Sunday, August 23, 2009

കുട്ടനൊരു പെണ്ണുവേണം.

കുട്ടനൊരു പെണ്ണുവേണം. തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനുള്ളില്‍ സ്‌നേഹിക്കാനും, കുട്ടികളെ പെറ്റു പോറ്റാനും ഒടുവില്‍ ചിതയിലേക്കെടുക്കുമ്പോള്‍ നെഞ്ചത്തടിച്ചു നിലവിളിക്കാനും. വെള്ളമടിച്ച്‌ കോണ്‍ തിരിഞ്ഞുവരുമ്പോള്‍ കാലുമടക്കി തൊഴിക്കരുത്‌. അത്‌ കുട്ടനിഷ്ടമല്ല.
തടിച്ചത്‌ മെലിഞ്ഞത്‌, വെളുത്തത്‌ കറുത്തത്‌, നീണ്ടത്‌ കുറുതായത്‌, പഠിപ്പുള്ളത്‌ പഠിപ്പില്ലാത്തത്‌-പല സൈസില്‍ പല രൂപത്തില്‍ തരുണീമണികളെ കുട്ടന്‍ നാടുനീളെ കണ്ടു. കൂട്ടിന്‌ കൂട്ടുകാരും. കുട്ടനിഷ്ടപ്പെടുന്നത്‌ കുട്ടിക്ക്‌ പിടിക്കില്ല. കുട്ടിക്ക്‌ പിടിക്കുന്നത്‌ കുട്ടന്‌ പിടിക്കില്ല. കുട്ടനും കുട്ടിക്കും പിടിക്കുന്നത്‌ വീട്ടുകാര്‍ക്ക്‌ പിടിക്കില്ല. എല്ലാവര്‍ക്കും പിടിക്കുന്നത്‌ നക്ഷത്രങ്ങള്‍ക്ക്‌ പിടിക്കില്ല. ഐ മീന്‍ ജാതകപ്പൊരുത്തം.
അങ്ങനെ പെണ്ണുകാണല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുകയാണ്‌. കുട്ടന്‌ മടുപ്പില്ല, കൂട്ടുകാര്‍ക്കുമില്ല. മടുത്തത്‌ വീട്ടുകാര്‍ക്കാണ്‌.
ഞായറാഴ്‌ച രാവിലെ കുട്ടന്‍ അലക്കിത്തേച്ച വാന്‍ ഹ്യൂസന്റെ കള്ളി ഷര്‍ട്ടും ഡെനിം ജീന്‍സും ധരിച്ച്‌ കണ്ണാടിയില്‍ നോക്കി സൗന്ദര്യം ഉണ്ടെന്ന്‌ സ്വയം ഉറപ്പുവരുത്തി, ഗള്‍ഫിലുള്ള അളിയന്‍ കൊടുത്ത യാര്‍ഡ്‌ലി പൗഡര്‍ മുഖത്തും കക്ഷത്തും വാരി വിതറി മൊബൈലില്‍ കൂട്ടുകാരെ വിളിക്കും. പിന്നെ വണ്ടിയിലൊരു പോക്കാണ്‌. നാട്ടിനടുത്തുള്ള കുട്ടികളെയെല്ലാം കുട്ടന്‍ കണ്ടു കഴിഞ്ഞു. ഇപ്പോള്‍ ദൂരെയാണ്‌ പോക്ക്‌. പണം കുട്ടന്‌ പ്രശ്‌നമല്ല. കാരണം കുട്ടന്‌ നിര്‍ബന്ധമില്ലല്ലോ പെണ്ണുകാണാന്‍. വീട്ടുകാര്‍ക്കല്ലേ. അതിനെ ചെലവും വീട്ടുകാര്‍ വഹിക്കണമെന്നാണ്‌ കുട്ടന്റെ പോളിസി.
ഇന്ന്‌ കുട്ടന്‍ പോകുന്നത്‌ അമേരിക്കയില്‍ ജോലിയിലുള്ളയാളുടെ മകളെ കാണാനാണ്‌. മകളും കുറച്ചുകാലമായി അമേരിക്കയിലാണ്‌. പഠനവും അവിടെ തന്നെ. അമേരിക്കക്കാരിയല്ലേ അല്‍പം പത്രാസൊക്കെ കാണും എന്ന കൂട്ടുകാരുടെ മുന്നറിയിപ്പ്‌ മുഖവിലക്കെടുത്ത്‌ കുട്ടന്‍ യാര്‍ഡ്‌ലി അല്‍പം കനം കൂട്ടിയിടുകയും മുഖത്ത്‌ ഒരു റെയ്‌ബാന്‍ ക്ലാസ്‌ ഫിറ്റ്‌ ചെയ്‌തിട്ടുമുണ്ട്‌.
