Wednesday, November 26, 2008
ഫാന്‍സുകാരോട് ഒരു ചോദ്യം, ഇത്രയൊക്കെ വേണോ?
സിനിമാനടന്‍മാരെ അമിതമായി ആരാധകിക്കുന്ന തമിഴന്‍മാരെ തമിഴനെ പുച്ഛിച്ചു നടന്നൊരു കാലുമുണ്ടായിരുന്നു മലയാളിക്ക്. രജനികാന്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പൂജ നടത്തുന്ന തമിഴന്‍ മലയാളിക്ക് രസംപറഞ്ഞ് ചിരിക്കാനുള്ള വിഭവമായിരുന്നു. എന്നാല്‍ കാലം മാറി. പുതിയ പരീക്ഷണങ്ങള്‍ നടത്തി തമിഴ് സിനിമ മലയാളിയെ ഏറെ പിന്നിലാക്കിയിരിക്കുന്നു. പരുത്തിവീരനും സുബ്രഹ്മണ്യപുരവും പോലുള്ള ജീവിതത്തോട് അടുത്ത സിനിമകള്‍ നൂറുദിവസം ഓടുന്ന കാഴ്‌ചയാണ് തമിഴ്‌നാട്ടില്‍. കേരളത്തിലും ഇത്തരം സിനിമകള്‍ക്ക് കാഴ്‌ചക്കാരുണ്ട്. രജനിയുടെ സിനിമ കാണാന്‍ ആയിരം രൂപ കൊടുത്ത് ബ്ലാക്കില്‍ ടിക്കറ്റെടുക്കുന്നവര്‍ തന്നെ നല്ല സിനിമകളും കാണാന്‍ തമിഴ്‌നാട്ടില്‍ ക്യൂ നില്‌ക്കുന്നു. എന്നാല്‍ മലയാള സിനിമ ഇപ്പോഴും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ ഉപഗ്രഹങ്ങള്‍ക്ക് ചുറ്റും കറങ്ങുകയാണ്. ഇവരില്ലെങ്കില്‍ സിനിമ വിജയിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല. ഒരു നിര്‍മാതാവിനോട് കഥ പറയാന്‍ തുടങ്ങുന്നതിന് മുമ്പ് ആദ്യം ചോദിക്കുക നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്നാണത്രേ. 'തിരക്കഥ'യുടെ പ്രചരണാര്‍ഥം സംവിധായകന്‍ രഞ്‌ജിത് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണിത്. പത്തുവര്‍ഷം മുമ്പുവരെ കേരളത്തില്‍ കാണാത്ത ഒരു കാഴ്‌ചയും കണ്ടുതുടങ്ങിയിരിക്കുന്നു. ഫാന്‍സ് അസോസിയേഷനുകള്‍, മുമ്പ് പേരിന് പ്രസ്‌താവനകള്‍ നടത്തുന്നതിലും ജീവകാരണ്യ പ്രവര്‍ത്തമെന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുകയും ചെയ്യുന്നതിലപ്പുറം ഫാന്‍സുകളെ കേരള ജനത ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ചെറിയ ഗ്രാമങ്ങളില്‍ പോലും മമ്മൂട്ടിക്കും ലാലിനും ഫാന്‍സ് അസോസിയേഷനുകളുണ്ട്. പോസ്‌റ്റര്‍ ഡിസൈനിംഗ് മുതല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരെ നിശ്ചയിക്കുന്നതുവരെ ഫാന്‍സുകളെ പിണക്കാതെയാകണം എന്ന നിലവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. (ട്വന്റി-20 പോസ്‌റ്റര്‍ വിവാദം നോക്കുക). കഴിഞ്ഞദിവസം നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ ബ്ലോക്ക്. എന്താണെന്ന് ആര്‍ക്കും മനസിലാകുന്നില്ല. അവസാനം ബസ് ഒരു വിധം നീങ്ങിനിരങ്ങി ടൗണിലെത്തിയപ്പോഴാണ് അറിഞ്ഞത്. റോഡിന് തൊട്ടരികിലുള്ള