Sunday, June 28, 2009

പഞ്ചാരഗുളിക പാത്തു

``പാത്ത്വേ, പാത്ത്വേ അമ്മദ്‌ക്ക മിറ്റത്തേക്ക്‌ കയറുന്നതിനിടെ രണ്ടുതവണ വിളിച്ചു. ഇരുത്തി(അരബെഞ്ച്‌)യിന്‍മേല്‍ ഇരുന്ന കിണ്ടിയില്‍ നിന്ന്‌ വെള്ളമെടുത്ത്‌ മുഖവും കാലും കഴുകി, ചുമലിലെ തോര്‍ത്തെടുത്ത്‌ അമര്‍ത്തിത്തുടച്ച്‌ കോലായിലേക്ക്‌ കയറുന്നതിനിടെ ഒന്നുകൂടി വിളിച്ചു, പാത്ത്വേ. അപ്പോള്‍ ഏതോ ഗുഹയില്‍ നിന്ന്‌ പുറപ്പെടുന്നതുപോലെ അല്‍പം ഈര്‍ഷ്യ കലര്‍ന്ന `എന്താ' എന്ന മറുപടി.
``ചോറെടുത്ത്‌ വെയ്‌ക്ക്‌'' അമ്മദ്‌ക്ക.
``ചോറായിട്ടില്ല.'' പാത്തു
``നേരം പന്ത്രണ്ടായിട്ടും ചോറായിട്ടില്ലേ. ഞ്ഞിവിടെ എന്ത്വെടുക്ക്വാനും ഇത്തര നേരോം.''
``ചോറ്‌ നേരത്തും കാലത്തും വെക്കണമെങ്കില്‍ ഞങ്ങളെ മോന്റ്യോളന്‍മാരെ കൂട്ടിക്കൊണ്ടേരീം''. (അമ്മദ്‌-പാത്തു ദമ്പതികളുടെ രണ്ടു മക്കളും ദുബായിലാണ്‌. ഭര്‍ത്താക്കന്‍മാര്‍ വരുമ്പോള്‍ മാത്രം അമ്മദിന്റെ വീട്ടില്‍ പ്രത്യക്ഷപ്പെടുന്നവരാണ്‌ അവരുടെ ഭാര്യമാര്‍).
``അതവിടെ നില്‍ക്കട്ടെ. ഞ്ഞി ഇത്രനേരോം എന്തെടുക്വായിരുന്നു'' ഇതും പറഞ്ഞുകൊണ്ട്‌ അമ്മദ്‌ അടുക്കളയിലേക്ക്‌ ചെന്നു. പിന്നെയും പിന്നെയുമുള്ള ഈ ചോദ്യം പാത്തുവിന്‌ തീരെ പിടിച്ചില്ല.
``ഞാന്‍ ങ്ങളെ പെങ്ങള്‍ സൈനേനെ പോലെ പീച്ചാത്തി കണാരന്റെ കൂടെ കിടക്കാന്‍ പോയി''
പറഞ്ഞു കഴിഞ്ഞതും ``ഠേ, ഠോ'' എന്ന്‌ പാത്തുവിന്റെ രണ്ട്‌ ചെകിട്ടിലും അടി വീണത്‌ ഒന്നിച്ചാണ്‌.
ചോറു കിട്ടാത്തതിന്‌ പുറമെ മര്‍മ്മത്തിട്ട്‌ കുത്തുകൊണ്ടത്‌ അമ്മതിനെ നോവിച്ചു.