കാറില്‍ കുട്ടനും കൂട്ടുകാരും കുട്ടിയുടെ വീട്ടിലെത്തി. നമ്മുടെ രവി വള്ളത്തോളിനെപ്പോലെ വെളുത്തു തുടുത്ത, എന്നാല്‍ പഞ്ചപാവമെന്ന്‌ തോ്‌ന്നിക്കുന്ന കുട്ടിയുടെ അച്ഛനും നടി സീനത്തിന്റെ ച്ഛായയുള്ള മുഖം നിറയെ കുശുമ്പും കുന്നായ്‌മയും നിറച്ചുവെച്ച കുട്ടിയുടെ അമ്മയും കുട്ടനെയും കൂട്ടുകാരെയും ചിരിച്ചുകൊണ്ട്‌ സ്വീകരിച്ചു. കുട്ടന്റെ കണ്ണുകള്‍ കുട്ടിയെ പരതുകയാണ്‌. കൂട്ടുകാര്‍ അച്ഛനുമായി സംഭാഷണത്തില്‍. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക്‌ മാറിയതു വരെയുള്ള വിഷയങ്ങള്‍ കൂട്ടുകാര്‍ ഇട്ടലക്കുന്നുണ്ട്‌. കുട്ടന്‍ ഒന്നിലും പങ്കുചേര്‍ന്നില്ല. കുറുക്കന്റെ കണ്ണ്‌ കോഴിക്കൂട്ടില്‍ എന്ന പോലെ കുട്ടന്റെ കണ്ണുകള്‍ വീട്ടിനകത്തേക്കാണ്‌. ഫുട്‌ബാളിനെക്കുറിച്ച്‌ ചുക്കും ചുണ്ണാമ്പും അറിയാത്ത കുട്ടന്റെ കൂട്ടുകാരന്‍ മണി എന്തോ വിഡ്ഡിത്തം പറയാന്‍ നാവ്‌ പുറത്തിട്ടപ്പോള്‍ അകത്തു നിന്ന്‌ `മഞ്ഞവെള്ളം` നിറച്ച ഗ്ലാസിന്റെ ട്രേയുമായി ഒഴുകിവരികയാണ്‌ കുട്ടി. കുട്ടന്റെയും കൂട്ടുകാരുടെയും നാല്‌്‌ ജോഡി കണ്ണുകള്‍ കുട്ടിയെ ആപാദ ചൂഡം ഒഴിഞ്ഞു. എന്റെ പറശ്ശിനിക്കടവ്‌ മുത്തപ്പാ, ഇതെന്തൊരു പടപ്പ്‌, കാജലോ, സുസ്‌മിതയോ, മീരാ ജാസ്‌മിനോ, കാവ്യാ മാധവനോ ആരോട്‌ ഉപമിക്കണമെന്നറിയാതെ ഉഴലുന്ന കുട്ടന്‍ കൂട്ടുകാരുടെ മുഖത്തേക്ക്‌ നോക്കി. അവിടെ മഴവില്‍കൂടാരം എന്ന പടത്തില്‍ സില്‍ക്ക്‌ സ്‌മിതയെ കണ്ട്‌ വായില്‍ നിന്ന്‌ വെള്ള മൂറിയ ഇന്ദ്രന്‍സിനെപ്പോലെ ഇരിക്കുന്ന കൂട്ടുകാരെയാണ്‌ കണ്ടത്‌. അപ്പോള്‍ അഭിമാനം തോന്നി കുട്ടന്‌. അല്‍പം അഹങ്കാരവും. ചായ കുടി സോറി വെള്ളം കുടി കഴിഞ്ഞു. മിക്‌സചറും കായവറുത്തതും തൊട്ടില്ല കുട്ടന്‍.
ഇനി പെണ്ണിനോട്‌ സംസാരിക്കലാണ്‌. കുട്ടന്‌ ആദ്യമേ കൂട്ടുകാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. അമേരിക്കക്കാരിയാണ്‌ സൂക്ഷിച്ച്‌ സംസാരിക്കണം. ഇടിക്കിടക്ക്‌ ഇംഗ്ലീഷ്‌ വാക്കുകള്‍ പ്രയോഗിക്കുന്നത്‌ അന്തസ്സാണ്‌. എസ്‌ എസ്‌ എല്‍സിക്ക്‌ ഇംഗ്ലീഷ്‌ ഫസ്റ്റിന്‌ 20 മാര്‍ക്കും ഇംഗ്ലീഷ്‌ സെക്കന്റിന്‌ 17.5 മാര്‍ക്കും നേടി കഷ്ടിച്ച്‌ രക്ഷപ്പെട്ടതാണ്‌ കുട്ടന്‍. പ്രീഡിഗ്രിക്കും ഡിഗ്രിക്കും കുട്ടന്റെ സ്ഥിതി മെച്ചമല്ല. എങ്കിലും തൊലിക്കട്ടിയുടെ ബലത്തില്‍ ഏത്‌ ഇംഗ്ലീഷുകാരനെയും മലര്‍ത്തിയിടിക്കാന്‍ കഴിയുമെന്ന്‌ കുട്ടന്‌ ആത്മവിശ്വാസമുണ്ട്‌.
