Sunday, September 12, 2010
സ്വര്‍ണവര്‍ണമുള്ള പാട്ടുകള്‍
മലയാളിയാണെങ്കിലും സ്വര്‍ണലത ചുവടുറപ്പിച്ചത് തമിഴിലാണ്. എ ആര് റഹ്മാന്റെ തുടക്കകാലത്തെ ഹിറ്റുകള്‍ പലതും പിറന്നത് സ്വര്‍ണലതയുടെ ശബ്ദത്തിലായിരുന്നു. ഒരുകാലത്ത് തെന്നിന്ത്യന്‍ സംഗീതാസ്വാദകര്‍ പാടി നടന്ന കാതലനിലെ `മുക്കാല മുക്കാബല', ജെന്റില്‍മാനിലെ `ഉസിലാംപെട്ടി പെണ്‍കുട്ടി', ഇന്ത്യനിലെ `മായാ മച്ചീന്ദ്ര' തുടങ്ങിയ റഹ്മാന് ഗാനങ്ങള്‍ ലതയുടെ ശബ്ദത്തിലാണ് പുറത്തുവന്നത്. മിന്മിനിക്ക് ശേഷം റഹ്മാന് സംഗീതം നല്കിയ പാട്ടുകളിലൂടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ലതയാണ്.
പാലക്കാട് ചിറ്റൂരില്‍ ജനിച്ച ലതയും കുടുംബവും കര്‍ണാടകയിലെ ഷിമോഗയിലേക്ക് കുടിയേറി. ലത പഠിച്ചതും വളര്‍ന്നതുമെല്ലാം കര്‍ണാടകയിലാണ്. മൂന്നാം വയസില്‍ സഹോദരി സരോജയുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിക്കാന്‍ തുടങ്ങി. ലതയെ പിന്നണി ഗായികയാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബം ചെന്നൈയിലേക്ക് വണ്ടി കയറി. പ്രശസ്ത സംഗീത സംവിധായകനും നാട്ടുകാരനുമായ എംഎസ് വിശ്വനാഥനാണ് സിനിമാസംഗീത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. `നീതിക്കു ദണ്ഡൈനൈ' എന്ന ചിത്രത്തില്‍ `ചിന്നഞ്ചിറു കിളിയേ കണ്ണമ്മ' എന്ന പാട്ട് യേശുദാസിനൊപ്പം പാടിക്കൊണ്ട് അരങ്ങേറി.
ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയതോടെ ലത തമിഴിലെ തിരക്കേറിയ ഗായികയായി. ചിന്നത്തമ്പി, ദളപതിയിലെ `രാക്കമ്മ കൈയ്യേത്തട്ട്' എന്‍ രാസാവിന് മനസിനിലെ `കുയില്‍പാട്ട സന്തതെന്ന', ചിന്നവറിലെ `കാലൈയില് കേട്ടത്' തുടങ്ങിയവ ഇളയരാജ-സ്വര്‍ണലത കൂട്ടുകെട്ടിലെ ഹിറ്റുകളായിരുന്നു.
മാതൃഭാഷയായ മലയാളത്തില്‍ ലതയുടെ സംഭാവന തുച്ഛമാണ്. തമിഴിലെ തിരക്കാണ് മലയാളത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയതിന് പ്രധാന കാരണം. കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തിലാണ് മലയാളത്തില്‍ ആദ്യമായി പാടിയത്. ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തില്‍. തെങ്കാശിപ്പട്ടണത്തിലെ `കടമിഴിയില്‍ കമലദളം', വര്‍ണപ്പകിട്ടിലെ `മാണിക്യക്കല്ലായി മേഞ്ഞുമെനഞ്ഞു', പഞ്ചാബി ഹൗസിലെ `ബല്ലാ ബല്ലാ ബല്ലാ ഹേ', രാവണപ്രഭുവിലെ `പൊട്ടുകുത്തെടീ പുടവചുറ്റടീ', നമ്മളിലെ `കാത്തുകാത്തൊരു മഴയത്ത്' തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചത് ലതയാണ്. സാദരം, മിന്നാമിനുങ്ങിനും മിന്നുകെട്ട്, തച്ചോളി വര്‍ഗീസ് ചേകവര്‍, കാട്ടിലെ തടി തേവരുടെ ആന, പുന്നാരം, ഏഴരക്കൂട്ടം, ഹൈവേ തുടങ്ങിയ ചിത്രങ്ങളിലും ലതയുടെ സ്വരം മലയാളത്തില്‍ കേട്ടു. മോഹം എന്ന ആല്‍ബത്തിലെ `കുടജാദ്രിയില്‍ കുടചൂടുമീ' എന്ന പ്രണയഗാനമാണ് സ്വര്‍ണലതയുടെ മലയാളിക്കുള്ള അവസാന സമ്മാനം.
