കുട്ടനൊരു പെണ്ണുവേണം. തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനുള്ളില്‍ സ്‌നേഹിക്കാനും, കുട്ടികളെ പെറ്റു പോറ്റാനും ഒടുവില്‍ ചിതയിലേക്കെടുക്കുമ്പോള്‍ നെഞ്ചത്തടിച്ചു നിലവിളിക്കാനും. വെള്ളമടിച്ച് കോണ്‍ തിരിഞ്ഞുവരുമ്പോള്‍ കാലുമടക്കി തൊഴിക്കരുത്. അത് കുട്ടനിഷ്ടമല്ല.
തടിച്ചത് മെലിഞ്ഞത്, വെളുത്തത് കറുത്തത്, നീണ്ടത് കുറുതായത്, പഠിപ്പുള്ളത് പഠിപ്പില്ലാത്തത്-പല സൈസില്‍ പല രൂപത്തില്‍ തരുണീമണികളെ കുട്ടന്‍ നാടുനീളെ കണ്ടു. കൂട്ടിന് കൂട്ടുകാരും. കുട്ടനിഷ്ടപ്പെടുന്നത് കുട്ടിക്ക് പിടിക്കില്ല. കുട്ടിക്ക് പിടിക്കുന്നത് കുട്ടന് പിടിക്കില്ല. കുട്ടനും കുട്ടിക്കും പിടിക്കുന്നത് വീട്ടുകാര്‍ക്ക് പിടിക്കില്ല. എല്ലാവര്‍ക്കും പിടിക്കുന്നത് നക്ഷത്രങ്ങള്‍ക്ക് പിടിക്കില്ല. ഐ മീന്‍ ജാതകപ്പൊരുത്തം.
അങ്ങനെ പെണ്ണുകാണല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. കുട്ടന് മടുപ്പില്ല, കൂട്ടുകാര്‍ക്കുമില്ല. മടുത്തത് വീട്ടുകാര്‍ക്കാണ്.
ഞായറാഴ്‌ച രാവിലെ കുട്ടന്‍ അലക്കിത്തേച്ച വാന്‍ ഹ്യൂസന്റെ കള്ളി ഷര്‍ട്ടും ഡെനിം ജീന്‍സും ധരിച്ച് കണ്ണാടിയില്‍ നോക്കി സൗന്ദര്യം ഉണ്ടെന്ന് സ്വയം ഉറപ്പുവരുത്തി, ഗള്‍ഫിലുള്ള അളിയന്‍ കൊടുത്ത യാര്‍ഡ്‌ലി പൗഡര്‍ മുഖത്തും കക്ഷത്തും വാരി വിതറി മൊബൈലില്‍ കൂട്ടുകാരെ വിളിക്കും. പിന്നെ വണ്ടിയിലൊരു പോക്കാണ്. നാട്ടിനടുത്തുള്ള കുട്ടികളെയെല്ലാം കുട്ടന്‍ കണ്ടു കഴിഞ്ഞു. ഇപ്പോള്‍ ദൂരെയാണ് പോക്ക്. പണം കുട്ടന് പ്രശ്‌നമല്ല. കാരണം കുട്ടന് നിര്‍ബന്ധമില്ലല്ലോ പെണ്ണുകാണാന്‍. വീട്ടുകാര്‍ക്കല്ലേ. അതിനെ ചെലവും വീട്ടുകാര്‍ വഹിക്കണമെന്നാണ് കുട്ടന്റെ പോളിസി.
ഇന്ന് കുട്ടന്‍ പോകുന്നത് അമേരിക്കയില്‍ ജോലിയിലുള്ളയാളുടെ മകളെ കാണാനാണ്. മകളും കുറച്ചുകാലമായി അമേരിക്കയിലാണ്. പഠനവും അവിടെ തന്നെ. അമേരിക്കക്കാരിയല്ലേ അല്‍പം പത്രാസൊക്കെ കാണും എന്ന കൂട്ടുകാരുടെ മുന്നറിയിപ്പ് മുഖവിലക്കെടുത്ത് കുട്ടന്‍ യാര്‍ഡ്‌ലി അല്‍പം കനം കൂട്ടിയിടുകയും മുഖത്ത് ഒരു റെയ്‌ബാന്‍ ക്ലാസ് ഫിറ്റ് ചെയ്‌തിട്ടുമുണ്ട്.