കുട്ടി നില്‍ക്കുന്നു, മുമ്പില്‍ കുട്ടനും. `എന്താ പേര്‌?`
എടുത്തടിച്ചതുപോലെ മറുപടി: `ശ്രീലക്ഷ്‌മി`
`നല്ല പേര്‌, ഞാന്‍ ശ്രീ എന്നേ വിളിക്കൂ`
കുട്ടന്‍ പെണ്ണുകാണല്‍ അനുഭവത്തിന്റെ ഭാണ്ഡത്തില്‍ നിന്ന്‌ ഒരു നമ്പര്‍ പുറത്തിറക്കി.
പ്രതികരണം അല്‍പം രൂക്ഷമായിരുന്നു. `പഞ്ചാരയൊന്നും വേണ്ട, എന്താണ്‌ ചോദിക്കേണ്ടതെന്നു വെച്ചാല്‍ ചോദിക്ക്‌, എനിക്ക്‌ പോണം`
കുട്ടന്‍ ഐസായി, അടുത്തെങ്ങും ആരുമില്ലാത്ത സമയത്ത്‌ ടി ജി രവിയെ മുന്നില്‍ കണ്ട അംബികയെപ്പോലെ വിരണ്ടു. കുറച്ചു സമയത്തിന്‌ ശേഷം കുട്ടന്‍ സമനില വീണ്ടെടുത്തു. `എന്റെ പേര്‌ കുട്ടന്‍. ഞാന്‍ ഫാന്‍സി ഉല്‍പന്നങ്ങളുടെ ബിസിനസ്‌ നടത്തുന്നു.` എല്ലാറ്റിനും ഉം ഉം എന്ന മൂളല്‍ മാത്രം.
കു്‌ട്ടന്‍ നിര്‍ത്തിയപ്പോള്‍ കഴിഞ്ഞോ എന്ന മട്ടില്‍ മുഖത്തേക്കൊരു നോട്ടം.
കുട്ടന്‍ തിരിഞ്ഞു നടന്നു. അതുവരെ കുട്ടിയുടെ അച്ഛനുമായി കത്തിയടിച്ച കൂട്ടുകാരും എഴുന്നേറ്റു. സാധാരണ പെണ്ണു കണ്ടു കഴിഞ്ഞാല്‍ വാതോരാതെ ചിലയ്‌ക്കുന്ന കുട്ടന്റെ നാവിനിതെന്തു പറ്റി, കൂട്ടുകാര്‍ക്ക്‌ അങ്കലാപ്പ്‌. പെണ്ണുവീട്ടില്‍ നിന്നിറങ്ങിയ ശേഷം കൂട്ടുകാര്‍ പല തവണ ചോദിച്ചെങ്കിലും കുട്ടന്‍ സസ്‌പെന്‍സ്‌ നിശ്ശബ്ദത ഭേദിച്ചില്ല. വണ്ടിയില്‍ കയറിയ ഉടന്‍ കുട്ടന്‍ പറഞ്ഞു. വോള്‍ഗാ ബാറിലേക്ക്‌ വിട്‌. പെണ്ണുകാണല്‍ കഴിഞ്ഞാല്‍ കുട്ടനും കൂട്ടുകാര്‍ക്കും കുടി പതിവാണ്‌. എങ്കിലും കുട്ടന്‌ എന്തോ സംഭവിച്ചതായി കൂ്‌ട്ടുകാര്‍ക്ക്‌ തോന്നി. അവര്‍ ഒന്നും ചോദി്‌ച്ചില്ല. ബാറിലെത്തി ഒരു എം സി ഫുള്ളിന്റെ കഴുത്തു പൊട്ടിച്ച്‌ ഗ്ലാസിലൊഴിച്ചു. രണ്ട്‌ പെഗ്ഗ്‌ അകത്തു ചെന്നപ്പോള്‍ കുട്ടന്‍ പറഞ്ഞു, ``ഞാന്‍ ഇനി പെണ്ണു കാണില്ല, കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ആ ---നെ മാത്രമേ കഴിക്കൂ.'' കുട്ടന്റെ ഭീഷ്‌മശപഥം കേട്ട കൂട്ടുകാര്‍ ഞെട്ടി. എന്താടാ സംഭവിച്ചത്‌. പിന്നീട്‌ കുട്ടന്റെയൊരു പ്രസംഗമായിരുന്നു. അത്‌ പത്തിലൊന്നായി സംഗ്രഹിച്ചാല്‍ ഇങ്ങനെയിരിക്കും.
ബാക്കി അടുത്ത പോസ്റ്റില്‍