അമ്മദിന്റെ ഒരേയൊരു പെങ്ങളായിരുന്നു സൈന. മൊഞ്ചത്തി. കടമൂരി ഗ്രാമത്തെ മുഴുവന്‍ കൊതിപ്പിച്ചവള്‍. തൊട്ടാല്‍ പൊട്ടുന്ന പ്രായം. അമ്മദ്‌ തേങ്ങാക്കച്ചവടത്തിന്‌ പോയ ഒരു ദിവസമാണ്‌ ആ മഹാസംഭവം നടന്നത്‌. അമ്മദില്ലാത്ത തക്കം നോക്കി തെങ്ങുകയറ്റക്കാരന്‍ പീച്ചാത്തി കണാരന്‍ വീട്ടിലെത്തി. ഒരു ചെറിയ തോര്‍ത്തും അതിലും വലിയ ട്രൗസറുമുടുത്ത്‌ കണാരന്‍ തെങ്ങിന്‍ മണ്ടയിലേക്ക്‌ കയറികയറി പോകുന്നത്‌ നക്ഷത്രം കണ്ട്‌ അത്ഭുതം കൂറുന്ന കുട്ടിയെപ്പോലെ സൈന നോക്കി നിന്നു. വീണ തേങ്ങ പെറുക്കിയെടുക്കുമ്പോഴും സൈനയുടെ നോട്ടം കാരിരുമ്പു പോലത്തെ കണാരന്റെ ശരീരത്തിലേക്കായിരുന്നു. പെണ്ണിനെ എങ്ങനെ വീഴിക്കണമെന്നതില്‍ ബിരുദമെടുത്ത നാട്ടിലെ അപൂര്‍വ പ്രതിഭയായ കണാരന്‍ ഇത്‌ കാണുന്നുണ്ടായിരുന്നു.
``സൈനേ നീ തേങ്ങ പെറുക്കിയിട്‌. ഞാന്‍ പീട്യേപ്പോയി കാണാരന്‌ ചായക്ക്‌ കൂട്ടാന്‍ വാങ്ങി വരാം.'' എന്ന്‌ പാത്തു പറയുന്നത്‌ തെങ്ങിന്റെ പാതി മുകളില്‍ വെച്ചാണ്‌ കണാരന്‍ കേട്ടത്‌. കയറ്റം അവിടെ നിര്‍ത്തി ഇടവഴിയിലൂടെ പാത്തു നടന്നുനീങ്ങുന്നത്‌ വരെ കാത്ത ശേഷം വേഗത്തില്‍ തെങ്ങില്‍ നിന്ന്‌ ഊര്‍ന്നിറങ്ങി. സൈന അടുക്കളയിലാണ്‌. കേറിച്ചെന്ന കണാരന്‍ ഉറുമ്പടക്കം ഒറ്റപ്പിടുത്തമാണ്‌. ആദ്യമൊക്കെ ചില്ലറ എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്കിലും തെങ്ങിന്റെ മണമുള്ള കണാരന്‌ അവള്‍ വഴങ്ങി.
``സൈനേ.. അതൊരലര്‍ച്ചയായിരുന്നു. പിറന്നപടിയായിരുന്ന സൈനയും കണാരനും തട്ടിപ്പിടഞ്ഞെഴുന്നേറ്റു. സൈന വസ്‌ത്രങ്ങളും വാരിപ്പിടിച്ച്‌ തന്റെ മുറിയിലേക്കോടി. കണാരന്‍ കുന്തം വിഴുങ്ങിയവനെപ്പോലെ നില്‍ക്കുകയാണ്‌. പാത്തു എങ്ങനെ ഇത്ര വേഗം പീട്യയില്‍ നിന്ന്‌ തിരിച്ചെത്തി എന്നതായിരുന്നു കണാരനെ ഭരിച്ച ചിന്ത. എന്താണ്‌ ചെയ്യേണ്ടന്നറിയാതെ നിന്ന കണാരനോട്‌ ``ഞ്ഞി പോ കണാരാ തേങ്ങ എനി നാളെ പറിക്കാം''. കണാരന്‍ ഏതോ സ്വപ്‌നലോകത്തിലെന്നപോലെ നടന്നുതുടങ്ങി. ``ഏണിയെടുക്കുന്നില്ലേ.'' പിന്നില്‍ നിന്ന്‌ പാത്തു. സന്തതസഹചാരിയും തോളിലെ ആഭരണവുമായ ഏണിയുമേന്തി കണാരന്‍ മെല്ലെ സ്ഥലം വിട്ടു. സൈനേനെ കുറെ ചീത്ത പറഞ്ഞെങ്കിലും ഇക്കാര്യം അന്ന്‌ മറക്കാന്‍ പാത്തുവും അമ്മദും തീരുമാനിച്ചതാണ്‌. അതാണ്‌ പാത്തു ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്‌. അമ്മദ്‌ എങ്ങനെ സഹിക്കും. പാത്തുവിന്‌ രണ്ടടിയും കൊടുത്ത്‌ തോര്‍ത്തുമുണ്ട്‌ തലയില്‍ മുറുക്കിക്കെട്ടി ശരംവിട്ടപോലെ പുറത്തേക്ക്‌ പോയ അമ്മദ്‌ നിന്നത്‌ നാണുവിന്റെ ചായപ്പീട്യേലാണ്‌. `നാണു ഒരു പൊടിച്ചായ'
നാണുവിന്റെ പീട്യേലിരുന്ന്‌ അമ്മദ്‌ പൊടിച്ചായ ഊതിക്കുടിക്കുമ്പോള്‍ എങ്ങനെ മരിക്കണം എന്നാലോചിക്കുകയായിരുന്നു പാത്തു.
