വഴിതെറ്റിയെത്തിയ ഒരു ഫോണ്‍ കോളിലായിരുന്നു തുടക്കം. വീട് എന്റെ നാടിനടുത്ത്, ജോലി എറണാകുളത്ത്. പരസ്‌പരം പരിചയപ്പെട്ടു. അതോടെ അവസാനിച്ചുവെന്ന് കരുതിയതാണ്. ഒരുദിവസം വൈകുന്നേരം ഒരു മിസ്‌കോള്‍. തിരിച്ചുവിളിച്ചപ്പോള്‍ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.അങ്ങനെയാണ് ആ അഗ്നിപുത്രിയെ അടുത്തറിയുന്നത്.
ഒരായുസില്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ 24 വയസിനിടെ അനുഭവിച്ചവള്‍. ഒരുപക്ഷേ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ ജീവിതം റെയില്‍പാളത്തിലോ ഒരു സാരിത്തുമ്പിലോ ഒതുക്കിയേനെ. ``ഞാന്‍ ജീവിക്കും. എനിക്ക് ചിലത് കാണിച്ചുകൊടുക്കാനുണ്ട്. ചതിച്ചവരോടും നിഷ്‌കരുണം പടിയടച്ച് പിണ്ഡം വെച്ചവരോടും കണ്ണീരില്‍ മുങ്ങിയ എന്റെ ജീവിതം കൊണ്ട് ഞാന്‍ പകരം ചോദിക്കും.'' പറയുന്നത് ഫോണിലൂടെയാണെങ്കിലും ആ മുഖത്തെ നിശ്‌ചയദാര്‍ഢ്യവും കണ്ണുകളിലെ തിളക്കവും എന്റെ മനോമുകരത്തില്‍ അവ്യക്തതയോടെ തെളിയുന്നുണ്ടായിരുന്നു.
അങ്ങനെ ഒരിക്കലും കാണാത്ത അവളെ ഞാന്‍ ആരാധിച്ചു, ആ ശബ്‌ദം കേള്‍ക്കാന്‍ വേണ്ടി ദിവസവും കാത്തിരുന്നു. ഓരോ ദിവസവും മണിക്കൂറുകള്‍ നീണ്ട സംഭാഷണങ്ങള്‍. ഇടയ്‌ക്കിടെ പൊട്ടിക്കരച്ചിലുകള്‍. ചതിച്ചവരെക്കുറിച്ച് അരിശത്തോടെയുള്ള തെറി. ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ചതാണ് അവള്‍ ചെയ്‌ത തെറ്റ്. വീട്ടുകാരെ മുഴുവന്‍ വെറുപ്പിച്ചുകൊണ്ടുള്ള ഒരു ഒളിച്ചോട്ടം. കല്യാണത്തിന് മുമ്പ് പൊന്നേ മുത്തേ എന്ന് ഓമനിച്ചവന്റെ നിറം ഓരോ ദിനവും മാറിക്കൊണ്ടിരുന്നു. രാത്രി കുടിച്ചുവന്ന് ഉപദ്രവം തുടങ്ങി. ജോലിക്ക് പോകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തുടങ്ങും കുത്തുവാക്കുകളും മര്‍ദനവും. ചുമരോട് ചേര്‍ത്തുനിര്‍ത്തി തലകൊണ്ടു നെറ്റിയിലിടിക്കുന്നതായിരുന്നു ഫേവറിറ്റ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ 2006ലെ ലോകകപ്പ് ഫൈനല്‍ കണ്ടിട്ടുണ്ടാകും. അതിലെ സിദാന്‍ മറ്ററാസിയെ ഇടിക്കുന്നത് നിന്നില്‍ പരീക്ഷിക്കുകയാകും. അവളെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍.
ഒരു സുപ്രഭാതത്തില്‍ അവളെ ഉപേക്ഷിച്ചു പോയതാണവന്‍. ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. ഒരു വിവരവുമില്ല. കൈയിലുള്ള പണവും ആഭരണവും എടുത്തുകൊണ്ടാണ് അവന്‍ പോയത്. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാം എന്ന തീരുമാനത്തിലെത്തി. എന്നാല്‍ അവിടത്തെ സ്വീകരണം അവളുടെ സകല പ്രതീക്ഷകളും തകര്‍ത്തു. പെറ്റമ്മയും സഹോദരന്‍മാരും വീടിന്റെ വാതില്‍ അവള്‍ക്കു മുന്നില്‍ കൊട്ടിയടച്ചു. വീണ്ടും എറണാകുളത്തെത്തി.
