Tuesday, July 13, 2010

അവള്‍ വരും ആ അഗ്നിപുത്രി


വഴിതെറ്റിയെത്തിയ ഒരു ഫോണ്‍ കോളിലായിരുന്നു തുടക്കം. വീട്‌ എന്റെ നാടിനടുത്ത്‌, ജോലി എറണാകുളത്ത്‌. പരസ്‌പരം പരിചയപ്പെട്ടു. അതോടെ അവസാനിച്ചുവെന്ന്‌ കരുതിയതാണ്‌. ഒരുദിവസം വൈകുന്നേരം ഒരു മിസ്‌കോള്‍. തിരിച്ചുവിളിച്ചപ്പോള്‍ ഒരു കാര്യം പറയാനുണ്ടെന്ന്‌ പറഞ്ഞു.അങ്ങനെയാണ്‌ ആ അഗ്നിപുത്രിയെ അടുത്തറിയുന്നത്‌.
ഒരായുസില്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ 24 വയസിനിടെ അനുഭവിച്ചവള്‍. ഒരുപക്ഷേ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ ജീവിതം റെയില്‍പാളത്തിലോ ഒരു സാരിത്തുമ്പിലോ ഒതുക്കിയേനെ. ``ഞാന്‍ ജീവിക്കും. എനിക്ക്‌ ചിലത്‌ കാണിച്ചുകൊടുക്കാനുണ്ട്‌. ചതിച്ചവരോടും നിഷ്‌കരുണം പടിയടച്ച്‌ പിണ്ഡം വെച്ചവരോടും കണ്ണീരില്‍ മുങ്ങിയ എന്റെ ജീവിതം കൊണ്ട്‌ ഞാന്‍ പകരം ചോദിക്കും.'' പറയുന്നത്‌ ഫോണിലൂടെയാണെങ്കിലും ആ മുഖത്തെ നിശ്‌ചയദാര്‍ഢ്യവും കണ്ണുകളിലെ തിളക്കവും എന്റെ മനോമുകരത്തില്‍ അവ്യക്തതയോടെ തെളിയുന്നുണ്ടായിരുന്നു.
അങ്ങനെ ഒരിക്കലും കാണാത്ത അവളെ ഞാന്‍ ആരാധിച്ചു, ആ ശബ്‌ദം കേള്‍ക്കാന്‍ വേണ്ടി ദിവസവും കാത്തിരുന്നു. ഓരോ ദിവസവും മണിക്കൂറുകള്‍ നീണ്ട സംഭാഷണങ്ങള്‍. ഇടയ്‌ക്കിടെ പൊട്ടിക്കരച്ചിലുകള്‍. ചതിച്ചവരെക്കുറിച്ച്‌ അരിശത്തോടെയുള്ള തെറി. ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ചതാണ്‌ അവള്‍ ചെയ്‌ത തെറ്റ്‌. വീട്ടുകാരെ മുഴുവന്‍ വെറുപ്പിച്ചുകൊണ്ടുള്ള ഒരു ഒളിച്ചോട്ടം. കല്യാണത്തിന്‌ മുമ്പ്‌ പൊന്നേ മുത്തേ എന്ന്‌ ഓമനിച്ചവന്റെ നിറം ഓരോ ദിനവും മാറിക്കൊണ്ടിരുന്നു. രാത്രി കുടിച്ചുവന്ന്‌ ഉപദ്രവം തുടങ്ങി. ജോലിക്ക്‌ പോകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തുടങ്ങും കുത്തുവാക്കുകളും മര്‍ദനവും. ചുമരോട്‌ ചേര്‍ത്തുനിര്‍ത്തി തലകൊണ്ടു നെറ്റിയിലിടിക്കുന്നതായിരുന്നു ഫേവറിറ്റ്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ 2006ലെ ലോകകപ്പ്‌ ഫൈനല്‍ കണ്ടിട്ടുണ്ടാകും. അതിലെ സിദാന്‍ മറ്ററാസിയെ ഇടിക്കുന്നത്‌ നിന്നില്‍ പരീക്ഷിക്കുകയാകും. അവളെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍.