Thursday, July 9, 2009

എന്റെ നാട്ടിലെ കിട്ടന്‍മാര്‍

കൃഷ്‌ണന്‍ ലോപിച്ചാല്‍ കൃഷന്‍, ഉത്തേരേന്ത്യക്കാരുടെ ഭാഷയിലാണെങ്കില്‍ കിഷന്‍. എന്നാല്‍ കൃഷ്‌ണന്‍ ലോപിച്ച്‌ കിട്ടനാകുന്ന മാന്ത്രിക വിദ്യ ഞങ്ങള്‍ കടത്തനാട്ടുകാര്‍ക്ക്‌ മാത്രം അറിയാവുന്നതാണ്‌.
ഒരു കാലത്ത്‌ മലയാള നാട്ടില്‍ ഏറ്റവുമധിമുള്ള പേര്‌ സാക്ഷാല്‍ ഭഗവാന്റെ പേരായ കൃഷ്‌ണനായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക്‌ വെറും കൃഷ്‌ണന്‍ എന്ന്‌ പേരിടുന്നത്‌ കാണാറില്ല. ജയകൃഷ്‌ണന്‍, ഹരികൃഷ്‌ണന്‍, അഭയ്‌ കൃഷ്‌ണന്‍ തുടങ്ങി കൃഷ്‌ണന്റെ മുന്നില്‍ ഒരു താങ്ങ്‌ കൊടുക്കുന്ന ഏര്‍പ്പാടാണ്‌ ഇന്നുള്ളത്‌.
എന്റെ നാട്ടില്‍ ഇഷ്‌ടംപോലെ കൃഷ്‌ണന്‍മാരുണ്ട്‌, സോറി കിട്ടന്‍മാരുണ്ട്‌. ഇവരെ തിരിച്ചറിയാനായി പലവിധ ഇരട്ടപ്പേരുകള്‍ (നാട്ടുഭാഷ പ്രകാരം `എ' പേര്‌ ഇട്ടാണ്‌ വിളിക്കാറ്‌).
അവയില്‍ ചിലത്‌: ചളുമ്പി കിട്ടന്‍, കുണ്ടന്‍ കിട്ടന്‍, കീരിക്കിട്ടന്‍, ബാപ്പു കിട്ടന്‍, നീണ്ടിക്കിട്ടന്‍, പൂയിയിലെ കിട്ടന്‍.
ഇതില്‍ പൂയിയിലെ കിട്ടനെ നാട്ടിലെ ചില ചെറുപ്പക്കാര്‍ ഇപ്പോള്‍ കൃഷ്‌ണേട്ടാ എന്ന്‌ വിളിക്കുന്നുണ്ട്‌, ദുബൈയില്‍ പോയി കണ്ടമാനം കാശുണ്ടാക്കി കാറുമായി വിലസുന്നയാളെ എങ്ങനെ കിട്ടന്‍ എന്ന്‌ വിളിക്കും എന്നാണ്‌ അവരുടെ ചോദ്യം.
ഓരോ കിട്ടന്മാര്‍ക്കും ഇരട്ടപ്പേര്‌ വന്നത്‌ സ്വഭാവം, രൂപം, സ്ഥലം തുടങ്ങിയവ അടിസ്ഥാനമാക്കിയതാണ്‌. മുഖം ഒരു കീരിയുടേതിന്‌ സമാനമായതിനാലാണ്‌ കീരിക്കിട്ടന്‍ എന്ന പേര്‌ ലഭിച്ചത്‌. (കീരിക്കിട്ടേട്ടന്‍ ഈ പോസ്റ്റ്‌ കാണില്ലെന്ന വിശ്വാസത്തോടെ). തലയില്‍ കൂടം കൊണ്ട്‌ അടികൊണ്ട്‌ ശരീരം ചുരുങ്ങിപ്പോയതു പോലുള്ള രൂപമാണ്‌ ചളുമ്പിക്കിട്ടന്‌. അല്‌പം പരിഷ്‌കരിച്ച്‌ പറഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ ഷിഫ്‌റ്റ്‌ ഞെക്കിപ്പിടിക്കാതെ വലിച്ചാല്‍ കിട്ടുന്ന രൂപം എന്നും പറയാം. ചളുങ്ങിക്കിട്ടന്‍ എന്നാണ്‌ ശരിക്ക്‌ വേണ്ടത്‌. എന്നാല്‍ നാട്ടുകാരിട്ടത്‌ ചളുമ്പി എന്നാണ്‌.
നല്ല വെളുത്ത്‌ തുടുത്ത്‌ കോഴിക്കോട്ടങ്ങാടിയില്‍ കാണുന്ന കുണ്ടന്‍മാരുടെ ലുക്കാണ്‌ കുണ്ടന്‍ കിട്ടന്‌. ഇപ്പോള്‍ വയസായിപ്പോയി. ബാപ്പു എന്നത്‌ വീട്ടുപേരെ ഇരട്ടപ്പേരോ എന്ന്‌ എനിക്കറിയില്ല. ബാപ്പു കിട്ടന്‌ ഒരു ഏട്ടനുണ്ട്‌, ബാപ്പു ബാലന്‍. ബാപ്പു മാതു ഇവരുടെ അമ്മ. അച്ഛന്‍ ആരാണെന്നോ പേര്‌ ബാപ്പു ചേര്‍ത്തായിരുന്നോ എന്ന്‌ എനിക്കും നാട്ടുകാര്‍ക്കും ഇന്നും അജ്ഞാതം. ഒരു ആറ്‌ ആറരയടി പൊക്കമുള്ളതിനാലാണ്‌ നീണ്ടിക്കിട്ടന്‌ ആ പേര്‌ ലഭിച്ചത്‌. കിട്ടേട്ടന്റെ വീട്ടിലുള്ളവരെയെല്ലാം നീണ്ടി ചേര്‍ത്താണ്‌ വിളി. നീണ്ടി ചന്ദ്രന്‍, നീണ്ടി ശശി, നീണ്ടി കല്യാണി, നീണ്ടി സുര എന്നിങ്ങനെ.
ഈ നീണ്ടികളുടെ അടുത്ത ബന്ധുക്കളാണ്‌ പൊന്തി കുടുംബം. പൊന്തി എന്ന്‌ പറഞ്ഞാല്‍ പൊങ്ങച്ചക്കാരന്‍ എന്നര്‍ഥം. പൊന്തിക്കുഞ്ഞിരാമനാണ്‌ ആ പേര്‌ കുടുംബത്തിന്‌ നേരിക്കൊടുത്തത്‌. ചീപ്പ്‌ (മുടി ചീകുന്ന സാധനം) കണ്ടിട്ടു തന്നെയില്ലാത്ത കാലത്ത്‌ പോക്കറ്റില്‍ ചീപ്പുമിട്ട്‌ നടന്ന്‌ പീടികയിലിരുന്ന്‌ മുടിയില്‍ കുരുവിക്കൂട്‌ തീര്‍ത്തവനാണ്‌ കുഞ്ഞിരാമന്‍. അസൂയ കൊണ്ടാകാന്‍ ഉടന്‍ പേരു വീണു പൊന്തിക്കുഞ്ഞിരാമന്‍. ഇപ്പോള്‍ കുഞ്ഞിരാമേട്ടന്‍ മരിച്ചിട്ടും ചീപ്പ്‌ അവശ്യ വസ്‌തുവായിട്ടും പേര്‌ മാഞ്ഞുപോയില്ല. കുഞ്ഞിമാരേട്ടന്റെ ഭാര്യ പൊന്തി ജാനു (കുറിയ രൂപമായതിനാല്‍ ചിലര്‍ കുറിയ ജാനു എന്നും വിളിക്കും), മകള്‍ പൊന്തിക്കമല, മകന്‍ പൊന്തി ഷാജി. കടത്തനാടന്‍ പേരു മാഹാത്മ്യത്തെക്കുറിച്ച്‌ ഇനിയുമേറെ പറയാനുണ്ട്‌. പക്ഷെ സമയമില്ല. ഇനിയൊരിക്കലാകട്ടെ.