ഒരു വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്‌തു. ഇതിനിടെ അവളുടെ മൊബൈല്‍ നമ്പര്‍ അവന്‍ പലയാളുകള്‍ക്കും കൈമാറിയിരുന്നു. പലരും വിളിച്ചു. എല്ലാവര്‍ക്കും വേണ്ടത് അവളുടെ ശരീരമായിരുന്നു. അഭിമാനം അടിയറവെക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. പല പണികളും ചെയ്‌തു. പല സ്ഥലങ്ങളിലും സ്‌ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ പലതും അനുഭവിക്കേണ്ടി വന്നു. ആരുമില്ലാത്ത സ്‌ത്രീകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കേണ്ടേ? പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ ചോദിച്ചപ്പോള്‍ കിലോമീറ്ററുകള്‍ക്ക് ഇപ്പുറത്ത് മൊബൈല്‍ റീസീവര്‍ ചെവിയോട് ചേര്‍ത്തുപിടിച്ച് ഞാനും വിതുമ്പിപ്പോയി. കൂടുതലറിഞ്ഞതോടെ അവളെ കാണണം എന്ന ഉത്‌കടമായ ആശ പെരുകി. പക്ഷേ ഓരോ തവണ തമ്മില്‍ കാണുന്ന കാര്യം പറയുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് അവള്‍ ഒഴിയും.
ആണ്‍ എന്ന വര്‍ഗത്തെ തന്നെ സംശയത്തോടെ നോക്കാന്‍ അവളെ പ്രേരിപ്പിച്ചത് സംസ്‌കാരസമ്പമെന്ന് മേനിനടക്കുന്ന മലയാളി പുരുഷോത്തമന്‍മാര്‍ തന്നെയാണല്ലോ. ഒടുവില്‍ അവള്‍ വരികയാണ്. ശനിയാഴ്‌ച. ഞാന്‍ കാത്തിരിക്കുകയാണ്, ആ അഗ്നിപുത്രിയെ ഒന്ന് നേരില്‍കാണാന്‍, ആരാധനയോടെ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കാന്‍, ജീവിതത്തെ ധീരതയോടെ നേരിട്ടതിന് അഭിനന്ദിക്കാന്‍, ഒരു കപ്പ് ചായയെങ്കിലും വാങ്ങിക്കൊടുക്കാന്‍..........നമുക്കും ഇതൊക്കെയല്ലേ പറ്റൂ. ചീഞ്ഞുനാറിയ ഒരു വ്യവസ്ഥയുടെ ഭാഗമായിപ്പോയില്ലേ. കുടുംബം, സമൂഹം-ഈ രാവണന്‍ കോട്ടയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുമോ എന്നെപ്പോലുള്ള മിഥ്യാഭിമാനം പുലര്‍ത്തുന്ന ബ്ലഡിബിച്ച് മലയാളപുരുഷ കേസരിക്ക്
5 comments:
അവള്‍ വരും ആ അഗ്നിപുത്രി
ഡേയ് ഇതൊക്കെ ഉള്ളത് തന്നെയാന്നോടെയ്
ഫോണിലൂടെ മാത്രം കണ്ടും കേട്ടുമറിഞ്ഞ അഗ്നിപുത്രി ശനിയാഴ്‌ചയെത്തുമ്പോള്‍...
ബിജൂ...സത്യം തന്നെയാണോ???
പല സുഹൃത്തുക്കളും ബ്ലോഗിലൂടെയും ഫോണിലൂടെയും ഇ-മെയിലിലൂടെയും ഇതേ ചോദ്യം തന്നെ ചോദിക്കുന്നു. ഇത് സത്യമാണോ എന്ന്. എന്തിന് ഞാന്‍ നിങ്ങളോട് കള്ളം പറയണം. കുറച്ചു നേരത്തെ അവള്‍ വിളിച്ചിരുന്നു, ശനിയാഴ്‌ച രാവിലെ വരുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്‌തു
പാരഗ്രാഫ് തിരിച്ച് എഴുതൂ മാഷേ.
Post a Comment