ദ്വാരക തിയേറ്ററില്‍ മോഹന്‍ലാല്‍ അഭിനയിച്ച 'കുരുക്ഷേത്ര'യുടെ റിലീസാണ്. ആനയും അ്‌മ്പാരിയും ചെണ്ടമേളവുമായി ഫാന്‍സുകള്‍ ഫിലിം പെട്ടി തിയേറ്ററിലേക്ക് ആനയിക്കുകയാണ്. ട്വന്റി-20യില്‍ ലാലിന് പോസ്‌റ്ററില്‍ പ്രാധാന്യം കുറഞ്ഞുപോയതിന്റെ പേരില്‍ ഫാന്‍സുകള്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ പോലും തീരുമാനിച്ചു. ഒടുവില്‍ ചിത്രത്തി്‌ന്റെ നിര്‍മാതാവുകൂടിയായ ദിലീപിന് ഫാന്‍സുകാരുടെ കാലുപിടിക്കേണ്ടി വന്നു. നോക്കണേ സിനിമയ്‌ക്ക ്‌പണം മുടക്കിയവന്റെ ഗതികേട്. വടകര ജയഭാരത് തിയേറ്ററിലാണ് ഈയുള്ളവന്‍ ട്വന്റി-20 കണ്ടത്. കണ്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. തിയേറ്ററില്‍ സര്‍വത്ര ബഹളമായിരുന്നു. ലാല്‍ സ്‌ക്രീനിലെത്തുമ്പോള്‍ മമ്മൂട്ടി ആരാധകരുടെ കൂവല്‍. മമ്മൂട്ടി സ്‌ക്രീനിലെത്തുമ്പോള്‍ ലാല്‍ ആരാധകരുടെ കൂവല്‍. ചിത്രം കഴിയുന്നതുവരെ ഇത് തുടര്‍ന്നു. ഇതിനിടയില്‍ അടിപിടിയും ചീത്തവിളിയും വേറെയും. ഒരുവിധം ചിത്രം കണ്ട് പുറത്തിറങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഫാന്‍സുകാര്‍ കേരളത്തില്‍ എത്ര വേരുപിടിച്ചിരിക്കുന്നുവെന്ന് കാണണമെങ്കില്‍ കോഴിക്കോട് അപ്‌സര തിയേറ്ററിന് മുന്നിലൂടെ ഒന്ന് നടന്നാല്‍ മതി. വാദവും പ്രതിവാദവും എഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തിയേറ്റര്‍ പരിസരം. യൂണിവേഴ്‌സല്‍ ഹീറോ, സ്‌റ്റൈല്‍ മന്നന്‍, താരാരാജാവ് തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ടുള്ള അഭിഷേകം. രാത്രിമഴയും തിരക്കഥയും തലപ്പാവും ഗുല്‍മോഹറും ഓടിക്കാന്‍ തിയേറ്റര്‍ കിട്ടാത്ത കേരളം, സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‌കുന്ന തിയേറ്റര്‍ ഉടമകള്‍, ഈ ചിത്രങ്ങള്‍ എന്തുവിലകൊടുത്തും വിജയിപ്പിക്കുന്ന ഫാന്‍സുകാര്‍-തമിഴ്‌നാടിനെയും നാം കടത്തിവെട്ടിയിരിക്കുന്നു. അരിയില്ലെന്ന് പറഞ്ഞാല്‍ അമ്മയെ തെറി പറയുന്ന യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ താരങ്ങള്‍ക്ക് ജയ് വിളിക്കുമ്പോള്‍ സാധാരണക്കാരനായ മലയാളിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം- ഇത്രയൊക്കെ വേണോ?
Subscribe to:
Post Comments (Atom)
6 comments:
“നിങ്ങളില്ലാതെ പിന്നെ എനിക്കെന്താഘോഷം” എന്ന് പറഞ്ഞാല്‍ നിങ്ങളില്ലെങ്കില്‍ എന്റെ കഞ്ഞികുടിമുട്ടുമെന്ന്... ഫാന്‍സിനെ ചെലവ് കൊടുത്ത് വളര്‍ത്തിയില്ലെങ്കില്‍ കേരളത്തില്‍ പിടിച്ച് നില്ല്ക്കുവാന്‍ പറ്റാത്ത അവസ്ഥയാക്കി....
