള്‍ നടക്കുന്ന സമയമാണ്‌. ഓരോ ഒഴിവുകഴിവ്‌ പറഞ്ഞ്‌ ഞാന്‍ വഴുതിമാറിക്കൊണ്ടിരുന്നു. ഊണിന്‌ മാത്രം പീടികയെ ആശ്രയിച്ചിരുന്ന ഞാന്‍ ചായയും അവിടെ നിന്നാക്കി. ഓഫീസില്‍ വന്ന ഉടനെ ഒരു ചായ, ഒരു പത്ത്‌ പത്തരയാകുമ്പോള്‍ വീണ്ടും ചായ, വൈകുന്നേരം മൂന്ന്‌ മൂന്നര മണിയാകുമ്പോള്‍ ചായ, ആറ്‌ മണിക്ക്‌ അവള്‍ പോകുന്നതിന്‌ മുമ്പ്‌ വീണ്ടും ചായ... (ഒരു ചായക്ക്‌ ആറു രൂപയാണേ)... കാണുമ്പോള്‍ നിറഞ്ഞ ചിരി. ഒറ്റയ്‌ക്കും തെറ്റയ്‌ക്കും പേരെന്ത്‌? വീട്ടില്‍ ആരൊക്കെയുണ്ട്‌? ഏതുവരെ പഠിച്ചു തുടങ്ങി ലോകത്തെ എല്ലാ വായ്‌നോക്കികളും അലക്കിവെളുപ്പിച്ച സ്ഥിരം നമ്പറുകള്‍. ഒരു ദിവസം നമ്പര്‍ ചോദിച്ചു, തന്നു. ഒരു സന്ധ്യയ്‌ക്ക്‌ ഞാനങ്ങ്‌ വിളിച്ചു, അല്‍പ്പം അകത്തുള്ളതു കൊണ്ട്‌ കാര്യം തുറന്നങ്ങ്‌ പറഞ്ഞു, കൊച്ചുസുന്ദരീ നിന്നെ ഞാന്‍ കെട്ടിക്കോട്ടെ?മറുവശത്ത്‌ അല്‍പ്പനേരം നിശ്ശബ്‌ദത പിന്നെ, നിനക്ക്‌ അവിടെയെത്രയാ ശമ്പളം?ആണുങ്ങള്‍ ശമ്പളം പറയരുതെന്നാണ്‌ വെപ്പ്‌. എങ്കിലും പറഞ്ഞു. കെട്ടാന്‍ പോകുന്ന പെണ്ണല്ലേ, എന്നായാലും അറിയേണ്ടതല്ലേ. ഏതാ ജാതി??ജാതി ചോദിക്കരുത്‌ പറയരുത്‌,? ശ്രീനാരായണ ഗുരുവിന്റെ മഹദ്‌വചനങ്ങള്‍ ഉരുവിട്ട്‌ അവളെ പാട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും വീണില്ല. അച്ഛന്‌ ജാതി നിര്‍ബന്ധമാണ്‌.എനിക്കവളെ കിട്ടേണ്ടേ, പിന്നെന്ത്‌ ഗുരു?ഞാന്‍ ജാതി പറഞ്ഞു. അവള്‍ രണ്ടടി പിന്നോട്ടുമാറി. എന്നിട്ട്‌ പറഞ്ഞു, വീട്ടില്‍ ചോദിച്ചുനോക്കട്ടെവീട്ടില്‍ ചോദിച്ചുവെന്നാണ്‌ അവള്‍ പറയുന്നത്‌. സമ്മതിച്ചില്ല പോലും. പല അടവുകളും പയറ്റി. പൊന്നുപോലെ നോക്കും, എന്റെ വീട്‌ നിനക്ക്‌ സ്വര്‍ഗമായിരിക്കും എന്നൊക്കെയുള്ള സ്ഥിരം കാമുക ഡയലോഗുകള്‍. അതിനൊന്നും ജാതിയെ മറികടക്കാന്‍ മാത്രം ശക്തിയുണ്ടായിരുന്നില്ല. അട്ടക്കുളങ്ങരയില്‍ നിന്ന്‌ മൂന്ന്‌ അതോ മൂന്നരയോ വീശി ഫോണില്‍ എന്റെ സുഹൃത്തിനോട്‌ ജാതിയുണ്ടാക്കിയവനെ എന്റെ കൈയില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലുമെന്ന്‌ ആക്രോശിച്ചു. അവന്‌ ചിരി. ആദ്യമായി ആശിച്ച പെണ്ണ്‌ കൈവിട്ടുപോകുന്നതിന്റെ വേദന കെട്ട്യോളും കുട്ടിയുമുളള അവനുണ്ടോ അറിയുന്നു. സ്വപ്‌നങ്ങളില്‍ അവള്‍ മാത്രം. പാതിരാത്രിയില്‍ വരെ ഫോണ്‍ വിളിച്ചു. ഗത്യന്തരമില്ലാതെ അവള്‍ ഓഫാക്കി. പിറ്റേന്ന്‌ കാണുമ്പോള്‍ വീണ്ടും കെഞ്ചിനോക്കി, രക്ഷയില്ല. ജാതി കടുകട്ടിയായി മുന്നില്‍ നില്‍ക്കുകയാണ്‌. തിരോന്തപുരത്തുകാര്‍ക്ക്‌്‌ ജാതി മസ്‌റ്റാണ്‌. പ്രേമിക്കുന്നതു പോലും ജാതി നോക്കിയാണത്രേ!. പിന്നെ പണവും. എന്നെ ഉദ്‌ബോധിപ്പിച്ചത്‌ ഒരു തിരോന്തരം പ്രൊഡക്‌ട്‌ തന്നെ. എന്നെപ്പോലെ കല്യാണവിപ്ലവം നടത്താന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ക്ക്‌ ഇവിടെ സ്‌കോപ്പില്ല. കേരളത്തില്‍ വേറെ എത്ര നാടുകളുണ്ട്‌ അവിടെ ചെന്ന്‌ നോക്കൂ, മുന്നില്‍ കാണുന്ന ഓരോ തിരുവനന്തപുരത്തുകാരനും കാരിയും എന്നെ നോക്കി പറയുന്നതുപോലെ തോന്നുന്നു. തിരുവനന്തപുരത്തെ ഊണ്‌ വകയ്‌ക്ക്‌ കൊള്ളില്ല. എന്റെ നാട്ടില്‍ കാടി വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ പശു പോലും തിന്നില്ല അവരുടെ ചോറും സമ്പാറും. മനുഷ്യപ്പറ്റില്ലാത്ത ജനങ്ങള്‍..വീണ്ടും ഞാന്‍ തിരുവനന്തപുരത്തിന്റെ മുഖ്യശത്രുവായി. ഹതാശനായ കാമുകനായി ഞാന്‍.........ഇപ്പോള്‍ അവള്‍ക്കൊരു ആലോചന വന്നു, എന്‍ജിനീയറാണെന്ന്‌ പോലും. അവനെ കെട്ടാന്‍ അവള്‍ തീരുമാനിച്ചു, കല്യാണം ഉറപ്പിക്കല്‍ ചടങ്ങ്‌ മാത്രം ബാക്കി. അവസാന ശ്രമം എന്ന നിലയില്‍ വീണ്ടും മുട്ടിനോക്കി. നിന്നെ പരുശുറാം എക്‌പ്രസ്‌ എന്ന പുഷ്‌പക വിമാനത്തിലേറ്റിക്കൊണ്ടുപോകുന്ന രാവണനാകാനും ഞാന്‍ തയ്യാര്‍. പക്ഷേ നാട്ടിലെത്തിയാല്‍ ഞാന്‍ രാമനായിരിക്കും. നോ രക്ഷ, അവസാനം ഒരു വാചകവും, സകല പെണ്‍കുട്ടികളും ശല്യക്കാരായ അകാമുകരെ ഒഴിവാക്കാന്‍ പറയുന്ന അതേ ക്ലീഷേ ഡയലോഗ്‌, ?നിന്നെ ഞാന്‍ സഹോദരനെപ്പോലെയാണ്‌ കാണുന്നത്‌,? ഡും. എല്ലാ അവിടെ അവസാനിച്ചു. അതാണ്‌ പറഞ്ഞത്‌, തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ

Saturday, June 26, 2010

ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ

സംഭവബഹുലവും നാടകീയവുമായ ഒരു അനുഭവകഥയുടെ രത്‌നച്ചുരുക്കമാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌. നാനോ ടെക്‌നോളജിയുടെയൊക്കെ കാലമല്ലേ ഇങ്ങനെയും ഒന്ന്‌ കിടക്കട്ടെ എന്ന്‌ കരുതി. `ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ' വിശദീകരിക്കാന്‍ എനിക്ക്‌ ചുരുങ്ങിയത്‌ മൂന്ന്‌ പുസ്‌തകങ്ങള്‍ എഴുതേണ്ടി വരും. അല്ലെങ്കില്‍ പോസ്‌റ്റുകള്‍ നിറഞ്ഞ്‌ എന്റെ കടത്തനാട്‌ ജാമാകും. ആ രചന വായിച്ച്‌ നിങ്ങളുടെ സമയം നശിപ്പിക്കുന്നില്ല. സമയമാണ്‌ ഏറ്റവും വിലപിടിച്ചത്‌ എന്ന്‌ ഏതോ മഹാന്‍ പറഞ്ഞിട്ടില്ലേ. മാത്രമല്ല, പണ്ട്‌ കുട്യേളേ പിടിക്കുന്നവര്‍ നടക്കുന്നതുപോലെ ഇപ്പോള്‍ കഥകളെ പിടിക്കാന്‍ ചില സിനിമക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്ന്‌ കേട്ടു. കുട്ടികളുടെ കണ്ണ്‌ കുത്തിപ്പൊട്ടിച്ച്‌ ഭിക്ഷക്കാരാക്കി മാറ്റാനാണ്‌ തട്ടിക്കൊണ്ടുപോകുന്നതെങ്കില്‍ സിനിമാക്കാര്‍ കഥയെ തല്ലിപ്പൊളിച്ച്‌ സിനിമയാക്കി വിറ്റ്‌ ജനങ്ങളുടെ കൈയിലെ പണം തട്ടുകയാണ്‌ ചെയ്യുന്നത്‌. രണ്ടും ഒന്നുതന്നെ. ചെയ്യുന്ന രീതിയില്‍ മാത്രം വ്യത്യാസം. അതുകൊണ്ട്‌ ``ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ. ഇത്‌ എന്റെ കഥയുടെ പേരല്ല, കഥ തന്നെയാണ്‌. മൈക്രോ നാനോ കഥ. ഈ ജൂണില്‍ മഴ കടലിലേക്ക്‌ ചാഞ്ഞുപെയ്യുന്ന ഒരു വൈകുന്നേരം വിഖ്യാത കടപ്പുറത്താണ്‌ പെണ്ണ്‌ ചെറുത്തുനിന്നതും ആണ്‌ അണ്ടി പോയ അണ്ണാനായതും. ബാക്കി ഊഹൂം ഞാന്‍ പറയില്ല.

Thursday, May 20, 2010

കുറുപ്പിന്റെ പീട്യ-ഒരു ഗൃഹാതുര ഓര്‍മ

ചന്ദനത്തിരിയുടെയും വെളിച്ചെണ്ണയുടെയും വാസനാസോപ്പിന്റെയും ഉണക്കുമീനിന്റെയും സമ്മിശ്ര ഗന്ധമായിരുന്നു കുറുപ്പിന്റെ പീട്യക്ക്‌. സൈക്കിള്‍ ടയര്‍ എന്ന വണ്ടി പീടികയുടെ കോണിയില്‍ ചാരിവെച്ച്‌, അഴിഞ്ഞുപോകുന്ന ട്രൗസര്‍ ഒരു കൈകൊണ്ട്‌ മുറുക്കിപ്പിടിച്ച്‌, മറുകൈകൊണ്ട്‌ ഒലിച്ചിറങ്ങുന്ന മൂക്കിള തുടച്ച്‌ എത്ര തവണ പറഞ്ഞിട്ടുണ്ട്‌ കുറുപ്പിനോട്‌ 200 അവല്‍, 100 പഞ്ചസാര, 50 മുളക്‌... കുറുപ്പിനോട്‌ പറയുമ്പോള്‍ ഉറക്കെ പറയണം. ചെവി ശരിക്ക്‌ കേള്‍ക്കില്ല. ഒരു ചെറിയ മരസ്‌റ്റൂളില്‍ വെള്ള മുണ്ടും മുറിക്കൈയ്യന്‍ ബനിയനുമിട്ടിരിക്കുന്ന ആജാനബാഹുവായ മനുഷ്യന്‍. ഇരിക്കുന്നതിന്റെ തൊട്ടടുത്ത്‌ വാക്കിംഗ്‌ സ്‌റ്റിക്ക്‌ ചാരി വെച്ചിട്ടുണ്ടാകും. കുറുപ്പിന്‌ ഒരു കാലില്ലായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്‌ഫോറത്തിനും ഇടയില്‍ മുറിഞ്ഞു വീണതാണ്‌ ഇടംകാല്‍. ഓലമേഞ്ഞ രണ്ടുമുറി പീടിക. ചെറിയൊരു കോലായിയും. കോലായില്‍ ഇട്ട ബെഞ്ചിലിരുന്ന്‌ മാതൃഭൂമി വായിച്ച്‌ സാധു ബീഡിയും പുകച്ച്‌ രാഷ്‌ട്രീയം പറയുന്ന തെയ്യത്താംകാട്ടിലെ കിട്ടനും പുളിയത്താംകണ്ടീലെ കണാരനും. ഒറ്റത്തോര്‍ത്തുമാത്രമുടുത്ത്‌ കഴുത്തിന്‌ പിറകിലെ കനത്ത മസിലുകള്‍ ചലിപ്പിച്ചു കൊണ്ട്‌ മുറുക്കുന്ന മീത്തലാടത്തിലെ കണ്ണന്‍. കുനിഞ്ഞു വേണം പീടികയിലേക്ക്‌ കയറാന്‍. പുറമേ നിന്ന്‌ നോക്കിയാല്‍ മേല്‍ക്കൂര മാത്രമേ കാണൂ.കാല്‍ നഷ്‌ടമായ കുറുപ്പിന്‌ സഹായിയായാണ്‌ ഗോയിന്ദന്‍ പീടികയിലെത്തിയത്‌. രാവിലെ 6.45ന്‌ ഏക ബസായ ശ്രീഗണേഷില്‍ ചാക്കുകളുമായി ഒന്നരാടം ഗോയിന്ദന്‍ വടകരയിലേക്ക്‌ പോകും. 10.30ന്‌ ഗണേഷ്‌ മടങ്ങുമ്പോള്‍ കൂടെ ചാക്കുകള്‍ നിറയെ നാടിനെ ഊട്ടാനുള്ള സാധനങ്ങളുമായി ഗോയിന്ദനുമുണ്ടാകും. കടമേരി ഗ്രാമത്തിന്റെ ഏക ആശ്രയമായിരുന്നു കുറുപ്പിന്റെ പീട്യ. സന്ധ്യക്കുള്ള തിരക്ക്‌ കാണണം. പണി കയറി പെണ്ണുങ്ങള്‍ നേരെ പീടികയിലേക്കാണ്‌. അപ്പോള്‍ കുറുപ്പിനും ഗോയിന്ദനും രണ്ട്‌ കൈകള്‍ പോരാതാകും. തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു ദിനം കുറുപ്പ്‌ വിടപറഞ്ഞു. കച്ചവടം ഗോയിന്ദന്‍ ഏറ്റെടുത്തു. കാലം മാറുന്നുണ്ടായിരുന്നു. കുറുപ്പിന്റെ സ്ഥാനത്ത്‌ ഗോയിന്ദന്‍ വന്നുവെന്നുവല്ലാതെ മറ്റൊരു മാറ്റവും പീട്യക്കുണ്ടായില്ല. ഇതിനിടെയാണ്‌ കുറുപ്പിന്റെ മകന്‍ ഗള്‍ഫില്‍ നിന്നെത്തുന്നത്‌. അവകാശത്തെച്ചൊല്ലി ചെറിയ കുറുപ്പും ഗോയിന്ദനും തമ്മില്‍ തര്‍ക്കമായി. കുറുപ്പിന്റെ പീട്യയുടെ തകര്‍ച്ചയുടെ ആദ്യഘട്ടം. രണ്ടുപേര്‍ക്കും തോന്നിയ വിധത്തില്‍ കച്ചവടം. തോന്നിയ വിധത്തില്‍ ലാഭമെടുക്കല്‍, തോന്നിയ വിധത്തില്‍ സാധനങ്ങള്‍ വാങ്ങല്‍. ആളുകള്‍ സാധനങ്ങള്‍ കിട്ടാതെ വലഞ്ഞു. അന്ത്രുഹാജിയുടെ മകന്‍ സുബൈര്‍ ഗള്‍ഫില്‍ നിന്ന്‌ തിരിച്ചെത്തി. തൊട്ടടുത്ത്‌ തന്നെ ഒരു വലിയ പീട്യയങ്ങ്‌ (നാട്ടിന്‍പുറത്തെ ബിഗ്‌ ബസാര്‍ എന്നും പറയാം) തുടങ്ങി. ചെറിയ കുറുപ്പിന്റെയും ഗോയിന്ദന്റെയും ശീതസമരത്തില്‍ സാധനങ്ങള്‍ കിട്ടാതെ വലഞ്ഞ നാട്ടുകാര്‍ക്ക്‌ ആശ്വാസമായി സുബൈറിന്റെ പീട്യ.