ചന്ദനത്തിരിയുടെയും വെളിച്ചെണ്ണയുടെയും വാസനാസോപ്പിന്റെയും ഉണക്കുമീനിന്റെയും സമ്മിശ്ര ഗന്ധമായിരുന്നു കുറുപ്പിന്റെ പീട്യക്ക്. സൈക്കിള്‍ ടയര്‍ എന്ന വണ്ടി പീടികയുടെ കോണിയില്‍ ചാരിവെച്ച്, അഴിഞ്ഞുപോകുന്ന ട്രൗസര്‍ ഒരു കൈകൊണ്ട് മുറുക്കിപ്പിടിച്ച്, മറുകൈകൊണ്ട് ഒലിച്ചിറങ്ങുന്ന മൂക്കിള തുടച്ച് എത്ര തവണ പറഞ്ഞിട്ടുണ്ട് കുറുപ്പിനോട് 200 അവല്, 100 പഞ്ചസാര, 50 മുളക്... കുറുപ്പിനോട് പറയുമ്പോള്‍ ഉറക്കെ പറയണം. ചെവി ശരിക്ക് കേള്‍ക്കില്ല. ഒരു ചെറിയ മരസ്റ്റൂളില്‍ വെള്ള മുണ്ടും മുറിക്കൈയ്യന്‍ ബനിയനുമിട്ടിരിക്കുന്ന ആജാനബാഹുവായ മനുഷ്യന്. ഇരിക്കുന്നതിന്റെ തൊട്ടടുത്ത് വാക്കിംഗ് സ്റ്റിക്ക് ചാരി വെച്ചിട്ടുണ്ടാകും. കുറുപ്പിന് ഒരു കാലില്ലായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്ഫോറത്തിനും ഇടയില്‍ മുറിഞ്ഞു വീണതാണ് ഇടംകാല്. ഓലമേഞ്ഞ രണ്ടുമുറി പീടിക. ചെറിയൊരു കോലായിയും. കോലായില്‍ ഇട്ട ബെഞ്ചിലിരുന്ന് മാതൃഭൂമി വായിച്ച് സാധു ബീഡിയും പുകച്ച് രാഷ്ട്രീയം പറയുന്ന തെയ്യത്താംകാട്ടിലെ കിട്ടനും പുളിയത്താംകണ്ടീലെ കണാരനും. ഒറ്റത്തോര്‍ത്തുമാത്രമുടുത്ത് കഴുത്തിന് പിറകിലെ കനത്ത മസിലുകള്‍ ചലിപ്പിച്ചു കൊണ്ട് മുറുക്കുന്ന മീത്തലാടത്തിലെ കണ്ണന്. കുനിഞ്ഞു വേണം പീടികയിലേക്ക് കയറാന്‍. പുറമേ നിന്ന് നോക്കിയാല്‍ മേല്‍ക്കൂര മാത്രമേ കാണൂ.കാല് നഷ്ടമായ കുറുപ്പിന് സഹായിയായാണ് ഗോയിന്ദന് പീടികയിലെത്തിയത്. രാവിലെ 6.45ന് ഏക ബസായ ശ്രീഗണേഷില്‍ ചാക്കുകളുമായി ഒന്നരാടം ഗോയിന്ദന് വടകരയിലേക്ക് പോകും. 10.30ന് ഗണേഷ് മടങ്ങുമ്പോള്‍ കൂടെ ചാക്കുകള്‍ നിറയെ നാടിനെ ഊട്ടാനുള്ള സാധനങ്ങളുമായി ഗോയിന്ദനുമുണ്ടാകും. കടമേരി ഗ്രാമത്തിന്റെ ഏക ആശ്രയമായിരുന്നു കുറുപ്പിന്റെ പീട്യ. സന്ധ്യക്കുള്ള തിരക്ക് കാണണം. പണി കയറി പെണ്ണുങ്ങള് നേരെ പീടികയിലേക്കാണ്. അപ്പോള്‍ കുറുപ്പിനും ഗോയിന്ദനും രണ്ട് കൈകള്‍ പോരാതാകും. തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു ദിനം കുറുപ്പ് വിടപറഞ്ഞു. കച്ചവടം ഗോയിന്ദന് ഏറ്റെടുത്തു. കാലം മാറുന്നുണ്ടായിരുന്നു. കുറുപ്പിന്റെ സ്ഥാനത്ത് ഗോയിന്ദന് വന്നുവെന്നുവല്ലാതെ മറ്റൊരു മാറ്റവും പീട്യക്കുണ്ടായില്ല. ഇതിനിടെയാണ് കുറുപ്പിന്റെ മകന് ഗള്‍ഫില്‍ നിന്നെത്തുന്നത്. അവകാശത്തെച്ചൊല്ലി ചെറിയ കുറുപ്പും ഗോയിന്ദനും തമ്മില്‍ തര്‍ക്കമായി. കുറുപ്പിന്റെ പീട്യയുടെ തകര്‍ച്ചയുടെ ആദ്യഘട്ടം. രണ്ടുപേര്‍ക്കും തോന്നിയ വിധത്തില്‍ കച്ചവടം. തോന്നിയ വിധത്തില്‍ ലാഭമെടുക്കല്‍, തോന്നിയ വിധത്തില്‍ സാധനങ്ങള്‍ വാങ്ങല്‍. ആളുകള്‍ സാധനങ്ങള്‍ കിട്ടാതെ വലഞ്ഞു. അന്ത്രുഹാജിയുടെ മകന് സുബൈര്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി. തൊട്ടടുത്ത് തന്നെ ഒരു വലിയ പീട്യയങ്ങ് (നാട്ടിന്‍പുറത്തെ ബിഗ് ബസാര്‍ എന്നും പറയാം) തുടങ്ങി. ചെറിയ കുറുപ്പിന്റെയും ഗോയിന്ദന്റെയും ശീതസമരത്തില്‍ സാധനങ്ങള്‍ കിട്ടാതെ വലഞ്ഞ നാട്ടുകാര്‍ക്ക് ആശ്വാസമായി സുബൈറിന്റെ പീട്യ.