കാറില്‍ കുട്ടനും കൂട്ടുകാരും കുട്ടിയുടെ വീട്ടിലെത്തി. നമ്മുടെ രവി വള്ളത്തോളിനെപ്പോലെ വെളുത്തു തുടുത്ത, എന്നാല്‍ പഞ്ചപാവമെന്ന് തോ്‌ന്നിക്കുന്ന കുട്ടിയുടെ അച്ഛനും നടി സീനത്തിന്റെ ച്ഛായയുള്ള മുഖം നിറയെ കുശുമ്പും കുന്നായ്‌മയും നിറച്ചുവെച്ച കുട്ടിയുടെ അമ്മയും കുട്ടനെയും കൂട്ടുകാരെയും ചിരിച്ചുകൊണ്ട് സ്വീകരിച്ചു. കുട്ടന്റെ കണ്ണുകള്‍ കുട്ടിയെ പരതുകയാണ്. കൂട്ടുകാര്‍ അച്ഛനുമായി സംഭാഷണത്തില്‍. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് മാറിയതു വരെയുള്ള വിഷയങ്ങള്‍ കൂട്ടുകാര്‍ ഇട്ടലക്കുന്നുണ്ട്. കുട്ടന്‍ ഒന്നിലും പങ്കുചേര്‍ന്നില്ല. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ എന്ന പോലെ കുട്ടന്റെ കണ്ണുകള്‍ വീട്ടിനകത്തേക്കാണ്. ഫുട്‌ബാളിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത കുട്ടന്റെ കൂട്ടുകാരന്‍ മണി എന്തോ വിഡ്ഡിത്തം പറയാന്‍ നാവ് പുറത്തിട്ടപ്പോള്‍ അകത്തു നിന്ന് `മഞ്ഞവെള്ളം` നിറച്ച ഗ്ലാസിന്റെ ട്രേയുമായി ഒഴുകിവരികയാണ് കുട്ടി. കുട്ടന്റെയും കൂട്ടുകാരുടെയും നാല്‌് ജോഡി കണ്ണുകള്‍ കുട്ടിയെ ആപാദ ചൂഡം ഒഴിഞ്ഞു. എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ, ഇതെന്തൊരു പടപ്പ്, കാജലോ, സുസ്‌മിതയോ, മീരാ ജാസ്‌മിനോ, കാവ്യാ മാധവനോ ആരോട് ഉപമിക്കണമെന്നറിയാതെ ഉഴലുന്ന കുട്ടന്‍ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി. അവിടെ മഴവില്‍കൂടാരം എന്ന പടത്തില്‍ സില്‍ക്ക് സ്‌മിതയെ കണ്ട് വായില്‍ നിന്ന് വെള്ള മൂറിയ ഇന്ദ്രന്‍സിനെപ്പോലെ ഇരിക്കുന്ന കൂട്ടുകാരെയാണ് കണ്ടത്. അപ്പോള്‍ അഭിമാനം തോന്നി കുട്ടന്. അല്‍പം അഹങ്കാരവും. ചായ കുടി സോറി വെള്ളം കുടി കഴിഞ്ഞു. മിക്‌സചറും കായവറുത്തതും തൊട്ടില്ല കുട്ടന്‍.
ഇനി പെണ്ണിനോട് സംസാരിക്കലാണ്. കുട്ടന് ആദ്യമേ കൂട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കക്കാരിയാണ് സൂക്ഷിച്ച് സംസാരിക്കണം. ഇടിക്കിടക്ക് ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിക്കുന്നത് അന്തസ്സാണ്. എസ് എസ് എല്‍സിക്ക് ഇംഗ്ലീഷ് ഫസ്റ്റിന് 20 മാര്‍ക്കും ഇംഗ്ലീഷ് സെക്കന്റിന് 17.5 മാര്‍ക്കും നേടി കഷ്ടിച്ച് രക്ഷപ്പെട്ടതാണ് കുട്ടന്‍. പ്രീഡിഗ്രിക്കും ഡിഗ്രിക്കും കുട്ടന്റെ സ്ഥിതി മെച്ചമല്ല. എങ്കിലും തൊലിക്കട്ടിയുടെ ബലത്തില്‍ ഏത് ഇംഗ്ലീഷുകാരനെയും മലര്‍ത്തിയിടിക്കാന്‍ കഴിയുമെന്ന് കുട്ടന് ആത്മവിശ്വാസമുണ്ട്.