ഒരു സുപ്രഭാതത്തില്‍ അവളെ ഉപേക്ഷിച്ചു പോയതാണവന്‍. ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. ഒരു വിവരവുമില്ല. കൈയിലുള്ള പണവും ആഭരണവും എടുത്തുകൊണ്ടാണ്‌ അവന്‍ പോയത്‌. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുപോകാം എന്ന തീരുമാനത്തിലെത്തി. എന്നാല്‍ അവിടത്തെ സ്വീകരണം അവളുടെ സകല പ്രതീക്ഷകളും തകര്‍ത്തു. പെറ്റമ്മയും സഹോദരന്‍മാരും വീടിന്റെ വാതില്‍ അവള്‍ക്കു മുന്നില്‍ കൊട്ടിയടച്ചു. വീണ്ടും എറണാകുളത്തെത്തി.
ഒരു വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്‌തു. ഇതിനിടെ അവളുടെ മൊബൈല്‍ നമ്പര്‍ അവന്‍ പലയാളുകള്‍ക്കും കൈമാറിയിരുന്നു. പലരും വിളിച്ചു. എല്ലാവര്‍ക്കും വേണ്ടത്‌ അവളുടെ ശരീരമായിരുന്നു. അഭിമാനം അടിയറവെക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. പല പണികളും ചെയ്‌തു. പല സ്ഥലങ്ങളിലും സ്‌ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ പലതും അനുഭവിക്കേണ്ടി വന്നു. ആരുമില്ലാത്ത സ്‌ത്രീകള്‍ക്ക്‌ ഈ നാട്ടില്‍ ജീവിക്കേണ്ടേ? പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവള്‍ ചോദിച്ചപ്പോള്‍ കിലോമീറ്ററുകള്‍ക്ക്‌ ഇപ്പുറത്ത്‌ മൊബൈല്‍ റീസീവര്‍ ചെവിയോട്‌ ചേര്‍ത്തുപിടിച്ച്‌ ഞാനും വിതുമ്പിപ്പോയി. കൂടുതലറിഞ്ഞതോടെ അവളെ കാണണം എന്ന ഉത്‌കടമായ ആശ പെരുകി. പക്ഷേ ഓരോ തവണ തമ്മില്‍ കാണുന്ന കാര്യം പറയുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ്‌ അവള്‍ ഒഴിയും.
ആണ്‍ എന്ന വര്‍ഗത്തെ തന്നെ സംശയത്തോടെ നോക്കാന്‍ അവളെ പ്രേരിപ്പിച്ചത്‌ സംസ്‌കാരസമ്പമെന്ന്‌ മേനിനടക്കുന്ന മലയാളി പുരുഷോത്തമന്‍മാര്‍ തന്നെയാണല്ലോ. ഒടുവില്‍ അവള്‍ വരികയാണ്‌. ശനിയാഴ്‌ച. ഞാന്‍ കാത്തിരിക്കുകയാണ്‌, ആ അഗ്നിപുത്രിയെ ഒന്ന്‌ നേരില്‍കാണാന്‍, ആരാധനയോടെ ആ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കാന്‍, ജീവിതത്തെ ധീരതയോടെ നേരിട്ടതിന്‌ അഭിനന്ദിക്കാന്‍, ഒരു കപ്പ്‌ ചായയെങ്കിലും വാങ്ങിക്കൊടുക്കാന്‍..........നമുക്കും ഇതൊക്കെയല്ലേ പറ്റൂ. ചീഞ്ഞുനാറിയ ഒരു വ്യവസ്ഥയുടെ ഭാഗമായിപ്പോയില്ലേ. കുടുംബം, സമൂഹം-ഈ രാവണന്‍ കോട്ടയില്‍ നിന്ന്‌ പുറത്തുകടക്കാന്‍ കഴിയുമോ എന്നെപ്പോലുള്ള മിഥ്യാഭിമാനം പുലര്‍ത്തുന്ന ബ്ലഡിബിച്ച്‌ മലയാളപുരുഷ കേസരിക്ക്‌