Sunday, June 28, 2009

പഞ്ചാരഗുളിക പാത്തു

``പാത്ത്വേ, പാത്ത്വേ അമ്മദ്‌ക്ക മിറ്റത്തേക്ക്‌ കയറുന്നതിനിടെ രണ്ടുതവണ വിളിച്ചു. ഇരുത്തി(അരബെഞ്ച്‌)യിന്‍മേല്‍ ഇരുന്ന കിണ്ടിയില്‍ നിന്ന്‌ വെള്ളമെടുത്ത്‌ മുഖവും കാലും കഴുകി, ചുമലിലെ തോര്‍ത്തെടുത്ത്‌ അമര്‍ത്തിത്തുടച്ച്‌ കോലായിലേക്ക്‌ കയറുന്നതിനിടെ ഒന്നുകൂടി വിളിച്ചു, പാത്ത്വേ. അപ്പോള്‍ ഏതോ ഗുഹയില്‍ നിന്ന്‌ പുറപ്പെടുന്നതുപോലെ അല്‍പം ഈര്‍ഷ്യ കലര്‍ന്ന `എന്താ' എന്ന മറുപടി.
``ചോറെടുത്ത്‌ വെയ്‌ക്ക്‌'' അമ്മദ്‌ക്ക.
``ചോറായിട്ടില്ല.'' പാത്തു
``നേരം പന്ത്രണ്ടായിട്ടും ചോറായിട്ടില്ലേ. ഞ്ഞിവിടെ എന്ത്വെടുക്ക്വാനും ഇത്തര നേരോം.''
``ചോറ്‌ നേരത്തും കാലത്തും വെക്കണമെങ്കില്‍ ഞങ്ങളെ മോന്റ്യോളന്‍മാരെ കൂട്ടിക്കൊണ്ടേരീം''. (അമ്മദ്‌-പാത്തു ദമ്പതികളുടെ രണ്ടു മക്കളും ദുബായിലാണ്‌. ഭര്‍ത്താക്കന്‍മാര്‍ വരുമ്പോള്‍ മാത്രം അമ്മദിന്റെ വീട്ടില്‍ പ്രത്യക്ഷപ്പെടുന്നവരാണ്‌ അവരുടെ ഭാര്യമാര്‍).
``അതവിടെ നില്‍ക്കട്ടെ. ഞ്ഞി ഇത്രനേരോം എന്തെടുക്വായിരുന്നു'' ഇതും പറഞ്ഞുകൊണ്ട്‌ അമ്മദ്‌ അടുക്കളയിലേക്ക്‌ ചെന്നു. പിന്നെയും പിന്നെയുമുള്ള ഈ ചോദ്യം പാത്തുവിന്‌ തീരെ പിടിച്ചില്ല.
``ഞാന്‍ ങ്ങളെ പെങ്ങള്‍ സൈനേനെ പോലെ പീച്ചാത്തി കണാരന്റെ കൂടെ കിടക്കാന്‍ പോയി''
പറഞ്ഞു കഴിഞ്ഞതും ``ഠേ, ഠോ'' എന്ന്‌ പാത്തുവിന്റെ രണ്ട്‌ ചെകിട്ടിലും അടി വീണത്‌ ഒന്നിച്ചാണ്‌.
ചോറു കിട്ടാത്തതിന്‌ പുറമെ മര്‍മ്മത്തിട്ട്‌ കുത്തുകൊണ്ടത്‌ അമ്മതിനെ നോവിച്ചു.
അമ്മദിന്റെ ഒരേയൊരു പെങ്ങളായിരുന്നു സൈന. മൊഞ്ചത്തി. കടമൂരി ഗ്രാമത്തെ മുഴുവന്‍ കൊതിപ്പിച്ചവള്‍. തൊട്ടാല്‍ പൊട്ടുന്ന പ്രായം. അമ്മദ്‌ തേങ്ങാക്കച്ചവടത്തിന്‌ പോയ ഒരു ദിവസമാണ്‌ ആ മഹാസംഭവം നടന്നത്‌. അമ്മദില്ലാത്ത തക്കം നോക്കി തെങ്ങുകയറ്റക്കാരന്‍ പീച്ചാത്തി കണാരന്‍ വീട്ടിലെത്തി. ഒരു ചെറിയ തോര്‍ത്തും അതിലും വലിയ ട്രൗസറുമുടുത്ത്‌ കണാരന്‍ തെങ്ങിന്‍ മണ്ടയിലേക്ക്‌ കയറികയറി പോകുന്നത്‌ നക്ഷത്രം കണ്ട്‌ അത്ഭുതം കൂറുന്ന കുട്ടിയെപ്പോലെ സൈന നോക്കി നിന്നു. വീണ തേങ്ങ പെറുക്കിയെടുക്കുമ്പോഴും സൈനയുടെ നോട്ടം കാരിരുമ്പു പോലത്തെ കണാരന്റെ ശരീരത്തിലേക്കായിരുന്നു. പെണ്ണിനെ എങ്ങനെ വീഴിക്കണമെന്നതില്‍ ബിരുദമെടുത്ത നാട്ടിലെ അപൂര്‍വ പ്രതിഭയായ കണാരന്‍ ഇത്‌ കാണുന്നുണ്ടായിരുന്നു.
``സൈനേ നീ തേങ്ങ പെറുക്കിയിട്‌. ഞാന്‍ പീട്യേപ്പോയി കാണാരന്‌ ചായക്ക്‌ കൂട്ടാന്‍ വാങ്ങി വരാം.'' എന്ന്‌ പാത്തു പറയുന്നത്‌ തെങ്ങിന്റെ പാതി മുകളില്‍ വെച്ചാണ്‌ കണാരന്‍ കേട്ടത്‌. കയറ്റം അവിടെ നിര്‍ത്തി ഇടവഴിയിലൂടെ പാത്തു നടന്നുനീങ്ങുന്നത്‌ വരെ കാത്ത ശേഷം വേഗത്തില്‍ തെങ്ങില്‍ നിന്ന്‌ ഊര്‍ന്നിറങ്ങി. സൈന അടുക്കളയിലാണ്‌. കേറിച്ചെന്ന കണാരന്‍ ഉറുമ്പടക്കം ഒറ്റപ്പിടുത്തമാണ്‌. ആദ്യമൊക്കെ ചില്ലറ എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്കിലും തെങ്ങിന്റെ മണമുള്ള കണാരന്‌ അവള്‍ വഴങ്ങി.
``സൈനേ.. അതൊരലര്‍ച്ചയായിരുന്നു. പിറന്നപടിയായിരുന്ന സൈനയും കണാരനും തട്ടിപ്പിടഞ്ഞെഴുന്നേറ്റു. സൈന വസ്‌ത്രങ്ങളും വാരിപ്പിടിച്ച്‌ തന്റെ മുറിയിലേക്കോടി. കണാരന്‍ കുന്തം വിഴുങ്ങിയവനെപ്പോലെ നില്‍ക്കുകയാണ്‌. പാത്തു എങ്ങനെ ഇത്ര വേഗം പീട്യയില്‍ നിന്ന്‌ തിരിച്ചെത്തി എന്നതായിരുന്നു കണാരനെ ഭരിച്ച ചിന്ത. എന്താണ്‌ ചെയ്യേണ്ടന്നറിയാതെ നിന്ന കണാരനോട്‌ ``ഞ്ഞി പോ കണാരാ തേങ്ങ എനി നാളെ പറിക്കാം''. കണാരന്‍ ഏതോ സ്വപ്‌നലോകത്തിലെന്നപോലെ നടന്നുതുടങ്ങി. ``ഏണിയെടുക്കുന്നില്ലേ.'' പിന്നില്‍ നിന്ന്‌ പാത്തു. സന്തതസഹചാരിയും തോളിലെ ആഭരണവുമായ ഏണിയുമേന്തി കണാരന്‍ മെല്ലെ സ്ഥലം വിട്ടു. സൈനേനെ കുറെ ചീത്ത പറഞ്ഞെങ്കിലും ഇക്കാര്യം അന്ന്‌ മറക്കാന്‍ പാത്തുവും അമ്മദും തീരുമാനിച്ചതാണ്‌. അതാണ്‌ പാത്തു ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്‌. അമ്മദ്‌ എങ്ങനെ സഹിക്കും. പാത്തുവിന്‌ രണ്ടടിയും കൊടുത്ത്‌ തോര്‍ത്തുമുണ്ട്‌ തലയില്‍ മുറുക്കിക്കെട്ടി ശരംവിട്ടപോലെ പുറത്തേക്ക്‌ പോയ അമ്മദ്‌ നിന്നത്‌ നാണുവിന്റെ ചായപ്പീട്യേലാണ്‌. `നാണു ഒരു പൊടിച്ചായ'
നാണുവിന്റെ പീട്യേലിരുന്ന്‌ അമ്മദ്‌ പൊടിച്ചായ ഊതിക്കുടിക്കുമ്പോള്‍ എങ്ങനെ മരിക്കണം എന്നാലോചിക്കുകയായിരുന്നു പാത്തു.
വിഷം കിട്ടാന്‍ വകുപ്പില്ല. തൂങ്ങിച്ചാവന്‍ പേടി. അവസാനം ഒരു മാര്‍ഗം കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്തെ പനിയ്‌ക്ക്‌ താഴെക്കുനി ഡിസ്‌പന്‍സറിയില്‍ നിന്ന്‌ കിട്ടിയ പാരസിറ്റമോളുണ്ട്‌ കണ്ടമാനം. അതെല്ലാം പൊളിച്ചെടുത്ത പാത്തു ഗുളിക പൊടിച്ച്‌ തിന്നാന്‍ നോക്കി. ഭയങ്കര കയ്‌പ്‌. വായില്‍വെക്കാനാകുന്നില്ല. അപ്പോഴാണ്‌ ഐഡിയ തോന്നിയത്‌. ഗുളികപ്പൊടി ഗ്ലാസിലിട്ട്‌ അതില്‍ കുറെ പഞ്ചസാരയും വെള്ളവും ചേര്‍ത്തിളക്കി ഒരറ്റ വലി. കുറച്ചുനേരത്തിന്‌ ശേഷം പാത്തുവിന്റെ നിലവിളി കേട്ടാണ്‌ അയലത്തെ ചന്ദ്രിയും ചിരുതേയി അമ്മയും ഓടിയെത്തിയത്‌. `എന്താ പാത്തൂ, എന്താ പാത്തൂ' എന്ന്‌ എല്ലാവരും ചോദിക്കുന്നുണ്ട്‌. വയറ്‌ പൊത്തിപ്പിടിച്ചുകൊണ്ട്‌ പാത്തു നിലവിളി തന്നെ. ഇതിനിടെ പാത്തു കഴിച്ച ഗുളിക രസായനത്തിന്റെ ഗ്ലാസ്‌ ചിലര്‍ കണ്ടെത്തി. ഇതോടെ കാര്യങ്ങള്‍ വ്യക്തമായി. ആശുപത്രിയിലെത്തിക്കാനായി ഹമീദിന്റെ ജീപ്പെത്തി. ഇതിനകം നാണുവിന്റെ പീട്യേന്ന്‌ അമ്മദും സ്ഥലത്തെത്തിയിരുന്നു.
രണ്ടു ദിവസത്തെ ആശുപത്രിക്ക്‌ ശേഷം പരാജയപ്പെട്ട ആത്മഹത്യക്കാരിയുടെ ചമ്മലോടെ പാത്തു വീട്ടില്‍ തിരിച്ചെത്തി. കണ്ടവര്‍ കണ്ടവരെല്ലാം ചോദിക്കാന്‍ തുടങ്ങി എന്തിനാ പാത്തു നീ ഇത്‌ ചെയ്‌തത്‌. ``അത്‌ അമ്മദ്‌ക്ക അതും ഇതും പറഞ്ഞിട്ട്‌.'' എന്നു മാത്രം പറഞ്ഞ്‌ പാത്തു തടിതപ്പി. എന്നാല്‍ ഈ ആത്മഹത്യാ ശ്രമത്തോടെ ചാത്തോത്തെ പാത്തുവിന്‌ ഒരു പേരു കൂടി കിട്ടി, `പഞ്ചാര ഗുളിക പാത്തു.'