എസ് ജാനകിക്ക് ശേഷം ഇത്രയധികം സ്വരശുദ്ധിയുള്ള മറ്റൊരു ഗായികയെ ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തിന് ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണ്. ദക്ഷിണേന്ത്യക്ക് എന്നുമോര്‍ക്കാനും ഏറ്റുപാടാനും ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ചാണ് അകാലത്തില്‍ ആ നാദം നിലച്ചത്.
Thursday, August 19, 2010
ഈ ഭ്രാന്തന്മാരെ ചങ്ങലയ്ക്കിടണം

കാസര്‍ക്കോട്ടെ വിദ്യാനഗര്‍ സ്വദേശിയായ 22കാരി റയാന ആര് ഖാസി മലയാളി മനസ്സാക്ഷിക്കു മുമ്പില്‍ ഉയര്‍ത്തുന്നത് വലിയൊരു ചോദ്യമാണ്. ഒരാള്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാന്‍ പോലും ഇവിടെ സ്വാതന്ത്ര്യം ഇല്ലേ? പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ റയാനയ്ക്കെതിരെ ചില മതസംഘടനകള്‍ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നു. മതമൗലികവാദികളുടെ കടുത്ത എതിര്‍പ്പിനെ നിയമത്തിന്റെ ബലത്തില്‍ മറികടന്ന് ഇഷ്ടവസ്ത്രം ധരിക്കാന്‍ അവകാശം നേടിയെടുത്ത റയാന ഇപ്പോള്‍ സ്വന്തം ജീവന് രക്ഷിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ കൈവെട്ടി, ഇപ്പോള്‍ പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നു. ഇത് കേരളം തന്നെയാണോ? നാഴികയ്ക്ക് നാല്പതുവട്ടം മതനിരപേക്ഷയുടെയും സ്വാതന്ത്രത്തിന്റെയും പറുദീസയെന്ന് മേനിനടിക്കുന്ന മലയാളക്കരയില്‍ തന്നെയാണോ ഇതൊക്കെ നടക്കുന്നത്.
കുറച്ചുകാലം മുമ്പ് ഫ്രാന്‍സ് പര്‍ദ നിരോധിച്ചപ്പോള്‍ കേരളത്തിലെ ചില മതഭ്രാന്തന്മാര്ക്ക് ഹാലിളകിയിരുന്നു. അന്ന് അവര്‍ പറഞ്ഞിരുന്ന ന്യായം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഹനിക്കുന്നതെന്നാണ്. ഇപ്പോള്‍ അതേ സ്വാതന്ത്ര്യം റയാനയ്ക്ക് നിഷേധിക്കുന്നതും ഇതേ സംഘടനകള്‍ തന്നെയാണ്. എന്തൊരു വിരോധാഭാസമാണിത്. ആഗസ്ത് 26ന് വധിക്കുമെന്നാണ് റയാനയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കത്തിലൂടെയും ഫോണിലൂടെയും ഭീഷണിയുണ്ട്. ഹൈക്കോടതിയില്‍ നല്കിയ പരാതി പ്രകാരം റയാനയ്ക്ക് പോലീസ് സംരക്ഷണം നല്‍കിയിരിക്കുകയാണ്. എന്ത് വന്നാലും വര്‍ഗീയ ഭ്രാന്തന്മാര്ക്ക് കീഴടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് റയാന. സഹോദരീ, നിന്നോടൊപ്പം മതേതര വാദികളായ മുഴുവന്‍ മലയാളികളുമുണ്ട്. ധൈര്യമായി മുന്നോട്ടുപോവുക. കേരളത്തില്‍ താലിബാനിസം നടപ്പാക്കാന്‍ പരിശ്രമിക്കുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ വേണ്ടി എല്ലാ മലയാളികളും ഒരുമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ഭ്രാന്തന്മാരെ പൂട്ടാനുളള ചങ്ങലയുണ്ടാക്കാന്‍ കേരളത്തിലെ മുഴുവന്‍ സമൂഹവും ഒന്നിക്കണം, ജാതിമത ഭേദമന്യേ.
