കൃഷ്ണന് ലോപിച്ചാല്‍ കൃഷന്, ഉത്തേരേന്ത്യക്കാരുടെ ഭാഷയിലാണെങ്കില്‍ കിഷന്. എന്നാല്‍ കൃഷ്ണന് ലോപിച്ച് കിട്ടനാകുന്ന മാന്ത്രിക വിദ്യ ഞങ്ങള്‍ കടത്തനാട്ടുകാര്‍ക്ക് മാത്രം അറിയാവുന്നതാണ്.
ഒരു കാലത്ത് മലയാള നാട്ടില്‍ ഏറ്റവുമധിമുള്ള പേര് സാക്ഷാല്‍ ഭഗവാന്റെ പേരായ കൃഷ്ണനായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് വെറും കൃഷ്ണന് എന്ന് പേരിടുന്നത് കാണാറില്ല. ജയകൃഷ്ണന്, ഹരികൃഷ്ണന്, അഭയ് കൃഷ്ണന് തുടങ്ങി കൃഷ്ണന്റെ മുന്നില്‍ ഒരു താങ്ങ് കൊടുക്കുന്ന ഏര്‍പ്പാടാണ് ഇന്നുള്ളത്.
എന്റെ നാട്ടില്‍ ഇഷ്ടംപോലെ കൃഷ്ണന്മാരുണ്ട്, സോറി കിട്ടന്‍മാരുണ്ട്. ഇവരെ തിരിച്ചറിയാനായി പലവിധ ഇരട്ടപ്പേരുകള്‍ (നാട്ടുഭാഷ പ്രകാരം `എ' പേര് ഇട്ടാണ് വിളിക്കാറ്).
അവയില്‍ ചിലത്: ചളുമ്പി കിട്ടന്, കുണ്ടന്‍ കിട്ടന്, കീരിക്കിട്ടന്‍, ബാപ്പു കിട്ടന്, നീണ്ടിക്കിട്ടന്, പൂയിയിലെ കിട്ടന്.
ഇതില്‍ പൂയിയിലെ കിട്ടനെ നാട്ടിലെ ചില ചെറുപ്പക്കാര്‍ ഇപ്പോള്‍ കൃഷ്ണേട്ടാ എന്ന് വിളിക്കുന്നുണ്ട്, ദുബൈയില്‍ പോയി കണ്ടമാനം കാശുണ്ടാക്കി കാറുമായി വിലസുന്നയാളെ എങ്ങനെ കിട്ടന് എന്ന് വിളിക്കും എന്നാണ് അവരുടെ ചോദ്യം.
ഓരോ കിട്ടന്മാര്‍ക്കും ഇരട്ടപ്പേര് വന്നത് സ്വഭാവം, രൂപം, സ്ഥലം തുടങ്ങിയവ അടിസ്ഥാനമാക്കിയതാണ്. മുഖം ഒരു കീരിയുടേതിന് സമാനമായതിനാലാണ് കീരിക്കിട്ടന്‍ എന്ന പേര് ലഭിച്ചത്. (കീരിക്കിട്ടേട്ടന്‍ ഈ പോസ്റ്റ് കാണില്ലെന്ന വിശ്വാസത്തോടെ). തലയില്‍ കൂടം കൊണ്ട് അടികൊണ്ട് ശരീരം ചുരുങ്ങിപ്പോയതു പോലുള്ള രൂപമാണ് ചളുമ്പിക്കിട്ടന്. അല്പം പരിഷ്കരിച്ച് പറഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ ഷിഫ്റ്റ് ഞെക്കിപ്പിടിക്കാതെ വലിച്ചാല്‍ കിട്ടുന്ന രൂപം എന്നും പറയാം. ചളുങ്ങിക്കിട്ടന്‍ എന്നാണ് ശരിക്ക് വേണ്ടത്. എന്നാല്‍ നാട്ടുകാരിട്ടത് ചളുമ്പി എന്നാണ്.
നല്ല വെളുത്ത് തുടുത്ത് കോഴിക്കോട്ടങ്ങാടിയില്‍ കാണുന്ന കുണ്ടന്മാരുടെ ലുക്കാണ് കുണ്ടന്‍ കിട്ടന്. ഇപ്പോള്‍ വയസായിപ്പോയി. ബാപ്പു എന്നത് വീട്ടുപേരെ ഇരട്ടപ്പേരോ എന്ന് എനിക്കറിയില്ല. ബാപ്പു കിട്ടന് ഒരു ഏട്ടനുണ്ട്, ബാപ്പു ബാലന്. ബാപ്പു മാതു ഇവരുടെ അമ്മ. അച്ഛന് ആരാണെന്നോ പേര് ബാപ്പു ചേര്‍ത്തായിരുന്നോ എന്ന് എനിക്കും നാട്ടുകാര്‍ക്കും ഇന്നും അജ്ഞാതം. ഒരു ആറ് ആറരയടി പൊക്കമുള്ളതിനാലാണ് നീണ്ടിക്കിട്ടന് ആ പേര് ലഭിച്ചത്. കിട്ടേട്ടന്റെ വീട്ടിലുള്ളവരെയെല്ലാം നീണ്ടി ചേര്‍ത്താണ് വിളി. നീണ്ടി ചന്ദ്രന്, നീണ്ടി ശശി, നീണ്ടി കല്യാണി, നീണ്ടി സുര എന്നിങ്ങനെ.
ഈ നീണ്ടികളുടെ അടുത്ത ബന്ധുക്കളാണ് പൊന്തി കുടുംബം. പൊന്തി എന്ന് പറഞ്ഞാല്‍ പൊങ്ങച്ചക്കാരന്‍ എന്നര്‍ഥം. പൊന്തിക്കുഞ്ഞിരാമനാണ് ആ പേര് കുടുംബത്തിന് നേരിക്കൊടുത്തത്. ചീപ്പ് (മുടി ചീകുന്ന സാധനം) കണ്ടിട്ടു തന്നെയില്ലാത്ത കാലത്ത് പോക്കറ്റില്‍ ചീപ്പുമിട്ട് നടന്ന് പീടികയിലിരുന്ന് മുടിയില്‍ കുരുവിക്കൂട് തീര്‍ത്തവനാണ് കുഞ്ഞിരാമന്. അസൂയ കൊണ്ടാകാന്‍ ഉടന്‍ പേരു വീണു പൊന്തിക്കുഞ്ഞിരാമന്‍. ഇപ്പോള്‍ കുഞ്ഞിരാമേട്ടന് മരിച്ചിട്ടും ചീപ്പ് അവശ്യ വസ്തുവായിട്ടും പേര് മാഞ്ഞുപോയില്ല. കുഞ്ഞിമാരേട്ടന്റെ ഭാര്യ പൊന്തി ജാനു (കുറിയ രൂപമായതിനാല്‍ ചിലര്‍ കുറിയ ജാനു എന്നും വിളിക്കും), മകള്‍ പൊന്തിക്കമല, മകന് പൊന്തി ഷാജി. കടത്തനാടന്‍ പേരു മാഹാത്മ്യത്തെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. പക്ഷെ സമയമില്ല. ഇനിയൊരിക്കലാകട്ടെ.