ഒരു ദിവസം രാവിലെ എണീക്കണോ വേണ്ടയോ എന്നാലോചിച്ച്‌ കിടക്കുമ്പോഴാണ്‌ അമ്മയുടെ ഫോണ്‍ വിളി കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. എടാ... മ്മളെ പാത്തു മരിച്ചു.
ഏത്‌ പാത്തു',
`ചാത്തോത്തെ പാത്തു'
`ഏത്‌ മ്മളെ പഞ്ചാരഗുളിക പാത്തുവോ'
`അതുതതന്നെ.'

Friday, March 27, 2009

എങ്ങനെ കഴിച്ചുകൂട്ടും ഒരു മാസം?

സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി അണികളുടെയും അങ്കലാപ്പിലാണ്‌. എങ്ങനെ കഴിച്ചു കൂട്ടും ആ ഒരു മാസം. ഏപ്രില്‍ 16ന്‌ വോട്ടെടുപ്പ്‌ കഴിഞ്ഞ്‌ ഫലമറിയാന്‍ ഒരു മാസമെടുക്കും. മെയ്‌ 16നാണ്‌ വോട്ടെണ്ണുക. അതുവരെ കണക്കുകൂട്ടലുകളും കിഴിക്കലുകളും നടത്താം. പക്ഷെ ഒരു മാസം കൂട്ടാനും കിഴിക്കാനും മാത്രം കണക്കുകളുണ്ടാകുമോ? ഇതിനിടെ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഹൃദയസ്‌തംഭനം തന്നെ സംഭവിച്ചേക്കുമെന്നാണ്‌ വിദഗ്‌ധ പ്രവചനം. വോട്ടെടുപ്പ്‌ കഴിഞ്ഞാലുടന്‍ ഒരു ഹൃദ്രോഗ വിദഗ്‌ധനെ സന്ദര്‍ശിച്ച്‌ ഉപദേശം നേടുന്നത്‌ നന്നായിരിക്കും. ഏതായാലും ചാനലുകള്‍ക്ക്‌ കൊയ്‌ത്തുതന്നെയായിരിക്കും. പടക്കളം, പോര്‍ക്കളം, കൊടിപ്പട, ജനസഭ തുടങ്ങിയ പേരുകളില്‍ ഇപ്പോള്‍ പാര്‍ട്ടിക്കാരെ ക്യാമറക്ക്‌ മുന്നില്‍ തമ്മില്‍ തല്ലിക്കുന്ന ചാനലുകള്‍ വോട്ടെടുപ്പ്‌ കഴിഞ്ഞാല്‍ സ്റ്റുഡിയോ മുറികളില്‍ സ്ഥാനാര്‍ത്ഥികളെയായിരിക്കും തമ്മില്‍ തല്ലിക്കുന്നത്‌. പടക്കളം, പോര്‍ക്കളം.. ഇത്യാദി പരിപാടികള്‍ പല സ്ഥലത്തും അക്രമത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സ്‌നേഹമുള്ളതിനാല്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ചില ഉപദേശങ്ങള്‍.
1- ആണുങ്ങളാണെങ്കില്‍ നല്ല കട്ടിയുള്ള തുണിയുടെ ഷര്‍ട്ട്‌ ധരിക്കുക. എളുപ്പം കീറിപ്പോകില്ലെന്ന്‌ ഉറപ്പാക്കാന്‍ ഇത്‌ സഹായിക്കും. പാന്റ്‌സിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അല്ലെങ്കില്‍ ജഗതി ശ്രീകുമാറിനെപ്പോലെ ചില സിനിമകളില്‍ കാണുന്നപോലെ കീറിയ ഷര്‍ട്ടും പാന്റ്‌സുമായി സ്റ്റുഡിയോയിലേക്ക്‌ മടങ്ങേണ്ടി വന്നേക്കാം. പെണ്‍കുട്ടിയാണെങ്കില്‍ ചുരിദാറോ ജീന്‍സും ടീഷര്‍ട്ടോ ഇടാം. പക്ഷെ ഷാള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. കളി കയ്യാങ്കളിയാകുമ്പോള്‍ കഴുത്തില്‍ മുറുക്കാന്‍ സാധ്യതയുണ്ട്‌. 2- പരിപാടി കൊഴുപ്പിക്കാന്‍ കാണികളോടും സ്ഥാനാര്‍ത്ഥികളോടും പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുക. അണികള്‍ മുണ്ടു പൊക്കി കാണിക്കുക, മുണ്ടുരിയുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നടത്തിയാല്‍ അത്‌ സൂം ചെയ്‌ത്‌ കാണിക്കാന്‍ ക്യാമറാമാനെ ഏര്‍പ്പാട്‌ ചെയ്യുക. അതേക്കുറിച്ച്‌ ന്യൂസ്‌ അവറില്‍ ചര്‍ച്ചയും സംഘടിപ്പിക്കണം. 3- ഒരു ചോദ്യമോ ഒരു ഉത്തരമോ പൂര്‍ത്തിയാക്കാന്‍ അനുവദിക്കരുത്‌. പകുതിയില്‍ നിര്‍ത്തിക്കുക. അപ്പോള്‍ മാത്രമേ ആങ്കറുടെ വില ജനങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും മനസ്സിലാകൂ. 4- തൂവാല, കൂളിംഗ്‌ ഗ്ലാസ്‌ തുടങ്ങിയവ പാന്റ്‌സിന്റെ പോക്കറ്റില്‍ കരുതുന്നത്‌ നന്നായിരിക്കും. അടിയുണ്ടാവുകയാണെങ്കില്‍ ഓടുന്ന ഓട്ടത്തിനിടയ്‌ക്ക്‌ തൂവാല തലയില്‍ കെട്ടുകയും ഗ്ലാസ്‌ എടുത്ത്‌ മുഖത്ത്‌ വെക്കുകയും ചെയ്യുക. ആളറിയാതിരിക്കാന്‍ സഹായിക്കും. ഓടിക്കയറുന്നത്‌ ഒരു കൂള്‍ ബാറിലോ ഹോട്ടലിലോ ആയിരിക്കണം. കാരണം ഓടിയതിനാല്‍ ദാഹമുണ്ടാകും. വെള്ളം കുടിക്കാന്‍ ഇവിടെ കയറുന്നതാണ്‌ ഉത്തമം. എല്ലാം അടങ്ങിക്കഴിഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ എടുത്ത്‌ ക്യാമറാമാനെ വിളിക്കുക. ജീവനുണ്ടെങ്കില്‍ അയാള്‍ ഫോണെടുക്കും. ഫോണെടുത്തിട്ടില്ലെങ്കില്‍ എന്തോ അപകടം പറ്റിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കുക. അങ്ങനെയങ്കില്‍ സ്റ്റുഡിയോയിലേക്ക്‌ വിളിച്ചു പറഞ്ഞ്‌ ക്യാമറാമാന്‍ മരിച്ചതായി ഫ്‌ളാഷ്‌ ഇടാന്‍ പറയുക. മരിച്ചില്ലെങ്കില്‍ അയാള്‍ ഫ്‌ളാഷ്‌ കണ്ട്‌ വിളിക്കും. അപ്പോള്‍ ഫ്‌ളാഷ്‌ നിര്‍ത്താന്‍ നിര്‍ദേശിക്കുക. എല്ലാം അടങ്ങിക്കഴിഞ്ഞാല്‍ നേരെ അടുത്തുള്ള ബാറിലേക്ക്‌ നീങ്ങുക. ആദ്യം ഒരു കുപ്പി ബിയര്‍ പറയുക. രണ്ട്‌ ഗ്ലാസ്‌ ബിയര്‍ കഴിഞ്ഞാല്‍ ഒരു ഒന്നര ഒ സി ആര്‍ പറയുക. അത്‌ ബാക്കിയുള്ള ബിയറില്‍ ഒഴിച്ച്‌ കഴിക്കുക. ക്ഷീണവും ദാഹവും വിശപ്പും നിശ്ശേഷം മാറും. നേരെ സ്റ്റുഡിയോയിലേക്ക്‌ പോവുക.