ഒരു ചിന്ന അനുഭവം: ഒരു മുസ്ലിം സംഘടന നടത്തുന്ന സ്ഥാപനത്തില്‍ കുറച്ചുകാലം ജോലി ചെയ്യാന്‍ ഈയുള്ളവന് അവസരം ലഭിച്ചിരുന്നു. സ്ഥാപനത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് കുടുംബമേള സംഘടിപ്പിച്ചു. കുടുംബങ്ങള്‍ തമ്മില്‍ അടുത്തറിയാനും പരസ്പരം മനസിലാക്കാനുമാണ് മേള നടത്തിയത്. എന്നാല്‍ മേളയ്ക്കെത്തിയ സ്ത്രീകളെ ഒരു മുറിയില്‍ പ്രത്യേകം ഇരുത്തി. ആണുങ്ങള്‍ക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ല. ഭക്ഷണവും വെവ്വേറെ. പിന്നെങ്ങനെ, പരിചയപ്പെടും. തികച്ചും പരിഹാസ്യമായാണ് ആ സംഭവം എനിക്ക് അനുഭവപ്പെട്ടത്. അതിന് ശേഷം ഒരു കുടുംബമേളയ്ക്ക് പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. സ്ത്രീകള്‍ ഇങ്ങനെ പൊതിഞ്ഞുസൂക്ഷിക്കപ്പെടേണ്ട സാധനമാണോ?
Tuesday, August 17, 2010
ഒരു വീണപൂവിന്റെ കഥ

Tuesday, July 13, 2010
അവള് വരും ആ അഗ്നിപുത്രി

Wednesday, July 7, 2010
പാഴ്മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി
72 വയസ് തികഞ്ഞ മഹാനായ സംഗീതജ്ഞന് എന്റെ പ്രണാമം
Tuesday, June 29, 2010
തിരുവനന്തപുരത്തെ പെണ്ണുങ്ങള് ഭയങ്കര പ്രൊഫഷണലുകളാ
രണ്ട് വര്‍ഷം മുമ്പ് വര്‍ഷം മുമ്പ് നാല് മാസം വര്‍ക്ക് ചെയ്തപ്പോള്‍ കിട്ടാത്ത ഒരിതാണ് അടുത്തകാലത്ത് ട്രാന്‍സ്ഫറായി വന്നപ്പോള്‍ തിരുവന്തപുരം എനിക്ക് തന്നത്. അവരുടെ സാമ്പാറിനെയും ഭാഷയെയും പെരുമാറ്റത്തെയും രസവടയെയും കുറിച്ചുള്ള കുറ്റംപറച്ചിലുകള്‍ ഞാന്‍ നിര്‍ത്തി. ഓരോ തിരുവനന്തപുരത്തുകാരനെയും കാണുമ്പോള്‍ വെളുക്കെ ചിരിച്ചു. പരിചയമില്ലാത്തവരോടുപോലും എന്താ ഏട്ടാ എന്ന എന്റെ മാതൃഭാഷയെ കൈവിട്ട് എന്തര് അണ്ണാ എന്ന് പ്രയാസപ്പെട്ട് ലോഗ്യം ചെയ്തു. എല്ലാറ്റിനും കാരണം അവളായിരുന്നു. വെളുത്ത് മെലിഞ്ഞ സുന്ദരി. ഫൈ സ്റ്റാര്‍ സെറ്റപ്പിലുള്ള ചായപ്പീടിക സോറി റസ്റ്റോറന്റിലെ അക്കൗണ്ടന്റ്. പഠനം കഴിഞ്ഞാല്‍ മനോരമയും വായിച്ച് സീരിയലും കണ്ട് കുതിരപ്പുറത്തേറി വരുന്ന മണിമാരനെയും കണ്ട് സ്വപ്നം കണ്ടിരിക്കുന്ന ടൈപ്പല്ല തിരുവനന്തപുരത്തെ പെണ്‍കുട്ടികള്‍. (അതൊക്കെ നമ്മുടെ വടക്കന്‍ പെണ്‍കൊടികള്‍). എന്തെങ്കിലും ഒരു പണി അവര്‍ ഒപ്പിച്ചിരിക്കും. ഐ മീന്‍ കണക്കെഴുത്തോ സെയില്‍സ് ഗേളോ ആയി ചില്ലറ തടയുന്ന എന്തെങ്കിലും ഒരു പണി. അങ്ങനെ ബിരുദവും അക്കൗണ്ടന്‍സിയും കഴിഞ്ഞാണ് എന്നെ തിരുവനന്തപുരത്തെ അല്‍പ്പകാലത്തേങ്കിലും സ്നേഹിക്കാന്‍ പഠിപ്പിച്ച അവളും കണക്കെഴുത്തിനെത്തിയത്. കല്യാണം കഴിയുന്നതുവരെ ഒരു നേരമ്പോക്ക്, ചുരിദാറും മാലയും വളയും വാങ്ങാനുള്ള ഒരു വരുമാനം. അത്രയേ അവള് ജോലി കൊണ്ടു ഉദ്ദേശിച്ചുള്ളൂ. കണ്ടപാടെ എനിക്കങ്ങ് പിടിച്ചു അവളെ. വീട്ടില്‍ തിരക്കിട്ട് ആലോചനകള്‍ നടക്കുന്ന സമയമാണ്. ഓരോ ഒഴിവുകഴിവ് പറഞ്ഞ് ഞാന്‍ വഴുതിമാറിക്കൊണ്ടിരുന്നു. ഊണിന് മാത്രം പീടികയെ ആശ്രയിച്ചിരുന്ന ഞാന്‍ ചായയും അവിടെ നിന്നാക്കി. ഓഫീസില്‍ വന്ന ഉടനെ ഒരു ചായ, ഒരു പത്ത് പത്തരയാകുമ്പോള്‍ വീണ്ടും ചായ, വൈകുന്നേരം മൂന്ന് മൂന്നര മണിയാകുമ്പോള്‍ ചായ, ആറ് മണിക്ക് അവള് പോകുന്നതിന് മുമ്പ് വീണ്ടും ചായ... (ഒരു ചായക്ക് ആറു രൂപയാണേ)... കാണുമ്പോള്‍ നിറഞ്ഞ ചിരി. ഒറ്റയ്ക്കും തെറ്റയ്ക്കും പേരെന്ത്? വീട്ടില്‍ ആരൊക്കെയുണ്ട്? ഏതുവരെ പഠിച്ചു തുടങ്ങി ലോകത്തെ എല്ലാ വായ്നോക്കികളും അലക്കിവെളുപ്പിച്ച സ്ഥിരം നമ്പറുകള്‍. ഒരു ദിവസം നമ്പര്‍ ചോദിച്ചു, തന്നു. ഒരു സന്ധ്യയ്ക്ക് ഞാനങ്ങ് വിളിച്ചു, അല്‍പ്പം അകത്തുള്ളതു കൊണ്ട് കാര്യം തുറന്നങ്ങ് പറഞ്ഞു, കൊച്ചുസുന്ദരീ നിന്നെ ഞാന്‍ കെട്ടിക്കോട്ടെ?മറുവശത്ത് അല്‍പ്പനേരം നിശ്ശബ്ദത പിന്നെ, നിനക്ക് അവിടെയെത്രയാ ശമ്പളം?ആണുങ്ങള് ശമ്പളം പറയരുതെന്നാണ് വെപ്പ്. എങ്കിലും പറഞ്ഞു. കെട്ടാന്‍ പോകുന്ന പെണ്ണല്ലേ, എന്നായാലും അറിയേണ്ടതല്ലേ. ഏതാ ജാതി??ജാതി ചോദിക്കരുത് പറയരുത്,? ശ്രീനാരായണ ഗുരുവിന്റെ മഹദ്വചനങ്ങള്‍ ഉരുവിട്ട് അവളെ പാട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും വീണില്ല. അച്ഛന് ജാതി നിര്‍ബന്ധമാണ്.എനിക്കവളെ കിട്ടേണ്ടേ, പിന്നെന്ത് ഗുരു?ഞാന്‍ ജാതി പറഞ്ഞു. അവള് രണ്ടടി പിന്നോട്ടുമാറി. എന്നിട്ട് പറഞ്ഞു, വീട്ടില്‍ ചോദിച്ചുനോക്കട്ടെവീട്ടില്‍ ചോദിച്ചുവെന്നാണ് അവള് പറയുന്നത്. സമ്മതിച്ചില്ല പോലും. പല അടവുകളും പയറ്റി. പൊന്നുപോലെ നോക്കും, എന്റെ വീട് നിനക്ക് സ്വര്‍ഗമായിരിക്കും എന്നൊക്കെയുള്ള സ്ഥിരം കാമുക ഡയലോഗുകള്‍. അതിനൊന്നും ജാതിയെ മറികടക്കാന്‍ മാത്രം ശക്തിയുണ്ടായിരുന്നില്ല. അട്ടക്കുളങ്ങരയില്‍ നിന്ന് മൂന്ന് അതോ മൂന്നരയോ വീശി ഫോണില്‍ എന്റെ സുഹൃത്തിനോട് ജാതിയുണ്ടാക്കിയവനെ എന്റെ കൈയില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലുമെന്ന് ആക്രോശിച്ചു. അവന് ചിരി. ആദ്യമായി ആശിച്ച പെണ്ണ് കൈവിട്ടുപോകുന്നതിന്റെ വേദന കെട്ട്യോളും കുട്ടിയുമുളള അവനുണ്ടോ അറിയുന്നു. സ്വപ്നങ്ങളില്‍ അവള് മാത്രം. പാതിരാത്രിയില്‍ വരെ ഫോണ്‍ വിളിച്ചു. ഗത്യന്തരമില്ലാതെ അവള് ഓഫാക്കി. പിറ്റേന്ന് കാണുമ്പോള്‍ വീണ്ടും കെഞ്ചിനോക്കി, രക്ഷയില്ല. ജാതി കടുകട്ടിയായി മുന്നില്‍ നില്‍ക്കുകയാണ്. തിരോന്തപുരത്തുകാര്‍ക്ക്് ജാതി മസ്റ്റാണ്. പ്രേമിക്കുന്നതു പോലും ജാതി നോക്കിയാണത്രേ!. പിന്നെ പണവും. എന്നെ ഉദ്ബോധിപ്പിച്ചത് ഒരു തിരോന്തരം പ്രൊഡക്ട് തന്നെ. എന്നെപ്പോലെ കല്യാണവിപ്ലവം നടത്താന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ക്ക് ഇവിടെ സ്കോപ്പില്ല. കേരളത്തില്‍ വേറെ എത്ര നാടുകളുണ്ട് അവിടെ ചെന്ന് നോക്കൂ, മുന്നില്‍ കാണുന്ന ഓരോ തിരുവനന്തപുരത്തുകാരനും കാരിയും എന്നെ നോക്കി പറയുന്നതുപോലെ തോന്നുന്നു. തിരുവനന്തപുരത്തെ ഊണ് വകയ്ക്ക് കൊള്ളില്ല. എന്റെ നാട്ടില്‍ കാടി വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ പശു പോലും തിന്നില്ല അവരുടെ ചോറും സമ്പാറും. മനുഷ്യപ്പറ്റില്ലാത്ത ജനങ്ങള്‍..വീണ്ടും ഞാന്‍ തിരുവനന്തപുരത്തിന്റെ മുഖ്യശത്രുവായി. ഹതാശനായ കാമുകനായി ഞാന്‍.........ഇപ്പോള്‍ അവള്‍ക്കൊരു ആലോചന വന്നു, എന്‍ജിനീയറാണെന്ന് പോലും. അവനെ കെട്ടാന്‍ അവള് തീരുമാനിച്ചു, കല്യാണം ഉറപ്പിക്കല്‍ ചടങ്ങ് മാത്രം ബാക്കി. അവസാന ശ്രമം എന്ന നിലയില്‍ വീണ്ടും മുട്ടിനോക്കി. നിന്നെ പരുശുറാം എക്പ്രസ് എന്ന പുഷ്പക വിമാനത്തിലേറ്റിക്കൊണ്ടുപോകുന്ന രാവണനാകാനും ഞാന്‍ തയ്യാര്‍. പക്ഷേ നാട്ടിലെത്തിയാല്‍ ഞാന്‍ രാമനായിരിക്കും. നോ രക്ഷ, അവസാനം ഒരു വാചകവും, സകല പെണ്‍കുട്ടികളും ശല്യക്കാരായ അകാമുകരെ ഒഴിവാക്കാന്‍ പറയുന്ന അതേ ക്ലീഷേ ഡയലോഗ്, ?നിന്നെ ഞാന്‍ സഹോദരനെപ്പോലെയാണ് കാണുന്നത്,? ഡും. എല്ലാ അവിടെ അവസാനിച്ചു. അതാണ് പറഞ്ഞത്, തിരുവനന്തപുരത്തെ പെണ്ണുങ്ങള് ഭയങ്കര പ്രൊഫഷണലുകളാ