ഉണക്കുമീന്‍ വാങ്ങാന്‍ മാത്രമായി നാട്ടുകാര്‍ക്ക് കുറുപ്പിന്റെ പീട്യ. സുബൈറിന്റെ പീട്യേല് ഉണക്കുമീന്‍ വില്‍പ്പനയ്ക്കില്ല. ഉണക്കുമീന്റെ ചീഞ്ഞ നാറ്റം ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ഓള്‍ഡ് സ്പൈസ് സ്പ്രേ അടിച്ചു നടക്കുന്ന സുബൈറിന് പിടിക്കില്ല. കച്ചവടം മോശമായതോടെ പീട്യ ഗോയിന്ദന് വിട്ടുകൊടുത്ത് ചെറിയ കുറുപ്പ് ഭാര്യയുടെ നാട്ടിലേക്ക് പോയി. തട്ടിയും മുട്ടിയും കുറച്ചുനാള്‍ പിടിച്ചു നിന്ന ശേഷം ഗോയിന്ദനും കൈവിട്ടു. കുറുപ്പിന്റെ പീട്യേല് ആളും അനക്കവും ഇല്ലാതെയായി. പീട്യക്കകത്തു വരെ പുല്ല് വളര്‍ന്നു. മേല്‍പ്പുര ചോര്‍ന്നൊലിച്ചു. ചുമരിലെ കുമ്മായം അടര്‍ന്നു വീണു. എങ്കിലും 200ല്‍ പരം വര്‍ഷങ്ങളായി ഒരു നാടിന്റെ വിശപ്പടക്കാന്‍ വേണ്ട അരിയും പച്ചക്കറിയും അവലും മിക്സ്ചറും തന്ന കുറുപ്പിന്റെ പീട്യ അവിടെത്തന്നെയുണ്ടല്ലോ എന്നത് കടമേരിയില്‍ പോകുമ്പോഴെല്ലാം ആഹ്ലാദം പകരുന്ന കാര്യമായിരുന്നു. കഴിഞ്ഞ മേയ് 13ന് പരദേവതയുടെ തിരുമുടി വെക്കല്‍ കാണാന്‍ 400ല്‍അധികം കിലോമീറ്ററുകള്‍ താണ്ടിയെത്തിയ എന്നെ എതിരേറ്റത് കരള്‍പിളര്‍ക്കും കാഴ്ചയാണ്. കുറുപ്പിന്റെ പീട്യ പൊളിച്ചു മാറ്റിയിരിക്കുന്നു. കടമേരിയിലെ എത്രയോ തലമുറകള്‍ക്കുള്ള ആഹാര സാധനങ്ങളെ മഴ കൊള്ളാതെ, വെയിലുകൊള്ളാതെ കാത്ത പീട്യ കുറെ കല്ലും മണ്ണും മരക്കഷ്ണങ്ങളും ഉണങ്ങിക്കരിഞ്ഞ ഓലകളുമായി മാറിയിരിക്കുന്നു. പണ്ട് ഇവിടെയൊരു പീട്യയുണ്ടായിരുന്നു. കുറുപ്പിന്റെ പീട്യ. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ വിറ്റ പീട്യ. ഒരു നാടിനെ ഊട്ടിയ പീട്യ-ചോറുതിന്നാതെ വാശിപിടിക്കുന്ന കുട്ടികള്‍ക്ക് പീട്യ നിന്ന് സ്ഥലം ചൂണ്ടിക്കാട്ടി അമ്മമാരും അമ്മൂമ്മമാരും പറഞ്ഞുകൊടുത്തേക്കും അല്ലേ?
6 comments:
പണ്ട് ഇവിടെയൊരു പീട്യയുണ്ടായിരുന്നു. കുറുപ്പിന്റെ പീട്യ. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ വിറ്റ പീട്യ. ഒരു നാടിനെ ഊട്ടിയ പീട്യ-ചോറുതിന്നാതെ വാശിപിടിക്കുന്ന കുട്ടികള്‍ക്ക് പീട്യ നിന്ന് സ്ഥലം ചൂണ്ടിക്കാട്ടി അമ്മമാരും അമ്മൂമ്മമാരും പറഞ്ഞുകൊടുത്തേക്കും അല്ലേ?
great Biju, sharikkum thakarppan..........wishes, charithramai mariya kuruppintey peedika.......
da thakarppan
ee ormakilathay namukenganay jeevikanavum
moneee. kalakki...
koodeyundayirunnappo ee chood njan sarikkum manasilakkiyillallo..kanal kedathe sookshikkkoo
നന്ദി അശ്റഫ്, ഷനില്‍, ഷൈജു നല്ലവാക്കുകള്‍ക്ക്
nostalgic
Post a Comment