ഉണക്കുമീന്‍ വാങ്ങാന്‍ മാത്രമായി നാട്ടുകാര്‍ക്ക്‌ കുറുപ്പിന്റെ പീട്യ. സുബൈറിന്റെ പീട്യേല്‍ ഉണക്കുമീന്‍ വില്‍പ്പനയ്‌ക്കില്ല. ഉണക്കുമീന്റെ ചീഞ്ഞ നാറ്റം ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ഓള്‍ഡ്‌ സ്‌പൈസ്‌ സ്‌പ്രേ അടിച്ചു നടക്കുന്ന സുബൈറിന്‌ പിടിക്കില്ല. കച്ചവടം മോശമായതോടെ പീട്യ ഗോയിന്ദന്‌ വിട്ടുകൊടുത്ത്‌ ചെറിയ കുറുപ്പ്‌ ഭാര്യയുടെ നാട്ടിലേക്ക്‌ പോയി. തട്ടിയും മുട്ടിയും കുറച്ചുനാള്‍ പിടിച്ചു നിന്ന ശേഷം ഗോയിന്ദനും കൈവിട്ടു. കുറുപ്പിന്റെ പീട്യേല്‍ ആളും അനക്കവും ഇല്ലാതെയായി. പീട്യക്കകത്തു വരെ പുല്ല്‌ വളര്‍ന്നു. മേല്‍പ്പുര ചോര്‍ന്നൊലിച്ചു. ചുമരിലെ കുമ്മായം അടര്‍ന്നു വീണു. എങ്കിലും 200ല്‍ പരം വര്‍ഷങ്ങളായി ഒരു നാടിന്റെ വിശപ്പടക്കാന്‍ വേണ്ട അരിയും പച്ചക്കറിയും അവലും മിക്‌സ്‌ചറും തന്ന കുറുപ്പിന്റെ പീട്യ അവിടെത്തന്നെയുണ്ടല്ലോ എന്നത്‌ കടമേരിയില്‍ പോകുമ്പോഴെല്ലാം ആഹ്ലാദം പകരുന്ന കാര്യമായിരുന്നു. കഴിഞ്ഞ മേയ്‌ 13ന്‌ പരദേവതയുടെ തിരുമുടി വെക്കല്‍ കാണാന്‍ 400ല്‍അധികം കിലോമീറ്ററുകള്‍ താണ്ടിയെത്തിയ എന്നെ എതിരേറ്റത്‌ കരള്‍പിളര്‍ക്കും കാഴ്‌ചയാണ്‌. കുറുപ്പിന്റെ പീട്യ പൊളിച്ചു മാറ്റിയിരിക്കുന്നു. കടമേരിയിലെ എത്രയോ തലമുറകള്‍ക്കുള്ള ആഹാര സാധനങ്ങളെ മഴ കൊള്ളാതെ, വെയിലുകൊള്ളാതെ കാത്ത പീട്യ കുറെ കല്ലും മണ്ണും മരക്കഷ്‌ണങ്ങളും ഉണങ്ങിക്കരിഞ്ഞ ഓലകളുമായി മാറിയിരിക്കുന്നു. പണ്ട്‌ ഇവിടെയൊരു പീട്യയുണ്ടായിരുന്നു. കുറുപ്പിന്റെ പീട്യ. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ വിറ്റ പീട്യ. ഒരു നാടിനെ ഊട്ടിയ പീട്യ-ചോറുതിന്നാതെ വാശിപിടിക്കുന്ന കുട്ടികള്‍ക്ക്‌ പീട്യ നിന്ന്‌ സ്ഥലം ചൂണ്ടിക്കാട്ടി അമ്മമാരും അമ്മൂമ്മമാരും പറഞ്ഞുകൊടുത്തേക്കും അല്ലേ?