Wednesday, July 7, 2010

പാഴ്‌മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി

അയഞ്ഞുകിടക്കുന്ന കുര്‍ത്തയും ദോത്തിയും, തോളില്‍ കസവുകരയുള്ള വേഷ്‌ടി, വായില്‍ നിറയെ മുറുക്കാന്‍, ആജാനബാഹു-കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗുസ്‌തിക്കാരനോ ചെറുകിട കച്ചവടക്കാരനോ എന്ന്‌ ഒരു നിമിഷം സംശയിച്ചേക്കാം. എന്നാല്‍ ഇത്‌ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌. പാഴ്‌മുളം തണ്ടില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി. കട്ടക്ക്‌ മുതല്‍ കോപന്‍ഹേഗന്‍ വരെ, ബനാറസ്‌ മുതല്‍ ബാഴ്‌സലോണ വരെ 20 ഇഞ്ച്‌ നീളവും സപ്‌തസ്വരദ്വാരങ്ങളുമുള്ള മുളംതണ്ടില്‍ പാട്ടിന്റെ പാലാഴി ഒരുക്കുന്ന ചൗരസ്യ. ഗുസ്‌തിക്കാരന്റെ മകനായി അലഹബാദില്‍ ജനിച്ച ചൗരസ്യ ഓടക്കുഴലുമായി ചങ്ങാത്തത്തിലായത്‌ അയല്‍ക്കാരനായ പണ്ഡിറ്റ്‌ ബോലാനാഥിന്റെ കച്ചേരി കേട്ടതോടെയാണ്‌്‌. മകനെ ഗുസ്‌തിക്കാരനായി കാണാന്‍ ആഗ്രഹിച്ച പിതാവ്‌ അറിയാതെ ചൗരസ്യ ബോലാറാമിന്റെ കീഴില്‍ ബാംസുരി അഭ്യസിച്ചു. ബോലാറാം അവിവാഹിതനായിരുന്നു. ഒറ്റയ്‌ക്കാണ്‌ താമസം. ചപ്പാത്തി പരത്തിക്കൊടുക്കുകയും പച്ചക്കറികള്‍ അരിഞ്ഞുകൊടുക്കലുമായിരുന്നു ദക്ഷിണ. ഒരു ദിവസം മുറി അടച്ചിട്ടിരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കുന്നത്‌ അച്ഛന്‍ കേട്ടു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. നീ എന്താണ്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോള്‍ ചൂളംവിളിക്കുകയായിരുന്നവെന്നായിരുന്ന മറുപടി. കണക്കിന്‌ കിട്ടി ചൗരസ്യക്ക്‌. അക്കാലത്ത്‌ ചൂളംവിളിക്കുന്നത്‌്‌ മോശം ശീലമായാണ്‌ കണക്കാക്കിയിരുന്നത്‌. ഒരിക്കല്‍ സംഗീത പഠനത്തെക്കുറിച്ച്‌ പിതാവറിഞ്ഞു. പിന്നീട്‌ മര്‍ദനത്തിന്റെ കാലമായിരുന്നു. എന്നാല്‍ സംഗീതത്തോടുളള ചൗരസ്യയുടെ പ്രണയം തകര്‍ക്കാന്‍ കടുത്ത മര്‍ദനങ്ങള്‍ക്കും സാധിച്ചില്ല. അവസാനം പിതാവ്‌ ചൗരസ്യയെ പാട്ടിന്‌ വിട്ടു. വിശ്രുത സരോദ്‌ വാദകനായ ബാബ അലാവുദ്ദീന്‍ ഖാന്‍ കച്ചേരിക്കായി അലഹബാദില്‍ വന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ചൗരസ്യ അദ്ദേഹത്തിന്‌ മുന്നില്‍ പുല്ലാങ്കുഴല്‍ വായിച്ചു. മൈഹാര്‍ ഘരാനയില്‍ തന്നോടൊപ്പം ചേരാനായിരുന്നു ഉസ്‌താദിന്റെ കല്‍പ്പന. എന്നാല്‍ അക്കാലത്ത്‌ അലഹബാദ്‌ വിട്ടുപോകുന്നത്‌ ചൗരസ്യക്ക്‌ ചിന്തിക്കാനാകുമായിരുന്നില്ല. ``ഇപ്പോള്‍ വരുന്നില്ലെങ്കില്‍ ഞാന്‍ മരിച്ച ശേഷം എന്റെ മകളെ കാണുക. അവള്‍ നിനക്ക്‌ ശിക്ഷണം നല്‍കും.''