വിഷം കിട്ടാന്‍ വകുപ്പില്ല. തൂങ്ങിച്ചാവന്‍ പേടി. അവസാനം ഒരു മാര്‍ഗം കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്തെ പനിയ്‌ക്ക്‌ താഴെക്കുനി ഡിസ്‌പന്‍സറിയില്‍ നിന്ന്‌ കിട്ടിയ പാരസിറ്റമോളുണ്ട്‌ കണ്ടമാനം. അതെല്ലാം പൊളിച്ചെടുത്ത പാത്തു ഗുളിക പൊടിച്ച്‌ തിന്നാന്‍ നോക്കി. ഭയങ്കര കയ്‌പ്‌. വായില്‍വെക്കാനാകുന്നില്ല. അപ്പോഴാണ്‌ ഐഡിയ തോന്നിയത്‌. ഗുളികപ്പൊടി ഗ്ലാസിലിട്ട്‌ അതില്‍ കുറെ പഞ്ചസാരയും വെള്ളവും ചേര്‍ത്തിളക്കി ഒരറ്റ വലി. കുറച്ചുനേരത്തിന്‌ ശേഷം പാത്തുവിന്റെ നിലവിളി കേട്ടാണ്‌ അയലത്തെ ചന്ദ്രിയും ചിരുതേയി അമ്മയും ഓടിയെത്തിയത്‌. `എന്താ പാത്തൂ, എന്താ പാത്തൂ' എന്ന്‌ എല്ലാവരും ചോദിക്കുന്നുണ്ട്‌. വയറ്‌ പൊത്തിപ്പിടിച്ചുകൊണ്ട്‌ പാത്തു നിലവിളി തന്നെ. ഇതിനിടെ പാത്തു കഴിച്ച ഗുളിക രസായനത്തിന്റെ ഗ്ലാസ്‌ ചിലര്‍ കണ്ടെത്തി. ഇതോടെ കാര്യങ്ങള്‍ വ്യക്തമായി. ആശുപത്രിയിലെത്തിക്കാനായി ഹമീദിന്റെ ജീപ്പെത്തി. ഇതിനകം നാണുവിന്റെ പീട്യേന്ന്‌ അമ്മദും സ്ഥലത്തെത്തിയിരുന്നു.
രണ്ടു ദിവസത്തെ ആശുപത്രിക്ക്‌ ശേഷം പരാജയപ്പെട്ട ആത്മഹത്യക്കാരിയുടെ ചമ്മലോടെ പാത്തു വീട്ടില്‍ തിരിച്ചെത്തി. കണ്ടവര്‍ കണ്ടവരെല്ലാം ചോദിക്കാന്‍ തുടങ്ങി എന്തിനാ പാത്തു നീ ഇത്‌ ചെയ്‌തത്‌. ``അത്‌ അമ്മദ്‌ക്ക അതും ഇതും പറഞ്ഞിട്ട്‌.'' എന്നു മാത്രം പറഞ്ഞ്‌ പാത്തു തടിതപ്പി. എന്നാല്‍ ഈ ആത്മഹത്യാ ശ്രമത്തോടെ ചാത്തോത്തെ പാത്തുവിന്‌ ഒരു പേരു കൂടി കിട്ടി, `പഞ്ചാര ഗുളിക പാത്തു.'


ഒരു ദിവസം രാവിലെ എണീക്കണോ വേണ്ടയോ എന്നാലോചിച്ച്‌ കിടക്കുമ്പോഴാണ്‌ അമ്മയുടെ ഫോണ്‍ വിളി കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. എടാ... മ്മളെ പാത്തു മരിച്ചു.
ഏത്‌ പാത്തു',
`ചാത്തോത്തെ പാത്തു'
`ഏത്‌ മ്മളെ പഞ്ചാരഗുളിക പാത്തുവോ'
`അതുതതന്നെ.'