കുട്ടി നില്‍ക്കുന്നു, മുമ്പില്‍ കുട്ടനും. `എന്താ പേര്?`
എടുത്തടിച്ചതുപോലെ മറുപടി: `ശ്രീലക്ഷ്‌മി`
`നല്ല പേര്, ഞാന്‍ ശ്രീ എന്നേ വിളിക്കൂ`
കുട്ടന്‍ പെണ്ണുകാണല്‍ അനുഭവത്തിന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു നമ്പര്‍ പുറത്തിറക്കി.
പ്രതികരണം അല്‍പം രൂക്ഷമായിരുന്നു. `പഞ്ചാരയൊന്നും വേണ്ട, എന്താണ് ചോദിക്കേണ്ടതെന്നു വെച്ചാല്‍ ചോദിക്ക്, എനിക്ക് പോണം`
കുട്ടന്‍ ഐസായി, അടുത്തെങ്ങും ആരുമില്ലാത്ത സമയത്ത് ടി ജി രവിയെ മുന്നില്‍ കണ്ട അംബികയെപ്പോലെ വിരണ്ടു. കുറച്ചു സമയത്തിന് ശേഷം കുട്ടന്‍ സമനില വീണ്ടെടുത്തു. `എന്റെ പേര് കുട്ടന്‍. ഞാന്‍ ഫാന്‍സി ഉല്‍പന്നങ്ങളുടെ ബിസിനസ് നടത്തുന്നു.` എല്ലാറ്റിനും ഉം ഉം എന്ന മൂളല്‍ മാത്രം.
കു്‌ട്ടന്‍ നിര്‍ത്തിയപ്പോള്‍ കഴിഞ്ഞോ എന്ന മട്ടില്‍ മുഖത്തേക്കൊരു നോട്ടം.
കുട്ടന്‍ തിരിഞ്ഞു നടന്നു. അതുവരെ കുട്ടിയുടെ അച്ഛനുമായി കത്തിയടിച്ച കൂട്ടുകാരും എഴുന്നേറ്റു. സാധാരണ പെണ്ണു കണ്ടു കഴിഞ്ഞാല്‍ വാതോരാതെ ചിലയ്‌ക്കുന്ന കുട്ടന്റെ നാവിനിതെന്തു പറ്റി, കൂട്ടുകാര്‍ക്ക് അങ്കലാപ്പ്. പെണ്ണുവീട്ടില്‍ നിന്നിറങ്ങിയ ശേഷം കൂട്ടുകാര്‍ പല തവണ ചോദിച്ചെങ്കിലും കുട്ടന്‍ സസ്‌പെന്‍സ് നിശ്ശബ്ദത ഭേദിച്ചില്ല. വണ്ടിയില്‍ കയറിയ ഉടന്‍ കുട്ടന്‍ പറഞ്ഞു. വോള്‍ഗാ ബാറിലേക്ക് വിട്. പെണ്ണുകാണല്‍ കഴിഞ്ഞാല്‍ കുട്ടനും കൂട്ടുകാര്‍ക്കും കുടി പതിവാണ്. എങ്കിലും കുട്ടന് എന്തോ സംഭവിച്ചതായി കൂ്‌ട്ടുകാര്‍ക്ക് തോന്നി. അവര്‍ ഒന്നും ചോദി്‌ച്ചില്ല. ബാറിലെത്തി ഒരു എം സി ഫുള്ളിന്റെ കഴുത്തു പൊട്ടിച്ച് ഗ്ലാസിലൊഴിച്ചു. രണ്ട് പെഗ്ഗ് അകത്തു ചെന്നപ്പോള്‍ കുട്ടന്‍ പറഞ്ഞു, ``ഞാന്‍ ഇനി പെണ്ണു കാണില്ല, കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ആ ---നെ മാത്രമേ കഴിക്കൂ.'' കുട്ടന്റെ ഭീഷ്‌മശപഥം കേട്ട കൂട്ടുകാര്‍ ഞെട്ടി. എന്താടാ സംഭവിച്ചത്. പിന്നീട് കുട്ടന്റെയൊരു പ്രസംഗമായിരുന്നു. അത് പത്തിലൊന്നായി സംഗ്രഹിച്ചാല്‍ ഇങ്ങനെയിരിക്കും.
ബാക്കി അടുത്ത പോസ്റ്റില്‍