Monday, January 19, 2009

മമ്മൂട്ടി മത്സരിക്കുമോ?


എറണാകുളത്തോ പൊന്നാനിയിലോ എന്നാണ്‌ ഇപ്പോഴത്തെ കേരളത്തിലെ ചര്‍ച്ച. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു!!!. നമുക്കറിയാം അടിയുറച്ച ഇടതുപക്ഷ വിശ്വാസിയാണ്‌ മമ്മൂട്ടി. കോളെജില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ ഇടതുപക്ഷക്കാരനായിരുന്നുവെന്ന്‌ മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്‌. പഴയ സതീര്‍ത്ഥ്യന്‍ ദേശാഭിമാനി അസിസ്‌റ്റന്റ്‌ എഡിറ്റര്‍ രവി കുറ്റിക്കാട്‌ മുതല്‍ പിണറായി വിജയന്‍ മുതലുള്ളവരുടെ സൗഹൃദത്തിന്റെ സ്വാധീനവലയം, എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന ബോധം, മറ്റ്‌ സിനിമാതാരങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായ കാഴ്‌ചപ്പാട്‌-മമ്മൂട്ടിയെ ഒരു കമ്മ്യൂണിസ്റ്റാക്കിയതില്‍ അത്ഭുതമില്ല. (മലപ്പുറത്തെ ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പൊറുക്കട്ടെ!). കഴിഞ്ഞയാഴ്‌ച കേരളത്തിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതായിരുന്നു മമ്മൂട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി (സ്വതന്ത്ര) എറണാകുളത്തോ പൊന്നാനിയിലോ മത്സരിക്കും. എന്നാല്‍ മമ്മൂട്ടി ഇതുവരെ സമ്മതം മൂളിയിട്ടില്ല. സിനിമാരംഗത്തെ ഇമേജിനെ ബാധിക്കുമോയെന്നാണ്‌ പേടി. എന്നാല്‍ അടുത്തകാലത്ത്‌ ആരംഭിച്ച മമ്മൂട്ടിയുടെ ബ്ലോഗ്‌ നമുക്ക്‌ തരുന്നൊരു സന്ദേശമുണ്ട്‌. രാഷ്ട്രീയ സന്ദേശം. എന്തായാലും മമ്മൂട്ടി ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. തമിഴ്‌നാടല്ല കേരളം. തമിഴ്‌നാട്ടിലെ ആരാധകരുമല്ല കേരളത്തിലുള്ളത്‌. ഫാന്‍സ്‌ അസോസിയേഷനുകള്‍ കടിപിടി കൂടുമെങ്കിലും സാധാരണ ജനങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ്‌. ആലപ്പുഴയില്‍ ഇടതുപക്ഷക്കാരനായി മത്സരിച്ച മുരളിയുടെ ഗതി വരാതിരിക്കട്ടെ. രാഷ്ട്രീയം വേറെ സിനിമ വേറെ. ഇക്കാര്യം മലയാളികള്‍ തെളിയിച്ചു കഴിഞ്ഞതാണ്‌. മമ്മൂട്ടിയായിട്ട്‌ അതിന്‌ മാറ്റമുണ്ടാക്കുന്നുണ്ടെങ്കില്‍ ആകട്ടെ. പക്ഷെ ഏഷ്യാനെറ്റിലെ മുന്‍ഷി പറയുമ്പോലെ ഒരു കാര്യം പറയട്ടെ. 'ആട്ടുന്നവനെ നെയ്യാന്‍ ആക്കരുത്‌' തുണിക്കുപകരം പിണ്ണാക്കാകും കിട്ടുക.