അരിയില്ലെന്ന് പറഞ്ഞാല്‍ അമ്മയെ തെറി പറയുന്ന യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ താരങ്ങള്‍ക്ക് ജയ് വിളിക്കുമ്പോള്‍ സാധാരണക്കാരനായ മലയാളിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം- ഇത്രയൊക്കെ വേണോ?
ഇത് സത്യം.............
ശരിയാണ് മാഷേ ..ഈയുള്ളവന്‍ ട്വന്റി-20 ട്വന്റി-20 കാണാന്‍ പോയപ്പോള്‍ ഈ ഫാന്‍സുകാര്‍ എല്ലാരും കൂടെ ചെണ്ടയും പാട്ടയുമായി വന്നു കൊട്ടും പാട്ടും നടത്തിയതിനാല്‍ നേരെ ചൊവ്വേ ആ പടം കാണാന്‍ പറ്റിയില്ല . എന്റെ അഭിപ്രായത്തില്‍ ഇവന്മാരെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ച് ചമ്മതിയാക്കിയത്തിനു ശേഷം വെടിവച്ച് കൊല്ലണം. അല്ല പിന്നെ...
ഈ വിവര ദോഷികള്‍ കാരണം "ഫ്ലാഷ്" കണ്ടതോടെ തീയേറ്റരില്‍ പോയി പടം കാണുന്നത് ഞാന്‍ നിര്‍ത്തി. ഇവന്മാരുടെ ശല്ല്യം കാരണം ആ പടം ഒരു വിധത്തിലും എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ല.
ഈ ഫാന്‍സുകാര്‍ സാധാരണ സിനിമാപ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്ന് അകറ്റുകയാണ്. പ്രതികരണത്തിന് നന്ദി മനോജ്, മാറുന്ന മലയാളി, രഘുനാഥന്‍, സുവി നടകുഴച്ചാല്‍....
മലയാള സിനിമയ്ക്ക് രണ്ട് കാലുകളാണത്രേ സൂപ്പര്‍ സ്റ്റാര്‍സ്.പണ്ടാരമ്മടങ്ങാനായിട്ട് രണ്ടുകാലിലും മന്തായിട്ട് കാലമേറെയായി.എന്നിട്ടും നൂറുമീറ്റര്‍ ഓട്ടത്തിന്റെ ട്രാക്കിലാണു നില്പ്പ്.കയ്യടിക്കാന്‍ ആളെ കാശിനു കിട്ടും ചൈനയിലെ ഗാലറികളിലും കിട്ടുന്നുണ്ടത്രേ.പക്ഷേ അവര്‍ക്ക് കാണണമെന്നില്ലല്ലോ നിശ്ചിത ടൈമില്‍ കയ്യടിക്കുക അതിനാണല്ലോ കൂലി കിട്ടുന്നത്. ഇവറ്റകള്‍ രണ്ടെണ്ണമിങ്ങനെ അനങ്ങാപ്പാറക്കളായി നില്‍ക്കുന്നിടത്തോളം തിരക്കഥാകൃത്തുകളും സംവിധായകരും മറ്റും ഇവര്‍ക്കവേണ്ടി കഥയുണ്ടാക്കുന്നു.മാടമ്പി വീടമ്പി,പൊണ്ണന്തമ്പി,പോത്തന്‍ വാപ്പ എന്നൊക്കെ പേരും.പേരില്‍ തന്നെയുണ്ട് കഥ മുഴുവന്‍. നല്ല ചോരത്തളപ്പുള്ള ആമ്പിള്ളാരുടെ പടം വരുമ്പോ അതു കാണാന്‍ തന്നെയാണ് ആളു പോവുക.മേയാന്‍ പറ്റിയ പുല്‍മേടന്വേഷിച്ചു നടക്കുന്ന മുതുക്കന്‍ കാളകളുടേയും മറ്റും ഇറച്ചിത്തൂക്കത്തില്‍ ആര്‍ക്കു കമ്പം? മലയാള സിനിമ നശിക്കുകതന്നെ ചെയ്യും. എല്ലാകാലവും ഈ പഴങ്കഞ്ഞിയും കുടിച്ച് പ്രേക്ഷകനിരുന്നു കൊള്ളും എന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ തെറ്റിദ്ധാരണയാണ്.
Post a Comment