ഏറെക്കാലത്തിന്‌ ശേഷം ഉസ്‌താദ്‌ പറഞ്ഞതുപോലെ ചൗരസ്യ അന്നപൂര്‍ണാദേവിയുടെ സന്നിധിയിലെത്തി. സ്വീകരണം തീര്‍ത്തും മോശമായിരുന്നു. പലതവണ അവര്‍ വാതില്‍ കൊട്ടിയടച്ചു. പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്നും ചൗരസ്യയുടെ ദൃഢനിശ്‌ചയത്തെ ഇളക്കാനായില്ല. മൂന്നുവര്‍ഷത്തിന്‌ ശേഷമാണ്‌ ദേവിയുടെ വാതില്‍ ചൗരസ്യക്ക്‌ മുന്നില്‍ തുറന്നത്‌. പട്ടാളച്ചിട്ടയിലായിരുന്ന പഠനം. തെറ്റിയാല്‍ കഠിനശിക്ഷയും വഴക്കും. അന്നപൂര്‍ണാദേവി പുല്ലാങ്കുഴല്‍ വായിച്ചിരുന്നില്ല. രാഗങ്ങള്‍ പാടും. അത്‌ ചൗരസ്യ പുല്ലാങ്കുഴലില്‍ വായിക്കണം. സംഗീതത്തിന്റെ ആഴക്കടലിലേക്ക്‌ മുത്തും പവിഴവും തേടിയുള്ളൊരു തീര്‍ഥയാത്രയായാണ്‌ അന്നപൂര്‍ണാദേവിയുടെ കീഴിലുള്ള പഠനത്തെ ചൗരസ്യ വിശേഷിപ്പിക്കുന്നത്‌. ഇന്നും സമയം കിട്ടുമ്പോള്‍ അന്നപൂര്‍ണാദേവിയുടെ സവിധത്തിലെത്തും ചൗരസ്യ. തന്റെ എല്ലാ വിജയങ്ങളും പ്രശസ്‌തിയും ഗുരുവിനാണ്‌ ചൗരസ്യ സമര്‍പ്പിക്കുന്നത്‌. പൊതുധാരയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും തീര്‍ത്തും അകന്നു നില്‍ക്കുന്ന, വിരലിലെണ്ണാവുന്ന ശിഷ്യര്‍ മാത്രമുള്ള സംഗീത പ്രതിഭയാണ്‌ അന്നപൂര്‍ണാദേവി. പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ചൗരസ്യയെ കാത്തിരുന്നത്‌ യശസ്സിന്റെ അതിരില്ലാത്ത ലോകമായിരുന്നു. 1972ല്‍ പണ്ഡിറ്റ്‌ രവിശങ്കര്‍, ഉസ്‌താദ്‌ അല്ലാരാഖ, പാശ്‌്‌ചാത്യ സംഗീതജ്ഞരായ ജോര്‍ജ്‌ ഹാരിസണ്‍, ജീന്‍ പിയറി രാംപാല്‍ എന്നിവരുമായി ചേര്‍ന്ന്‌ 54 നഗരങ്ങളില്‍ ഫ്യൂഷന്‍ സംഗീതവും ജുഗല്‍ബന്ദിയും അവതരിപ്പിച്ചു. ഇതോടെ ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ പുല്ലാങ്കുഴല്‍ വാദകന്‍ എന്ന വിശേഷണം അദ്ദേഹത്തിന്‌ ലഭിച്ചു. നിരവധി പരീക്ഷണങ്ങളും അദ്ദേഹം നടത്തി. പരമ്പരാഗതമായി പാടുകയോ വീണയില്‍ മാത്രം വായിക്കുകയോ മാത്രം ചെയ്യാറുള്ള ദ്രുപദ്‌ പുല്ലാങ്കുഴലില്‍ വായിച്ചു. `ഡിവൈന്‍ ദ്രുപദ്‌' എന്ന ആല്‍ബം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌തു. ഗിത്താര്‍ വിദഗ്‌ധന്‍ ബ്രിജ്‌ഭൂഷന്‍ കബ്ര, സന്തുര്‍ വാദകന്‍ പണ്ഡിറ്റ്‌ ശിവ്‌കുമാര്‍ ശര്‍മ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ കാള്‍ ഓഫ്‌ വാലി എന്ന ആല്‍ബം ഇറക്കി. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീത ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റുപോയ ആല്‍ബമാണ്‌ കാള്‍ ഓഫ്‌ വാലി. ശാസ്‌ത്രീയസംഗീതത്തില്‍ മാത്രമായി ഒതുങ്ങിയില്ല ചൗരസ്യയുടെ പ്രവര്‍ത്തനമണ്ഡലം. ശിവ്‌കുമാര്‍ ശര്‍മക്കൊപ്പം ശിവ്‌-ഹരി എന്ന പേരില്‍ സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തി. `സില്‍സില', `ചാന്ദ്‌നി' തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ സിനിമകളിലെ മനോഹരമായ പാട്ടുകള്‍ ഈ കൂട്ടുകെട്ടിന്റേതാണ്‌. അരവിന്ദന്റെ പോക്കുവെയില്‍ എന്ന സിനിമയില്‍ ചൗരസ്യയുടെ പുല്ലാങ്കുഴല്‍ നാദമുണ്ട്‌. എന്നാല്‍ മുഴുവന്‍ സമയവും സിനിമാക്കാരനാകാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല. പുല്ലാങ്കുഴലിന്റെ വശ്യമായ നാദം കേള്‍ക്കാന്‍ ആസ്വാദകര്‍ ലോകത്തിന്റെ പല കോണിലും കാത്തിരിക്കുന്നുണ്ടായിരുന്നു. പത്മവിഭൂഷണും പത്മഭൂഷണും അടക്കം എണ്ണമറ്റ ബഹുമതികള്‍, ലോകത്തെമ്പാടും ലക്ഷക്കണക്കിന്‌ ആരാധകര്‍-പക്ഷെ ഇന്നുമൊരു സംഗീത വിദ്യാര്‍ഥിയായിട്ടാണ്‌ ചൗരസ്യ സ്വയം വിലയിരുത്തുന്നത്‌. ``ഗുരുവിനെയും എന്റെ ആത്മാവിനെയും ഇനിയും പൂര്‍ണമായും തൃപ്‌തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന്‌ എത്ര ജന്‍മങ്ങള്‍ വേണ്ടി വരുമെന്ന്‌ എനിക്കറിയില്ല. ഞാന്‍ പ്രയത്‌നം തുടരും, മരണം വരെ,'' ചൗരസ്യ പറഞ്ഞു. സംഗീതം ചൗരസ്യക്ക്‌ ആരാധനയും പ്രാര്‍ഥനയുമാണ്‌. ഓഡിറ്റോറിയങ്ങള്‍ ആരാധനാലയങ്ങളും. കണ്ണുമടച്ച്‌ പുല്ലാങ്കുഴലിന്റെ ഒരറ്റത്ത്‌ ചുണ്ടമര്‍ത്തി വിരലുകള്‍ മാന്ത്രികമായി ചലിപ്പിച്ച്‌ ദേശും ദര്‍ബാരി കാനഡയും ആഹിര്‍ ഭൈരവിയും മേഘമല്‍ഹാറും അന്തരീക്ഷത്തില്‍ കുഞ്ഞലകളായി ഒഴുകുന്നു. മലകളും പുഴകളും വന്‍കരകളും താണ്ടി ആ വശ്യസംഗീതത്തില്‍ ലയിച്ച്‌ എല്ലാം മറന്ന്‌ ആസ്വാദകരും.


72 വയസ്‌ തികഞ്ഞ മഹാനായ സംഗീതജ്ഞന്‌ എന്റെ പ്രണാമം